Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അല്ലിയാമ്പൽ കടവിലെ ഓണപ്പൂവ്

ajay-joseph-job-master

‘ഞങ്ങൾ സംഗീതവഴിയിലേക്ക് വരുന്നതിൽ ഡാഡിക്കു വലിയ താത്പര്യം ഇല്ലായിരുന്നു. പാട്ടുമായി നടന്ന് അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകൾ മക്കൾ അനുഭവിക്കരുത് എന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ, വീട്ടിലിരുത്തി ഹാർമോണിയവും ഗിറ്റാറും കുറച്ചൊക്കെ പഠിപ്പിച്ചതിനപ്പുറം ഞങ്ങളെ ഗൗരവമായി സംഗീതം അഭ്യസിപ്പിച്ചില്ല. സംഗീത സംബന്ധമായ ചർച്ചകളും വീട്ടിൽ കുറവായിരുന്നു. നൂറുകണക്കിന് ഈണങ്ങൾ സൃഷ്ടിച്ചിരുന്ന കാലത്തും കുടുംബം പുലർത്താനായി ഡാഡിക്കു മറ്റു ജോലികൾക്കു പോകേണ്ടി വന്നിരുന്നു.’ അജയ് പറയുന്നു. 

‘തിരുവോണ തെന്നൽ’ എന്ന തന്റെ പ്രഥമ ഓണപ്പാട്ടുകളുമായി ജോബ് മാസ്റ്ററുടെ മകൻ ഈ ഓണക്കാലത്തെ സംഗീതവിശേഷമാവുകയാണ്.

‘മരിച്ചുകഴിഞ്ഞാണ് ശരിക്കും ഡാഡിയുടെ വില മനസ്സിലാക്കിയത്. അനുസ്മരണ സമ്മേളനങ്ങൾ, അദ്ദേഹത്തിന്റെ പാട്ടുകൾ മാത്രമായി ഗാനമേളകൾ, ചെല്ലുന്നിടത്തെല്ലാം ‘ജോബ് മാസ്റ്ററുടെ മകൻ’ എന്ന പ്രത്യേക പരിഗണന....’ ധനത്തെക്കാൾ എത്രയോ വലുതാണ് യശസ്സെന്ന് അജയ് തിരിച്ചറിയുന്നത് അക്കാലത്താണ്. 

‘അപ്പന്റെ കഴിവൊന്നും കിട്ടിയില്ലേ മോനേ?’ എന്ന് അക്കാലത്ത് ചിലർ ചോദിക്കുമായിരുന്നു. ‘അപ്പന്റെയല്ല, അപ്പൂപ്പന്റെയാണ് എനിക്കു കിട്ടിയത്.’ എന്ന് അജയ് മറുപടി പറയും. അപ്പൂപ്പൻ കൽപണിക്കാരനായിരുന്നു. അജയ് കെട്ടിടം പണിയുടെ കോൺട്രാക്ടറും. 

നാട്ടുകാരോട് അങ്ങനെ മറുപടി പറഞ്ഞെങ്കിലും ഉള്ളിൽ സംഗീതം തിരയടിക്കുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ്, ജോബ് മാസ്റ്ററുടെ വേർപാടിന്റെ പത്താം വാർഷികത്തിൽ ഗംഭീരമായ സംഗീതസന്ധ്യ നടത്താൻ കൊച്ചിയുടെ കലാകേന്ദ്രമായ ‘സിഎസി’ തീരുമാനിക്കുന്നത്. 

2013 ഒക്ടോബർ ആറിന് ദർബാർഹാൾ ഗ്രൗണ്ടിലായിരുന്നു പരിപാടി. ഒരുമാസത്തോളം നീണ്ട സംഗീത നിർഭരമായ റിഹേഴ്സൽ. അതിനു ചുക്കാൻ പിടിച്ച സംഗീതസംവിധായകൻ രാജാമണിയെ ഒരു ദിവസം രാത്രി മട്ടാഞ്ചേരിയിലെ ഒരു കൂട്ടായ്മയിൽ കൊണ്ടുചെന്നാക്കാൻ പോയതായിരുന്നു അജയ്. ‘ഈ സ്വാമിയെ ഒന്ന് കലൂര് വിട്ടേക്ക് ’ എന്നു പറഞ്ഞു ഗാനരചയിതാവ് ശശീന്ദ്രൻ പയ്യോളിയെ അജയിന്റെ കാറിൽ രാജാമണി യാത്രയാക്കി. മടക്കയാത്രയിൽ അജയ് പറഞ്ഞു. ‘സ്വാമി ഞാൻ ജോബ് മാഷിന്റെ മകനാണ്. എനിക്ക് ഈണമിടാനായി സ്വാമി കളയാൻ വച്ചിരിക്കുന്ന ഒരു കവിത തരാമോ?’ സ്വാമി പറഞ്ഞു. ‘ജോബ് മാസ്റ്ററുടെ മകന് ഈണമിടാനായി ഞാൻ എന്റെ ഏറ്റവും നല്ല കവിത തരും.’ തന്റെ ഫയലിൽ തിരഞ്ഞ് ഒരു കടലാസെടുത്ത് അജയിനു സ്വാമി കൊടുത്തു.

‘കൈതപ്പൂ നിറമുള്ള കുളിരെന്റെ ഹൃദയത്തിൽ

കാമിനീ നിൻരൂപം വരച്ചിടുമ്പോൾ

കനവിന്റെ മഷിയിട്ട മിഴികളിലിപ്പോഴും

കാണുന്നൂ ഞാനെന്റെ ബാഹ്യരൂപം...’

