Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വളകിലുക്കിയ സുന്ദരി

kayalarikathu-valayerinjapppol കെ.രാഘവനും പി.ഭാസ്കരനും, കായലരികത്ത്... എന്ന ഗാനരംഗം

‘വേറെയാണു വിചാരമെങ്കില്

നേരമായതു ചൊല്ലുവാൻ

വെറുതെ ഞാനെന്തിനെരിയും വെയിലത്ത്

കയിലും കുത്തി നടക്കണ്...’

ആറ് പതിറ്റാണ്ട് കഴിഞ്ഞു, എന്നിട്ടും ഒരു കാമുകനും ആദ്യ പ്രണയാഭ്യർഥനയിൽ ഇത്ര ധീരമായ നിലപാട് എടുക്കാൻ കഴിഞ്ഞിട്ടില്ല. എങ്ങിനെയും കാമുകിയുടെ ഹൃദയം കവരാൻ ശ്രമിക്കുന്ന പതിവ് മട്ടല്ല, പി.ഭാസ്കരന്റെ ഈ കാമുകന്. ‘ഇഷ്ടമില്ലെങ്കിൽ പറയണം എനിക്ക് വേറേ പണിയുണ്ട്’ എന്ന് വെട്ടിത്തുറന്നങ്ങു പറയുകയാണ്.

മലയാള സിനിമയിൽ ഒട്ടേറെ പുതുമകൾ കൊണ്ടുവന്ന ‘നീലക്കുയിൽ’ (1954– സംവിധാനം– രാമു കാര്യാട്ട്, പി.ഭാസ്കരൻ) എന്ന സിനിമയിൽ പി.ഭാസ്കരൻ– കെ.രാഘവൻ ടീമിന്റെ എല്ലാ പാട്ടുകളും മികച്ചതായിരുന്നു. ആലാപനശൈലി കൊണ്ടും രചനാഭംഗി കൊണ്ടും വേറിട്ടുനിന്ന

‘കായലരികത്ത് വലയെറിഞ്ഞപ്പോ

വളകിലുക്കിയ സുന്ദരി

പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ

ഒരു നറുക്കിനു ചേർക്കണേ...

എന്ന ഗാനം ഏറ്റവും പ്രശസ്തമായി. ഇന്നും മലയാളികൾ ഉള്ളിടത്തെല്ലാം ഈ പാട്ടുണ്ട്. മിക്കവരും ഒരു ഹാസ്യഗാനമായി കരുതുന്ന ഈ ഗാനം ഒന്നാംതരം പ്രണയഗാനം കൂടിയാണ്. പി.ഭാസ്കരന്റെ രചനാവൈഭവത്തിന് ഉജ്വല ഉദാഹരണവും.

സിനിമയിൽ, ചായക്കടയിലിരുന്നു മീൻവല തുന്നുന്ന ഒരു സൈഡ് ക്യാരക്ടർ ആണ് ഇതു പാടുന്നത്. (കോഴിക്കോട്ടെ നാടക നടൻ ബാലകൃഷ്ണ മേനോൻ രംഗത്ത്) അയാളുടെ സാമൂഹിക ചുറ്റുപാടിനു പറ്റിയ പദങ്ങളും ഉപമകളും പി.ഭാസ്കരൻ എത്രയോ തൻമയത്വത്തോടെയാണ് ഉപയോഗിച്ചിരിക്കുന്നത്.

സുന്ദരിയുടെ കണ്ണേറ് കൊണ്ടപ്പോൾ കാമുകനുണ്ടായ വികാരം ‘കരളിനുരുളിയിൽ എണ്ണ കാച്ചിയ നൊമ്പര’മായും ആ പ്രണയം ഹൃദയത്തിൽ തട്ടിയപ്പോഴത്തെ സ്ഥിതി ‘കയറുപൊട്ടിയ പമ്പര’മായും കവി വർണിച്ചിരിക്കുന്നത് എത്രയോ ആലോചനാമൃതമാണ്. അവളുടെ പുരികം വളച്ചുള്ള നോട്ടം ഏറ്റപ്പോഴുള്ള അവന്റെ പാരവശ്യം വർണിക്കുന്നതു നോക്കൂ

‘വമ്പെഴും നിന്റെ പുരികക്കൊടിയുടെ–

യമ്പുകൊണ്ടു ഞരമ്പുകൾ

കമ്പൊടിഞ്ഞൊരു ചീലക്കുടയുടെ

കമ്പിപോലെ വലിഞ്ഞുപോയി’

കമ്പൊടിഞ്ഞ ശീലക്കുടയുടെ കമ്പി വലിഞ്ഞതു കണ്ടിട്ടുള്ളവർക്ക് കാമുകഹൃദയത്തിലെ എരിപൊരി സഞ്ചാരം മനസ്സിലാവാൻ ഇതിലും നല്ലൊരു ഉദാഹരണം വേണ്ട.

‘ചേറിൽനിന്നു ബളർന്നു പൊന്തിയ

ഹൂറി നിന്നുടെ കയ്യിനാൽ...’ 

എന്ന വരി പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. ‘ചേറിൽനിന്ന്’ എന്ന പ്രയോഗത്തിലൂടെ നായിക തീർത്തും സാധാരണ സാഹചര്യങ്ങളിൽ നിന്ന് വരുന്നവളാണ് എന്ന് കവി സൂചിപ്പിക്കുന്നു. ചേറിൽനിന്നു വളർന്നു പൊന്തിവരുന്ന താമരപ്പൂവിൽ ചേറിന്റെ അഴുക്കു പുരളാത്തതുപോലെ കഥാനായികയും പരിശുദ്ധയാണ് എന്നു ധ്വനിപ്പിക്കാനും പി.ഭാസ്കരന് ഈ വരികളിലൂടെ സാധിക്കുന്നു.

അത്യന്തം വികാരവിവശനാണെങ്കിലും പ്രായോഗികമതി കൂടിയാണ് നായകൻ. ‘കുടവുമായ് പുഴക്കടവിൽവന്ന് തന്നെ തടവിലാക്കിയവൾ തന്നെ സങ്കടപ്പുഴയുടെ തടവിലാക്കുമോ’ എന്ന് അയാൾ ഭയപ്പെടുന്നുമുണ്ട്. ഈ ഭയത്തിനൊടുവിലാണ് ‘വേറെയാണ് വിചാരമെങ്കിൽ അതു പറയാൻ നേരമായി’ എന്ന് അവൻ പറയുന്നത്

പ്രാസഭംഗി, ധ്വനിഭംഗി എന്നിവ സമഞ്ജസമായി സമ്മേളിക്കുന്ന മണ്ണിന്റെ മണമുള്ള ഈ പാട്ട് അതിമനോഹരമായി ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകൻ രാഘവൻ മാസ്റ്റർ തന്നെയാണ്!

മനസ്സില്ലാ മനസ്സോടെ‌യാണ് രാഘവൻ മാസ്റ്റർ ‘കായലരികത്ത്...’ പാടിയത്. തന്റെ ആത്മകഥയിൽ പി. ഭാസ്കരൻ ഇക്കഥ വിവരിക്കുന്നത് ഇങ്ങനെ: ‘കൊച്ചിക്കാരനായ അബ്ദുൽ ഖാദർ എന്ന ഗായകനെക്കൊണ്ടാണ് രാഘവൻ മാസ്റ്റർ കായലരികത്ത് പാടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നത്. ആലുവയ്ക്കടുത്തുള്ള സിനിമയുടെ റിഹേഴ്സൽ ക്യാംപിൽ വച്ചാണ് അദ്ദേഹം സിനിമയിലെ ഒൻപതു പാട്ടും ചിട്ടപ്പെടുത്തിയത്. മിക്കദിവസവും നിർമാതാവ് പരീക്കുട്ടി സാഹിബും അവിടെ എത്തും. ഒരു ദിവസം ഈ പാട്ടിന്റെ പരിശീലനം നടക്കുമ്പോഴാണു പരീക്കുട്ടി എത്തിയത്. അദ്ദേഹം രാഘവൻ മാസ്റ്ററെ പുറത്തേക്കു വിളിച്ചു പറഞ്ഞു. ‘ഇത് അബ്ദുൽ ഖാദർ പാടിയാൽ ശരിയാവില്ല. മാഷ് തന്നെ പാടണം.’ പക്കമേളത്തിന്റെ അകമ്പടിയോടെ അബ്ദുൽ ഖാദർ പാടിയാൽ നന്നാകുമെന്ന് ഞാനും പരീക്കുട്ടിയോടു പറഞ്ഞെങ്കിലും അദ്ദേഹത്തിനു സമ്മതമായില്ല.

‘വാഹിനി’ സ്റ്റുഡിയോയിൽ വച്ചായിരുന്നു റിക്കോർഡിങ്. ഈ പാട്ടിന്റെ ഊഴമെത്തിയപ്പോൾ അർധരാത്രിയോളമായി. എല്ലാം ശരിയാക്കി അബ്ദുൽ ഖാദറെ പാടാനായി രാഘവൻ മാസ്റ്റർ വിളിച്ചപ്പോൾ പരീക്കുട്ടി വിയോജിച്ചു. ‘ ഈ പാട്ട് മാഷ് തന്നെ പാടിയാൽ മതി’ എന്ന് അദ്ദേഹം തീർത്തു പറഞ്ഞു. അങ്ങനെ, ആ അർധരാത്രിക്ക് അർധമനസ്സോടെ രാഘവൻ ഒറ്റയടിക്ക് കായലരികത്ത്...പാടി. ‘പഷ്ട്... ഇതായിരിക്കും ഈ സിനിമയിലെ ഏറ്റവും നല്ല പാട്ട്.’ മാസ്റ്റർ പാടിത്തീർന്നതും പരീക്കുട്ടിയുടെ പ്രതികരണം ഇതായിരുന്നു. ആ പ്രവചനം ശരിയാവാൻ അധികനാൾ വേണ്ടിവന്നില്ല.’

ഗാനങ്ങൾക്കുമുണ്ട് ശിരോലിഖിതങ്ങൾ!

Your Rating: