നാസിയാ, നീ നിത്യതാരകം

ബദ്ധവൈരികളായ രണ്ടു രാജ്യങ്ങൾ...കൊടിയ വൈരത്തിന്റെ കയ്‌പെല്ലാം അലിയിച്ചു കളയുന്ന മധുരം. അതിർത്തികൾ അറിയാത്ത കാറ്റിലൂടെ എത്തിയ ഒരു സ്വരത്തിനു മുന്നിൽ നൂറു കോടി ജനങ്ങൾ തോറ്റുകൊടുത്തു. ഇന്ത്യക്കാരുടെ മനസ്സു മാത്രമല്ല ആ പാകിസ്‌ഥാൻകാരി സ്വന്തമാക്കിയത്, ഒട്ടേറെ പുരസ്‌കാരങ്ങളും. ഇന്നും ഇന്ത്യൻ ഫിലിം ഫെയർ അവാർഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ പാട്ടുകാരി ഇവളാണ് നാസിയ ഹസ്സൻ. ‘ആപ് ജൈസാ കോയി മേരി സിന്ദഗി മേ ....’ പാടി ഇവൾ ഇന്ത്യ കീഴടക്കിയപ്പോൾ വയസ്സ് വെറും പതിനഞ്ച്. എല്ലാ ഗാനങ്ങളും ഹിറ്റായ ‘ഖുർബാനി’ (1980, സംവിധാനം–ഫിറോസ് ഖാൻ) എന്ന ഹിന്ദി സിനിമയിയുടെ പ്രദർശന വിജയത്തിൽ ‘ആപ് ജൈസാ കോയി...’ വഹിച്ച പങ്ക് എത്രയോ വലുത്. ഈ ഗാനരംഗം കാണാൻ മാത്രം പത്തും ഇരുപതും പ്രാവശ്യം സിനിമ കണ്ടവർ ഏറെ. ഈ ഗാനരംഗം കഴിയുമ്പോൾ തിയേറ്ററിൽനിന്ന് ഇറങ്ങി നടന്നവരുമുണ്ട്. അത്ര വലിയ തരംഗമായിരുന്നു. തകർത്തു വാരി എന്നു പറയുന്നതാവും ശരി.

ചിത്രത്തിലെ മറ്റെല്ലാ ഗാനങ്ങളും കല്യാൺജി–ആനന്ദ്‌ജി ആണ് സംഗീതം നൽകിയതെങ്കിലും ആപ്‌ജൈസാ...യുടെ മ്യൂസിക് മാത്രം ബിദ്ദു . ചിത്രത്തിൽ സീനത്ത് അമന്റെ ഐറ്റം ഡാൻസിനു പഞ്ചാത്തലമായി വരുന്ന ഗാനം. രചന– ഇന്ദീവർ ഇന്ത്യയുടെ ഈ കൊച്ചു മൂലയിലുള്ള കേരളത്തെപ്പോലും പിടിച്ചുകുലുക്കി ‘ആപ് ജൈസാ കോയി...’ കല്യാണവീടുകളിലെ സ്‌ഥിരം സാന്നിധ്യം, ഗാനമേളകളിലും സർക്കസിലും എക്‌സിബിഷനിലും സിനിമാ തിയേറ്ററുകളിലും എല്ലാം ഈ ഗാനം മാത്രമായിരുന്ന ഒരു കാലം കേരളത്തിനുമുണ്ടായിരുന്നു. ഇന്നും മറന്നിട്ടില്ല ഈ പാട്ടിനെ. ഡിജെ പാർട്ടികളിലും കല്യാണ വീടുകളിലും ഇടയ്‌ക്കിടെ മുഴുങ്ങുന്നു. മറക്കാനാവില്ല നിന്നെ നാസിയ...

ഡിസ്‌കോ ദീവാന

ആപ് ജൈസാ കോയി....എന്ന ഗാനം ഇന്ത്യയിൽ മാത്രമല്ല, ദക്ഷിണേഷ്യ മുഴുൻ ഹിറ്റായിരുന്നു. ആരും പ്രതീക്ഷിക്കാത്ത വിജയം. പിറ്റേ വർഷം സഹോദരൻ ശുഹൈബ് ഹസ്സനുമായി ചേർന്ന് ‘ഡിസ്‌കോ ദീവാന’ എന്ന ആൽബം പുറത്തിറക്കുന്നു. സംഗീത ലോകത്തെ ആദ്‌ഭുതങ്ങളിൽ ഒന്നായി മാറി അത്. വിറ്റഴിഞ്ഞത് ആറ് കോടി എൽപി റിക്കോർഡുകൾ. ഇന്നും ഇന്നെലയുമല്ല, 1981ൽ ആണ് ഈ വില്‌പനെയോന്നോർക്കണം.

