പാട്ടിന്റെ പരമാവധി

പാട്ട് അതിന്റെ പരമാവധി സാധ്യതയിൽ നാം കേട്ടത് എസ്.പി. ബാലസുബ്രഹ്മണ്യത്തിലൂടെയാണ്. രണ്ടറ്റവും കത്തിച്ച മെഴുകുതിരിപോലെ പ്രകാശവിരുന്നായ ഒരു സംഗീത ജീവിതം. ഇദ്ദേഹത്തെപ്പോലെ മറ്റൊരു പാട്ടുകാരൻ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ടാവില്ല. ‘ശങ്കരാഭരണ’ത്തിലെ ശാസ്ത്രീയ ഗാനങ്ങൾ പാടി ദേശീയ അവാർഡ് വരെ വാങ്ങിയ ഈ ഗായകൻ സംഗീതം ഒരക്ഷരം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെന്ന് ആരെങ്കിലും വിശ്വസിക്കുമോ? ‘കേളടി കൺമണി’യിൽ ഒറ്റശ്വാസത്തിൽ ‘മണ്ണിൽ ഇന്ത കാതൽ...’ , മേഘങ്ങളോളം ഉയർന്നു സഞ്ചരിക്കുന്ന ‘ഇളയ നിലാ...’(പയനങ്കൾ മുടിവതില്ലൈ), മലയാളത്തിലെ ലക്ഷണമൊത്ത കവ്വാലിയായ ‘സ്വർണമീനിന്റെ ചേലൊത്ത...’(സർപ്പം), മരിക്കാത്ത കാൽപ്പനികതയായ ‘താരാപഥം ചേതോഹരം...’(അനശ്വരം)... അങ്ങനെ എത്രയോ വ്യത്യസ്ത അനുഭൂതികൾ... ശാസ്ത്രീയവും തനി നാടനും ഒരaേമട്ടിൽ വഴങ്ങുന്ന ശബ്ദം, കൊഞ്ചിയും കരഞ്ഞും ഇഴഞ്ഞും കുതിച്ചും.... അങ്ങനെ ഇന്ത്യൻ സിനിമാ സംഗീതത്തിലെ എന്തിനും പോന്നവനാകുന്നു ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യം എന്ന പ്രിയപ്പെട്ട എസ്പിബി. നമ്മുടെ രാജ്യത്തെ ഏറ്റവും അനായാസ ഗായകൻ!

ഇയാൾ ഉറങ്ങാറില്ലേ? എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ കലാസംഭാവനകളുടെ കണക്കെടുക്കുമ്പോൾ ആരും ഇങ്ങനെ ചോദിച്ചുപോകും. അത്ര ബൃഹത്താണ് എസ്പിബി എന്ന മൂന്നക്ഷരം. 1966ൽ എസ്.പി. കോദണ്ഡപാണിയുടെ സംഗീതത്തിൽ ‘ശ്രീശ്രീശ്രീ മര്യാദ രാമണ്ണ’ എന്ന ചിത്രത്തിൽ പാടിത്തുടങ്ങിയ അദ്ദേഹത്തിന് ഇത് ഈണവർഷങ്ങളുടെ ഹാഫ് സെഞ്ച്വറി. എത്രയോ കോടി മനസ്സുകളെ ഓരോ ദിനവും ഈ സ്വരം ഉമ്മ വച്ചുണർത്തുന്നു, ഉറക്കുന്നു...

ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടി റിക്കോർഡ് ചെയ്തതിന്റെ ഗിന്നസ് റെക്കോർഡ്– 40,000 പാട്ടുകൾ! ഒറ്റ ദിവസം തന്നെ 21 പാട്ട് റിക്കോർഡ് ചെയ്തും അദ്ദേഹം സംഗീത ലോകത്തിന് അദ്ഭുതമായിട്ടുണ്ട്. 1981 ഫെബ്രുവരി എട്ട് രാവിലെ ഒൻപതു മുതൽ ഒൻപതുവരെയുള്ള 12 മണിക്കൂറിലാണ് ഉപേന്ദ്രകുമാർ എന്ന സംഗീത സംവിധായകനുവേണ്ടി എസ്പിബി 21 കന്നഡഗാനങ്ങൾ ബെംഗളൂരുവിലെ ഒരു സ്റ്റുഡിയോയിൽ റിക്കോർഡ് ചെയ്തത്. മാതൃഭാഷയിൽപോലുമായിരുന്നില്ല ഈ പ്രകടനം എന്നോർക്കണം. പിന്നീട് ഒരു ദിവസം 19 തമിഴ് പാട്ടുകൾ പാടിയും മറ്റൊരു 12 മണിക്കൂറിൽ 16 ഹിന്ദി ഗാനങ്ങൾ റിക്കോർഡ് ചെയ്തും ഇദ്ദേഹം സഹഗായകരെ അമ്പരിപ്പിച്ചിട്ടുണ്ട്. ദിവസം ശരാശരി മൂന്നു പാട്ട് റിക്കോർഡ് ചെയ്യുക എന്നതായിരുന്നു എസ്പിബിയുടെ കണക്ക്. 15 വരെയൊക്കെ നീളുന്നത് സാധാരണം. ദക്ഷിണേന്ത്യൻ ഭാഷകളിൽ മാത്രമല്ല, ഹിന്ദി ഉൾപ്പെടെ മിക്ക ഇന്ത്യൻ ഭാഷകളിലും ഇദ്ദേഹം പാടി. രാജ്യത്ത് ഇത്രപെട്ടെന്നു പാട്ട് പഠിച്ചെടുക്കുന്ന ഗായകരില്ലെന്നു സംഗീത സംവിധായകരുടെ സാക്ഷ്യപത്രം.