എന്നു തുടങ്ങുന്ന കവിത. ഏതാനും ദിവസം കഴിഞ്ഞ് പ്രസിദ്ധ ഗായകനും സുഹൃത്തുമായ കെസ്റ്ററെ സിഎസിയിൽ കണ്ടപ്പോൾ അജയ് ഈ കവിത പാടിക്കേൾപ്പിച്ചു. ‘നന്നായിരിക്കുന്നു, മുന്നോട്ടുപോകാം...’ കെസ്റ്ററുടെ ഈ വാക്കുകളായിരുന്നു സർട്ടിഫിക്കറ്റ്. പിന്നീട് കൈയിൽ കിട്ടിയ പല കവിതകളും ഈണമിട്ടു നോക്കി. യാത്രകളിലൊക്കെ ഈണങ്ങൾ മനസ്സിൽ പിറക്കാൻ തുടങ്ങി. സ്വാമിയിൽനിന്നു തന്നെ കുടുതൽ കവിതകൾ വാങ്ങി പരീക്ഷണം തുടർന്നു. ചിലതൊക്കെ യൂട്യൂബിൽ‍ ഇട്ടപ്പോൾ നല്ല പ്രതികരണം. 

‘ഇങ്ങനെ പോരാ, ഒരു ആൽബമായാലേ സംഗീതാസ്വാദകർ ഗൗരവമായി പരിഗണിക്കൂ’ എന്ന നിർദേശം വച്ചത് സുഹൃത്തും കെസിവൈഎം മുൻ സംസ്ഥാന പ്രസിഡന്റുമായ ജയിംസ് അഗസ്റ്റിനാണ്. ‘അല്ലിയാമ്പൽ കടവിൽ...’ തുടങ്ങിയ പ്രശസ്ത സിനിമാഗാനങ്ങളുടെ സ്രഷ്ടാവാണെങ്കിലും ജോബ് മാസ്റ്റർ തന്റെ ജീവിതം സമർപ്പിച്ചത് ഭക്തിഗാനങ്ങളിലായിരുന്നു. അതുകൊണ്ട് തന്റെയും ആരംഭം അവിടെനിന്നാകട്ടെ എന്ന് അജയ് തീരുമാനിച്ചു. അങ്ങനെയാണ് കഴിഞ്ഞ ക്രിസ്മസിന് ‘പ്രകാശം’ എന്ന ആൽബം അജയ് പുറത്തിറക്കിയത്. തുടക്കക്കാരന്റെ പോരായ്മകൾ പരിഹരിച്ചുകൊടുക്കാൻ പിതാവിന്റെ സുഹൃത്തും ദക്ഷിണേന്ത്യയിലെ പ്രമുഖ സംഗീതജ്ഞനുമായ റെക്സ് ഐസക്സ് മുന്നോട്ടു വന്നു. മൂന്നു ഗാനങ്ങളുടെ ഓർക്കസ്ട്രേഷൻ അദ്ദേഹം ചെയ്തുകൊടുത്തു. ‘റെക്സ് മാസ്റ്ററുടെ സഹായം കിട്ടിയത് വലിയ അനുഗ്രഹവും ആത്മവിശ്വാസവുമായി’ അജയ് കൃതജ്ഞതാപൂർവം സ്മരിക്കുന്നു.

തുടർന്നാണ് താൻ അതുവരെ സംഗീതം ചെയ്തുവച്ചിരുന്ന ഗാനങ്ങളും ഓണപ്പാട്ടുകളും ചേർത്ത് ‘തിരുവോണ തെന്നൽ’ എന്ന ഇപ്പോഴിറങ്ങിയ ആൽബത്തിന്റെ ജോലി ആരംഭിച്ചത്.

എം.ജി.ശ്രീകുമാർ, വേണുഗോപാൽ, ഉണ്ണി മേനോൻ, വിജയ് യേശുദാസ്, കെസ്റ്റർ, മധു ബാലകൃഷ്ണൻ, രാജലക്ഷ്മി, എലിസബത്ത് രാജു, നജീം അർഷാദ്, ദുർഗ വിശ്വനാഥ്, ഗാഗുൽ ജോസഫ്, രമേശ് മുരളി, രൂപ രേവതി തുടങ്ങിയ ഒന്നാംകിട ഗായകരെ ആൽ‌ബത്തിൽ അണിനിരത്താൻ അജയിനു കഴിഞ്ഞു. ആദ്യമായി സംഗീതം ചെയ്യാനായി നൽകിയ കവിത അടക്കം നാല് പാട്ട് ശശീന്ദ്രൻ പയ്യോളിയുടേത്.

‘ഡാഡിയുടെ വില ഞാൻ വീണ്ടും അറിഞ്ഞ കാലമായിരുന്നു ഈ ആൽബത്തിന്റെ സൃഷ്ടി. ജോബ് മാസ്റ്ററുടെ മകനാണെന്നറിഞ്ഞപ്പോൾ ഇവരെല്ലാം എന്നോടു സഹകരിക്കാൻ വലിയ താത്പര്യം കാണിച്ചു.’ അജയ് പറയുന്നു.

ക്രിസ്തുവിന്റെ വളർത്തുപിതാവ് യൗസേപ്പ് എന്ന തച്ചൻ ജനിച്ച മാർച്ച് 19 ആണ് അജയിന്റെ ജന്മദിനം. അതുകൊണ്ടാണ് മകന് ‘അജയ് ജോസഫ്’ എന്നു  ജോബ് മാസ്റ്റർ പേരിട്ടത്. ഈണങ്ങളുടെ പെരുന്തച്ചനായി അജയ് മാറുമോ എന്നു കാണാൻ കാലം കാത്തിരിക്കുന്നു.

Your Rating: