അമ്മാ എൻറഴയ്ക്കാതെ ഉയിരില്ലയേ

ഒരു സിനിമാപ്പാട്ട് ഒരു ക്ഷേത്രത്തിൽ ആരാധനയുടെ ഭാഗമാവുക. അതു കല്ലിൽ കൊത്തിവച്ചു പൂജിക്കുക... ഇതു മലയാളികൾക്കു കേട്ടുകേൾവിപോലുമില്ലാത്ത കാര്യങ്ങൾ. പക്ഷേ, തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി വരെ പോയാൽ ഈ യാഥാർഥ്യം കാണാനാവും. പൂജിക്കപ്പെടുന്ന ആ ഗാനം ഏതെന്നോ? പി. വാസുവിന്റെ സംവിധാനത്തിൽ രജനീകാന്ത് നായകനായ മന്നൻ എന്ന ചിത്രത്തിലെ

‘അമ്മാ എൻറഴയ്ക്കാതെ ഉയിരില്ലയേ

അമ്മാവേ വണങ്കാതെ ഉയർവില്ലയേ

നേരിൽനിൻറ് പേശും ദൈവം

പെറ്റ തായൻറി വേറൊൻറ് യേത്..’

(അമ്മേ എന്നു വിളിച്ചു കരയാത്ത ജീവനില്ല. അമ്മയെ വണങ്ങാതെ ഉയർച്ചയുമില്ല. നേരിട്ടു സംസാരിക്കുന്ന ഏകദൈവം മാതാവല്ലാതെ മറ്റാര്) ദക്ഷിണേന്ത്യയിലെ ഏറ്റവും ഹിറ്റായ മാതൃസ്തുതിഗാനം. തമിഴ് ജനതയെ അത്ര ആഴത്തിൽ സ്പർശിച്ചതുകൊണ്ടാണ് ഇതു ക്ഷേത്രാരാധനയുടെ പോലും ഭാഗമായത്. കല്ലുകൊണ്ടു ഹൃദയമുള്ളവർപോലും ഒരുവേള കണ്ണീരണിഞ്ഞുപോകുന്ന ഗാനവും ഗാനരംഗവും. ഈ തമിഴ്ഗാനം പാടി ഉജ്വലമാക്കിയത് സാക്ഷാൽ യേശുദാസ്! ഒരുപക്ഷേ, യേശുദാസിന്റെ ഏറ്റവും വലിയ തമിഴ് ഹിറ്റ്.

താൻ സംഗീതം നൽകിയ ഗാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടവയുടെ പട്ടികയിലാണ് ഇളയരാജ ഈ ഗാനം അടയാളപ്പെടുത്തിയിരിക്കുന്നത്. എല്ലാം ഒന്നിനൊന്നു മെച്ചം. എങ്കിലും, ഒരംശം മാത്രം അൽപം മുന്നോട്ടു നിൽക്കുന്നു. അതാണു ഗാനരചന. മറ്റാരുമല്ല, മികച്ച ഗാനരചയിതാവിന് അഞ്ചുവർഷം തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം നേടിയ വാലി (ടി.എസ്. രംഗരാജൻ) തന്നെ. ഇത് യേശുദാസിന്റെയും ഇളയരാജയുടെയുമല്ല, വാലിയുടെ പാട്ടാണ്. കാരണം, യേശുദാസിന്റെ ആലാപനത്തെക്കാൾ, ഇളയരാജയുടെ സംഗീതത്തെക്കാൾ നമ്മുടെ കരളുലയ്ക്കുന്നത് വാലിയുടെ വരികളാണ്.

‘പശുംതങ്കം പുതുവെള്ളി മാണിക്കം മണിവൈരം

അവയാകും ഒരു തായ്ക്ക് ഇടാകുമാ

വിലൈമീത് വിലൈവയ്ത്ത് കേട്ടാലും

കൊടുത്താലും

കടൈ തന്നിൽ തായൻപ് കിടയ്ക്കാതമ്മാ

ഈരൈന്ത് മാതങ്കൾ കരുവോട് എനൈതാങ്കി

നീ പട്ട പെരുംപാട് അറിവേനമ്മാ

ഈരേഴ് ജന്മങ്കൾ എടുത്താലും ഉഴൈത്താലും

ഉനക്കിങ്ക് നാൻപെട്ട കടംതീരുമാ...’