ചടുല ജീവിതം

പിതാവ് കറാച്ചിയിൽ ബിസിനസുകാരനായിരന്നു. സംഗീത പാരമ്പര്യം ഒന്നുമില്ലാത്ത കുടുംബം. പക്ഷേ, മക്കൾ മൂന്നുപേരും പാട്ടുകാരായി. സ്‌റ്റേജിൽ മാത്രം ഒതുങ്ങാൻ നാസിയ ആഗ്രഹിച്ചില്ല. ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽനിന്ന് എൽഎൽബി, ന്യൂ യോർക്കിൽ യുഎനിന്റെ പൊളിറ്റിക്കൽ ആൻഡ് സെക്യൂരിറ്റി കൗൺസിലിൽ ജോലി, യുനിസെഫിലെ സന്നദ്ധ സേവക, കൊളംബിയ സർവകലാശയുടെ അക്കദമിക് സ്‌കോളർഷിപ്പ്, ലഹരി മരുന്നുകൾക്കെതിരെ പോരാടുന്ന ബാൻ (ബാറ്റിൽ എഗ്‌നിസ്‌റ്റ് നർക്കോട്ടിക്‌സ്) എന്ന സംഘടനയുടെ സ്‌ഥാപക, ഇന്ത്യയിലെലും പാകിസ്‌ഥാനിലെയും ഇന്നർ വീൽ ക്ലബുകളുടെ സജീവ പ്രവർത്തക. ആപ് ജൈസാ കോയിയുടെ താളം പോലെ ചടുലമായിരുന്നു ആ ജീവിതം. പാകിസ്‌ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പോപ് ഗായികയാണ് നാസ്സിയ. ഏറെക്കുറെ യാഥാസ്‌ഥിതിക രാജ്യമായ പാകിസ്‌ഥാനിൽ ആദ്യമായി ടെലിവിഷനിൽ സംപ്രേഷണം ചെയ്‌ത പോപ് ഷോയും നാസ്സിയയുടേതാണ്–മ്യൂസിക് 89.

പാടിയില്ല ആ ഗാനം

അലീഷ ചിനായ് എന്ന ഗായിക ജനിച്ച ‘മെയ്‌ഡ് ഇൻ ഇന്ത്യ... ’എന്ന ആൽബം പാടാൻ ആദ്യം സംഗീത സംവിധായകൻ ബിദ്ദു ക്ഷണിച്ചത് നാസിയയെ ആണ്. ഇന്ത്യയെ പ്രകീർത്തിക്കുന്ന ഈ ഗാനം പാടുന്നതു ജന്മനാടിനെ വ്രണപ്പെടുത്തുമോ എന്ന ആശങ്കയിൽ തന്റെ പ്രിയ കംപോസറുടെ അഭ്യർഥന സ്‌നേപൂർവം നിരസിക്കുകയായിരുന്നു. അത് അലീഷയ്‌ക്കു ഭാഗ്യമായി.

എന്നും യൗവ്വനം

നാസ്സിയയുടെ ഗാനങ്ങൾ പോലെ തന്നെ എവർഗ്രീൻ ആയി ആ ജീവിതവും. ജീവിതം വേഗം ജീവിച്ചു തീർത്തവൾ. 15 വയസ്സിൽ മികച്ച ഗായികയായി, ഒരു ദേശത്തെ മുഴുവൻ കീഴടക്കി. പ്രൈഡ് ഓഫ് പെർഫോമൻസ്, ഡബിൾ പ്ലാറ്റിനം അവാർഡ്, ഗോൾഡൻ ഡിസ്‌ക അവാർഡ് തുടങ്ങിയ രാജ്യാന്തര ബഹുമതികളെല്ലാം നേടി അവൾ കാൻസറിനു കീഴടങ്ങുമ്പോൾ ജീവിച്ചു തുടങ്ങേണ്ട പ്രായമേ ആയിരുന്നുള്ളൂ, വെറും 35 വയസ്സ്.! (മരണം–13, ഓഗസ്‌റ്റ്, 2000) മിക്ക കലാകാരികളേയും പോലെ പരാജയമായിരുന്നു നസ്സിയയുടെ ദാമ്പത്യ ജീവിതവും. ഭർത്താവ് ഇഷ്‌ത്തിയാഖ് ബെഗ്. മരണത്തിന് പത്തു ദിവസം മുമ്പായിരുന്നു വിവാഹ മോചനം. ഒരു മകൻ അരേസ്. അവനിപ്പോൾ 18 വയസ്സ് ആയിട്ടുണ്ടാവണം. നാസിയാ, നീ നിത്യതാരകം.