ദക്ഷിണേന്ത്യൻ ഗായകർ എത്ര മിടുക്കരായാലും അവരെ തിരസ്കരിക്കുന്ന സമ്പ്രദായമാണു ബോളിവുഡിനുള്ളത്. സാക്ഷാൽ യേശുദാസിനുപോലും ഈ അദൃശ്യവിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവിടെയാണ് എസ്പിബി വേറിട്ടു നിൽക്കുന്നത്. ഒരുപക്ഷേ, ബോളിവുഡ് വിലക്കുകളൊന്നും വിലപ്പോകാതിരുന്ന ഏക ദക്ഷിണേന്ത്യൻ ഗായകൻ. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഏതു ചായക്കടയിൽ വച്ചും ഈ ശബ്ദം നിങ്ങളെ തൊട്ടേക്കാം.

അദ്ദേഹത്തിന്റെയും ബോളിവുഡിലെ തുടക്കം ശുഭകരമായിരുന്നില്ല. ഹിന്ദി ഉച്ചാരണം ശരിയല്ലെന്നുപറഞ്ഞ് പ്രശസ്ത സംഗീത സംവിധായകർതന്നെ മാറ്റി നിർത്തിയ കാലത്താണ് ലക്ഷ്മികാന്ത്–പ്യാരേലാൽ സംഗീതം നൽകിയ ‘ഏക് ദൂജേ കേലിയേ’യിലൂടെ ഹിന്ദിയിൽ അശ്വമേഥം നടത്തിയത്. മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും (1981) ഈ ദക്ഷിണേന്ത്യക്കാരൻ സ്വന്തമാക്കി. പിന്നീട് ഹിന്ദിയിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ‘സാജൻ’ എന്ന സൂപ്പർ ഹിറ്റ് വിജയത്തിലെ നിർണായക ശബ്ദമായി ഈ തെലുങ്കൻ. പിന്നീടിങ്ങോട്ട് ഷാരൂഖ് ഖാന്റെ ‘ചെന്നൈ എക്സ്പ്രസി’ന്റെ ‘നികൽ ന ജായേ...’ എന്ന ടൈറ്റിൽ സോങ് വരെ.

നാലു ഭാഷകളിലായി ആറ് ദേശീയ പുരസ്കാരം ലഭിച്ചു. മികച്ച ഗായകനുള്ള ആന്ധ്രപ്രദേശ് സർക്കാരിന്റെ നന്ദി അവാർഡ് ലഭിച്ചത് എത്രയെന്നോ? 24 പ്രാവശ്യം! ഇത്രയേറെ ഗാനങ്ങൾ പാടാൻ എവിടെ സമയം കിട്ടി എന്ന് അതിശയിക്കുന്നവർ ബാലസുബ്രഹ്മണ്യം എന്ന നടനെ കാണുമ്പോഴോ? തെലുഗു, കന്നഡ, തമിഴ് ഭാഷകളിലായി 72 സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്. പാടിയഭിനയിച്ച വേഷങ്ങളും ഒട്ടേറെ. കേളടി കൺമണിയിലെ ‘മണ്ണിൽ ഇന്തകാതൽ...’ എന്ന അതിശയഗാനം ഇത്തരം സാഹസങ്ങളിലൊന്ന്.

തന്റെ വലിയ ശരീരംവച്ച് അദ്ദേഹം സ്ക്രീനിൽ അനായാസം നൃത്തംവയ്ക്കുന്നതു കണ്ട് ഡാൻസ് മാസ്റ്റർമാർ വരെ പരസ്യമായി അഭിനന്ദനം ചൊരിഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഇന്ത്യൻ ഗായകനെന്ന ബഹുമതിയും മറ്റാർക്കുമല്ല. തമിഴ്, കന്നഡ, തെലുഗു, ഇംഗ്ലിഷ് ഭാഷകൾ സംസാരിക്കുന്ന ഇദ്ദേഹം മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്. ഹിന്ദിയിലും ഇദ്ദേഹം ഡബ്ബ് ചെയ്തിട്ടുണ്ട്. രജനീകാന്ത്, കമൽ ഹാസൻ, സൽമാൻ ഖാൻ, അനിൽ കപൂർ, ഗിരീഷ് കർണാട്, ജമിനി ഗണേശൻ, അർജുൻ തുടങ്ങിയവരൊക്കെ ഈ ശബ്ദത്തിലൂടെ പ്രണയിക്കുകയും കലഹിക്കുകയും ചെയ്തവരാണ്.

ഇതിനിടയിൽ നാല് ഭാഷകളിലായി 46 സിനിമകൾക്കു സംഗീതം നൽകാനും തമിഴ്, തെലുങ്ക് സീരിയലുകളിൽ അഭിനയിക്കാനും ഒട്ടേറെ ടെലിവിഷൻ പരിപാടികളുടെ അവതാരകനായിരിക്കാനും റിയാലിറ്റി ഷോകളിൽ ജ‍ഡ്ജായിരിക്കാനും കഴിഞ്ഞ സർവകലാവല്ലഭൻ! രാജ്യത്തും വിദേശത്തുമുള്ള ആയിരക്കണക്കിനു ഗാനമേള വേദികളിലെ ഊർജപ്രവാഹം. സ്റ്റേജ് പെർമഫോമൻസിന്റെ അവസാനവാക്ക്. ജീവിതത്തോടുള്ള സമീപനത്തിലും അദ്ദേഹം നമ്മെ അതിയശിപ്പിക്കന്നു. മറ്റു പല കലാകാരൻമാരിൽനിന്നു വ്യത്യസ്തമായി, ഒരുതരത്തിലുള്ള മുന്നൊരുക്കങ്ങളും കാർക്കശ്യങ്ങളുമില്ല. അദ്ദേഹം കഴിഞ്ഞയിടെ പറഞ്ഞു. ‘ എനിക്കു ചിട്ടകളൊന്നുമില്ല. മനസ്സ് പറയുന്നതുപോലെ ജീവിക്കും. ഒന്നാംതരം പുകവലിക്കാരനായിരുന്നു വർഷങ്ങളോളം. ടോയ്‌ലറ്റ് സീറ്റിൽ പോലും പുകച്ചിരുന്ന ഒരാൾ. ആ നില തുടർന്നാൽ അധികനാൾ ജീവിച്ചിരിക്കില്ല എന്ന സ്ഥിതി വന്നപ്പോൾ പല ശീലങ്ങളോടും വിടപറയുകയായിരുന്നു.’

വോക്കൽ കോഡിന് രണ്ടുതവണ ശസ്ത്രക്രിയ, പൊണ്ണത്തടി കുറയ്ക്കാനുള്ള ബെറിയാട്രിക് സർജറി, ഒട്ടേറെ മരുന്നുകൾ... എന്നിട്ടും എസ്.പി. ബാലസുബഹ്മണ്യം തളരുന്നില്ല. 71–ാം വയസ്സിലും ആ ശബ്ദം കൂടുതൽ കാതരമാവുന്നു. വിജയം കൂടുംതോറും വിനയം കൂടുന്ന മാതൃക കൂടിയാണ് എസ്പിബി. എന്തെങ്കിലും നിവർത്തിയുണ്ടെങ്കിൽ അദ്ദേഹം പറഞ്ഞ സമയത്ത് റിക്കോർഡിങ്ങിന് എത്തിയിരിക്കും. കാലൊടിഞ്ഞിരുന്നപ്പോൾ വീൽ ചെയറിൽ ഇരുന്നുപോലും അദ്ദേഹം സ്റ്റുഡിയോയിൽ വന്നിട്ടുണ്ട്. പാട്ടിന്റെ പൂർണതയ്ക്കുവേണ്ടി ക്ഷമയോടെ എന്തു ത്യാഗം ചെയ്യാനും അദ്ദേഹം തയാറാണ്. ‘ഇളയ നിലാ....’ എന്ന ഗാനം ഗിറ്റാർ ശരിയാക്കാനായി 16 പ്രാവശ്യമാണ് അദ്ദേഹം പാടിയത്!

എസ്.പി. ബാലസുബ്രഹ്മണ്യം, താങ്കൾ പാട്ടുമാത്രമല്ല, ഒരു പാഠപുസ്തകം കൂടിയാണ്.