തുടങ്ങിയ വരികൾ മാതൃത്വത്തിന്റെ മഹനീയത അതിന്റെ പരമാവധിയിൽ വിനിമയം ചെയ്യുന്നു. ബന്ധങ്ങൾക്കു ‘പ്രയോജനം’ മാത്രം മാനദണ്ഡമാവുന്ന ഇക്കാലത്ത് ഈ വരികളുടെ പ്രസക്തി വർധിക്കുകയും ചെയ്യുന്നു. കുറഞ്ഞപക്ഷം മാതൃദിനങ്ങളിലെങ്കിലും കുറ്റബോധത്തോടെ ഓർക്കാൻ... അഞ്ചുപതിറ്റാണ്ടാണ് വാലിയുടെ തൂലികയ്ക്കൊപ്പം തമിഴർ കരഞ്ഞതും ചിരിച്ചതും ചിന്തിച്ചതും. എംജിആർ മുതൽ ധനുഷ് വരെയുള്ള നായകന്മാർ. ‘നാൻ ആണയിട്ടാൽ അതു നടന്തുവിട്ടാൽ...’ തുടങ്ങി എംജിആറിനെ സൂപ്പർ സ്റ്റാറാക്കിയ എത്രയോ ഗാനങ്ങൾ... 63 ചിത്രത്തിലാണ് ഇവർ ഒരുമിച്ചത്. ശിവാജി ഗണേശനൊപ്പം 70 പടം! ഒടുവിൽ മരണത്തിന്റെ പിറ്റേന്നു റിലീസ് ചെയ്ത ധനുഷ് ചിത്രം ‘മരിയാനി’ൽ വരെ രണ്ടു പാട്ട്. ഈ തിരക്കിനിടയിലും 13 പുസ്തകം രചിക്കുകയും ഏതാനും ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു പത്മശ്രീ വാലി.

‘എനിക്കു വിശന്ന കാലത്ത് കഴിക്കാൻ ആഹാരം ഇല്ലായിരുന്നു. പക്ഷേ, തളികകളിൽ നിറയെ രുചിയൂറുന്ന ഭക്ഷണം നിരന്നിരിക്കെ, എനിക്കു കഴിക്കാൻ സമയമില്ലായിരുന്നു.’ ജീവിതത്തിലെ ഉയർച്ച താഴ്ചകളുടെ ബാലിശതയെപ്പറ്റി ഒരിക്കൽ വാലി പറഞ്ഞു. സംഗീതസംവിധായകരുടെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. സാധാരണ സംഭാഷണത്തോടടുത്തു നിൽക്കുന്ന ലാളിത്യവും കൊച്ചുവാക്കുകളുമായിരുന്നു രചനയുടെ പ്രത്യേകത. എ.ആർ. റഹ്മാന്റെ വളർച്ചയിൽ വാലിക്കും വലിയ പങ്കുണ്ട്. ആദ്യകാല ഹിറ്റുകളായ ജെന്റിൽമാനിലെ ‘ചിക്കുപുക്ക് ചിക്കുപുക്ക് റെയിലേ...,’ കാതലനിലെ ‘മുക്കാല മുക്കാബലാ...’ തുടങ്ങി മരിയാൻ വരെ വാലിയുടെ തൂലികയിൽ വിരിഞ്ഞ റഹ്മാൻ വസന്തങ്ങൾ എത്രയോ!

വാലി

തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ പാട്ടെഴുത്തുകാരൻ കൂടിയായിരുന്നു വാലി. അവസാനകാലത്ത് ഒരു ഗാനത്തിന് രണ്ടു ലക്ഷം രൂപ! കണ്ണദാസൻ തമിഴ് സിനിമയിലെ മുടിചൂടാ മന്നനായി വിലസിയിരുന്ന കാലത്താണ് വാലി ഭാഗ്യം പരീക്ഷിക്കാനായി കോടമ്പാക്കത്ത് എത്തുന്നത്. ദിവസങ്ങളോളം ഭക്ഷണം പോലും കിട്ടാതെ മുഴുപ്പട്ടിണിയിലായ വാലി കടുത്ത നിരാശയിലായിപ്പോയി. അങ്ങനെ മദിരാശിയിൽനിന്നു സ്വദേശമായ തിരുച്ചിറപ്പള്ളിയിലേക്കു മടങ്ങാനായി പെട്ടി എടുക്കുമ്പോഴാണ് കൂടെയുണ്ടായിരുന്ന ഗായകൻ പി.ബി. ശ്രീനിവാസ് ‘സുമൈതാങ്ങി’ എന്ന ചിത്രത്തിൽ കണ്ണദാസൻ എഴുതിയ ‘മയക്കമാ കലക്കമാ...’ എന്ന പാട്ട് പാടുന്നത്. അതിലെ പ്രചോദനാത്മകമായ വരികൾ വാലിയുടെ മനസ്സിൽ ഉടക്കി. പെട്ടി തിരികെ വച്ചു. മദിരാശിയിൽത്തന്നെനിന്നു വീണ്ടും പോരാടാനുള്ള ആ നിശ്ചയദാർഢ്യം വിജയം കണ്ടു.

നല്ലവൻ വാഴ്‌വാൻ, ഇദയത്തിൽ നീ, പടക്കോട്ടൈ തുടങ്ങിയ ഹിറ്റുകളിലൂടെ വാലി തമിഴിൽ കയ്യൊപ്പിട്ടു. ‘കർപ്പകം’ എന്ന ചിത്രത്തിൽ വാലിയുടെ ‘പക്കത്തു വീട്ടു വരുവമച്ചാൻ...’ എന്ന ഗാനം പുറത്തുവന്നുകഴിഞ്ഞപ്പോൾ കണ്ണദാസൻ ഒരു പൊതുവേദിയിൽവച്ചു തന്റെ പിൻഗാമിയായി വാലിയെ പ്രഖ്യാപിച്ചു. വാലിയും എം.എസ്. വിശ്വനാഥനും തമിഴിലെ വിജയകൂട്ടുകെട്ടായി മാറി. കണ്ണദാസനുശേഷം തമിഴകം ഭരിച്ചത് വാലിയായിരുന്നു. പിന്നീട് വൈരമുത്തുവും ചേർന്നു. വൈരമുത്തുവിന്റെ പാട്ടുകളിൽ പ്രണയവും കാൽപനികതയും സ്വപ്നങ്ങളും ഒഴുകിയപ്പോൾ വാലിയുടെ തൂലികയിൽനിന്നു ജീവിത മൂല്യങ്ങളും ദുഃഖവും ഒഴുകി. കമൽഹാസന്റെ ‘അപൂർവ സഹോദരങ്ങളി’ലെ ‘ഉന്നൈ നിനച്ചേ പാട്ടു പഠിച്ചേൻ...’ എന്ന ഗാനം ആറ് തവണയാണ് വാലി മാറ്റിയെഴുതിയത്. ‘ഇതിൽ കൂടുതൽ ദുഃഖം ഒരു പാട്ടിന് ഉൾക്കൊള്ളാനാവില്ല’ എന്ന് കമൽഹാസൻ പറഞ്ഞതിനുശേഷമാണ് വാലിയുടെ തൂലിക വിശ്രമിച്ചത്.

ചെറുപ്പത്തിൽ ചിത്രകലയോടായിരുന്നു രംഗരാജനു താൽപര്യം. അക്കാലത്തു തമിഴ്നാട്ടിൽ പ്രശസ്തനായിരുന്ന കാർട്ടൂണിസ്റ്റ് മാലിയോടുള്ള ആരാധനകൊണ്ടാണ് രംഗരാജൻ ‘വാലി’ എന്ന പേരു സ്വീകരിച്ചത്. പതിനയ്യായിരത്തോളം ഗാനങ്ങളെഴുതിയ വാലിയുടെ ഒരുപാടു പാട്ടുകൾ മലയാളികൾക്കു പ്രിയങ്കരങ്ങളാണ്. പക്ഷേ, ഒറ്റപ്പാട്ടിലൂടെ അദ്ദേഹം മലയാളികളെയെല്ലാം കീഴ്പ്പെടുത്തിക്കളഞ്ഞു. ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയിലെ ‘ഒരുമുറൈ വന്ത് പാർത്തായാ...’!!