കേരളം പാടിച്ചുവപ്പിച്ച സുലോചന

കെ.പി.എ.സി. സുലോചന വര: വിഷ്ണു വിജയൻ

മലയാള നാടകത്തെ ചുവപ്പിച്ച നാലക്ഷരമായ ‘കെപിഎസി’ എന്ന വികാരത്തെ നാടാകെ പാടി വളർത്തിയ ഗായികയാണു സുലോചന. നാടകഗാനത്തിലെ സ്ത്രീശബ്ദം എന്നാൽ മലയാളിക്കു സുലോചനയാണ്. വിപ്ലവഗാനങ്ങൾ എന്നു കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ സ്വാഭാവികമായി കടന്നുവരുന്ന രണ്ടു ശബ്ദത്തിലൊന്നാണു സുലോചന. മറ്റൊന്ന് കെ.എസ്.ജോർജ്. 

ഒഎൻവിയും വയലാറും എഴുതി ദേവരാജൻ ഈണമിട്ട നാടകഗാനങ്ങളുടെ ആ സുവർണകാലം ഏതു മലയാളിയുടെയും അഭിമാനവും ഗൃഹാതുരതയുമാണ്. അമ്പിളിയമ്മാവാ, ചെപ്പു കിലുക്കണ ചങ്ങാതീ, എന്തമ്മേ കൊച്ചുതുമ്പീ (മുടിയനായ പുത്രൻ), തലയ്ക്കുമീതേ ശൂന്യാകാശം (അശ്വമേധം), വെള്ളാരം കുന്നിലെ (നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി), വള്ളിക്കുടിലിന്നുള്ളിലിരിക്കും (സർവേക്കല്ല്), മാൻകിടാവേ മാൻകിടാവേ (വിശറിക്കു കാറ്റുവേണ്ട)... അങ്ങനെ എത്രയെത്ര രോമാഞ്ചങ്ങൾ. അഞ്ചു പതിറ്റാണ്ട് ദൈർഘ്യമുള്ള കലാജീവിതത്തിന് ഉടമയായിരുന്നു സുലോചന. മാവേലിക്കര കോട്ടയ്‌ക്കകം തെരുവിൽ കുളത്തിൽ കിഴക്കതിൽ പൊലീസ് കോൺസ്‌റ്റബിളായിരുന്ന എം.കെ.കുഞ്ഞുകുഞ്ഞിന്റെയും കല്യാണിയമ്മയുടെയും മകൾ. ചെറുപ്പം മുതലേ സംഗീതം അഭ്യസിച്ചു. മുൻഷി പരമു പിള്ളയുടെ ‘അധ്യാപകൻ’ എന്ന നാടകത്തിൽ പ്രേംനസീറിനൊപ്പം അഭിനയിച്ചാണു നാടകരംഗത്തേക്കു കാലൂന്നിയത്. ഈ സമയത്താണു കെപിഎസിയിലേക്കു ക്ഷണം വന്നത്.

സുലോചനയെ കെപിഎസിയിലേക്ക് കൊണ്ടുവന്ന കഥ നാടകസംഘത്തിന്റെ സ്ഥാപകനായ ജനാർദന കുറുപ്പ് മുൻപ് വിവരിച്ചത് ഇങ്ങനെ:‘പാടിയഭിനയിക്കാൻ ഒരു നടിയെത്തേടി നടത്തിയ അന്വേഷണമാണ് സുലോചനയിൽ ചെന്നെത്തിയത്. തിരുവനന്തപുരം വിജെടി ഹാളിൽ പതിവായി പാടാനെത്തുന്ന ഒരു പെൺകുട്ടിയുണ്ട്. പുളിമൂട് ജംക്‌ഷനിലാണ് അവർ താമസിച്ചിരുന്നത്. നമുക്കൊന്നുപോയി നോക്കാമെന്ന് സഹപ്രവർത്തകരായ രാജഗോപാലും അഡ്വ. കെ.എസ്.രാജാമണിയുമാണ് എന്നോടു പറഞ്ഞത്. ഞങ്ങൾ മൂവരും കൂടി വീട്ടിലെത്തുമ്പോൾ അവിടെ സുലോചനമാത്രം ‘ ലോലഗാത്രിയായ ഒരു സുന്ദരി....’

കമ്യൂണിസ്‌റ്റ് പാർട്ടിക്ക് വേണ്ടി പാടാൻ വരണം. പാടി അഭിനയിക്കണം എന്നാവശ്യപ്പെട്ടപ്പോൾ അച്‌ഛൻ വന്നിട്ടു പറയാമെന്നായിരുന്നു സുലോചനയുടെ മറുപടി. കയ്യിലിരുന്ന പത്തുരൂപ ഞാൻ സുലോചനയ്‌ക്ക് അഡ്വാൻസായി നൽകി. രാജഗോപാലിനത് ഇഷ്‌ടപ്പെട്ടില്ല. അദ്ദേഹം കൂടുതൽ ആർഭാടത്തോടെ ഇരുപത്തഞ്ചു രൂപ നൽകി. പക്ഷേ സുലോചനയതു വാങ്ങാൻ മടിച്ചു. അന്ന് വൈകിട്ടു തന്നെ സുലോചന അച്‌ഛനുമൊത്ത് ഞങ്ങളെ കാണാനെത്തി.  അങ്ങനെയാണു സുലോചന കെപിഎസിയിൽ എത്തിയത്.’ കമ്യൂണിസ്‌റ്റ് ആഭിമുഖ്യമുള്ള കെപിഎസിയിലേക്കു വിടാൻ കോൺഗ്രസുകാരനായ അച്‌ഛൻ ആദ്യം വിസമ്മതിച്ചിരുന്നു. എന്നാൽ സഹോദരൻ കൃഷ്‌ണൻകുട്ടിയുടെ  പ്രോത്സാഹനമാണു സുലോചനയ്ക്കു വഴിത്തിരിവായത്.

 ‘നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി’യിലെ സുമാവലി എന്ന കഥാപാത്രത്തിലൂടെ പിന്നീടു സുലോചന പാർട്ടിക്കും ജനങ്ങൾക്കും പ്രിയങ്കരിയായി. തുടർന്നുള്ള നാടകങ്ങളിലെല്ലാം അഭിനയിക്കാൻ അവസരം ലഭിച്ച ഇവർ കെപിഎസി സുലോചനയായി. സ്‌റ്റേജിൽ പാടി അഭിനയിക്കുന്ന രീതിയായിരുന്നു അന്ന്. പതിറ്റാണ്ടുകൾ കെപിഎസി നാടകങ്ങളുടെ അവിഭാജ്യ ഘടകമായിരുന്ന സുലോചന പിന്നീട് കെപിഎസിയിൽനിന്ന് അകന്ന് 1983ൽ സംസ്‌കാര എന്ന നാടകട്രൂപ്പ് രൂപീകരിച്ചു. 12 നാടകങ്ങളിൽ അഭിനയിച്ചു. 

കാലം മാറുന്നു, അരപ്പവൻ, കൃഷ്ണകുചേല എന്നീ സിനിമകളിൽ അഭിനയിച്ചു. സിനിമയിൽ 14 പാട്ടും പാടിയിട്ടുണ്ട്. ഇതിൽ ‘ആ മലർപ്പൊയ്കയിൽ...(കാലം മാറുന്നു –1955), തുമ്പപ്പൂ പെയ്യണ പൂനിലാവേ...(രണ്ടിടങ്ങഴി–1958) എന്നിവ ശ്രദ്ധേയമായി. 1975ൽ മികച്ച നടിക്കുള്ള അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, ഫെലോഷിപ് എന്നിവയും ലഭിച്ചിട്ടുണ്ട്. കെഎസ്ആർടിസി റിട്ട. ഉദ്യോഗസ്‌ഥനും കലാകാരനുമായ കലേശനാണു ഭർത്താവ്. 2005 ഏപ്രിൽ പതിനേഴിന് ഊർജസ്വലയായ ആ ഗായിക നമ്മെ കടന്നുപോയി.

സുലോചനയുടെ ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങളെല്ലാംതന്നെ സംഗീതം നൽകിയത് ദേവരാജനാണ്. എന്നാൽ, കലാജീവിതത്തിലെ ഏറ്റവും വലിയ ഒരു സങ്കടം സമ്മാനിച്ചതും അദ്ദഹം തന്നെ. അക്കഥ സുലോചന എഴുതിയത് ഇങ്ങനെ: ‘കെപിഎസി നാടകഗാനങ്ങൾ എച്ച്‌എംവി, കൊളംബിയ എന്നീ കമ്പനികൾക്കുവേണ്ടി റെക്കോർഡ് ചെയ്യാൻ തീരുമാനമായി. അതനുസരിച്ച് കെപിഎസിയുടെ സ്‌ഥിരം ഗായകരായ ഞാനും കെ.എസ്.ജോർജുമുൾപ്പെടെയുള്ളവർ ചെന്നൈയിലേക്ക് പുറപ്പെട്ടു. അവിടെ ചെന്നപ്പോൾ ദേവരാജന് മറ്റു ഗായകരെക്കൊണ്ടുകൂടി പാടിക്കണമെന്നുള്ള താൽപര്യം. നമ്മുടെ ഗായകരെക്കൊണ്ട് പാടിച്ചാൽമതിയെന്ന നിലപാടിൽ ആയിരുന്നു കെപിഎസി ഭാരവാഹികൾ. പക്ഷേ ആ തീരുമാനത്തിന് അദ്ദേഹം വഴങ്ങിയില്ല. അക്കാരണത്താൽ ഞാൻ മനസിലേറ്റി താലോലിച്ച് രംഗത്ത് പാടി അഭിനയിച്ച് ആസ്വാദകരുടെ അനുഗ്രഹാശിസ്സുകൾ ലഭിച്ച ‘ചാഞ്ചാടുണ്ണീ ചരിഞ്ഞാടുണ്ണീ’ എന്ന ഗാനം എന്റെ ശബ്‌ദത്തിൽ ഗ്രാമഫോൺ റെക്കോർഡിൽ പകർത്താൻ കഴിഞ്ഞില്ല. അതിന് ദേവരാജൻ എന്നെ അനുവദിച്ചില്ല. കലാജീവിതത്തിൽ എനിക്കു കിട്ടിയ ഏറ്റവും വലിയ ഒരാഘാതമായിരുന്നു അത്.’ ദേശാഭിമാനിയിൽ എഴുതിയ അനുഭവക്കുറിപ്പിൽ അവർ പങ്കുവച്ചു.

സുലോചനയ്ക്കു പകരം ആ ഗാനം പാടിയത് ആരാണെന്നോ? എ.പി.കോമള.