ഹൃദയത്തോടു മാത്രം തോറ്റവൾ

ഇ ന്ത്യൻ പൈതൃകത്തിന്റെ പര്യായമായ, വെങ്കടേശ സുപ്രഭാതത്തിലൂടെ നമ്മുടെ പുലരികളുടെ പ്രസാദമായ എം.എസ്.സുബ്ബുലക്ഷ്മി, ഒട്ടുമേ ‘കുലീന’മല്ലാത്ത ദേവദാസീ കുടുംബത്തിലാണു ജനിച്ചതെന്നതു പലർക്കും അവിശ്വസനീയമാണ്. സുബ്രഹ്മണ്യ അയ്യർ എന്ന അഭിഭാഷകനാണോ പുഷ്പവനം അയ്യർ എന്ന ഗായകനാണോ തന്റെ പിതാവ് എന്നു പൊതുജനം ചർച്ച ചെയ്യുന്നതിനുവരെ സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട് അവർക്ക്. സ്കൂൾ റജിസ്റ്ററിൽ പോലും പിതാവിന്റെ പേരില്ല! മധുരയിലെ ഷൺമുഖവടിവ് എന്ന സ്ത്രീയുടെ മകൾ സുബ്ബുലക്ഷ്മി അതുകൊണ്ട് സ്കൂളിൽ ‘എം.എസ്.സുബ്ബുലക്ഷ്മി’ ആയി. 

ഈ സാഹചര്യങ്ങളിൽ സുന്ദരിയായ ഒരു യുവതി മധുരയുടെ തെരുവിൽ അച്ഛനാരെന്നറിയാത്ത മക്കളുടെ അമ്മയായി, പാട്ടുകാരിയായി ഒടുങ്ങേണ്ടതായിരുന്നു. ‘ചെറുപ്പത്തിൽ എന്നെ എങ്ങനെ നശിപ്പിക്കാം എന്നു മാത്രമാണ് ആണുങ്ങൾ ആലോചിച്ചിരുന്നത്.’– അവർതന്നെ ഒരു അഭിമുഖത്തിൽ പറ‍ഞ്ഞിട്ടുണ്ട്. 

തന്നെ ഒരു ചെട്ടിയാർക്കു വിവാഹം ചെയ്തുകൊടുക്കാൻ അമ്മ ആലോചിക്കുന്നു എന്നറിഞ്ഞപ്പോൾ അവൾ മധുരയിലെ വീട് വിട്ട് ചൈന്നൈയിലേക്ക് ഒളിച്ചോടി. പാട്ടുകാരിയാവണം എന്ന ആഗ്രഹം അത്രമേൽ അദമ്യമായിരുന്നു. മക്കൾക്കുവേണ്ടി മാത്രം ജീവിച്ച ആ അമ്മയ്ക്കു മുന്നിൽപോലും അവൾ തോറ്റില്ല.

സ്ത്രീകൾക്കുവേണ്ടി വായിക്കാൻ പക്കമേളക്കാർ തയാറാകാതിരുന്ന കാലത്ത് രാജ്യത്തെ ഏറ്റവും മികച്ച സംഗീതജ്ഞയായി അവൾ വളർന്നു. ആർക്കും അടിയറ വയ്ക്കാത്ത ഇച്ഛാശക്തിയും സമർപ്പണവും മൂലം ലോകത്തിനു മുന്നിൽ ഇന്ത്യയുടെ സാംസ്കാരിക മുഖമായി. രാജ്യം കണ്ട ഏറ്റവും പ്രശസ്‌തയായ കർണാടക സംഗീതജ്‌ഞ, ഇന്ത്യയിൽനിന്നു മഗ്‌സസേ പുരസ്‌കാരം നേടിയ ആദ്യ മ്യുസിഷ്യൻ, സംഗീതരംഗത്തെ ആദ്യ ഭാരതരത്നം... വിശേഷണങ്ങൾ അവസാനിക്കില്ല.

ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം അവൾ നേടി, ഒന്നൊഴിച്ച്. ഒരുപക്ഷേ, നാമെല്ലാം മറ്റേതു നേട്ടത്തേക്കാൾ വിലമതിക്കുന്നത് അവൾക്കു നഷ്ടപ്പെട്ടു. അവളുടെ പ്രണയം! ആ കഥയാണ് ഏതാനും വർഷംമുമ്പ് പ്രഗദ്ഭ പത്രപ്രവർത്തകൻ ടി.ജെ.എസ്.ജോർജ് കണ്ടെത്തിയ, എംഎസ് തന്റെ കാമുകന് അയച്ച ഇരുപതോളം കത്തുകൾ പറയുന്നത്. ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിച്ച ‘എംഎസ്–എ ലൈഫ് ഇൻ മ്യൂസിക് ’ എന്ന പുസ്‌തകത്തിൽ ടിജെഎസ് ഇതു രേഖപ്പെടുത്തുന്നു.

എല്ലിസ് ആർ.ഡങ്കൻ സംവിധാനം ചെയ്‌ത ‘ശകുന്തളൈ’ (1940) എന്ന തമിഴ് സിനിമയിൽ സുബ്ബുലക്ഷ്‌മിയുടെ നായകനായിരുന്നു കർണാടക സംഗീതത്തിലെ അദ്ഭുത പ്രതിഭയായ ജി.എൻ.ബാലസുബ്രഹ്‌മണ്യം എന്ന ജിഎൻബി.  അദ്ദേഹത്തിന്റെ സംഗീത പാണ്ഡിത്യം മാത്രമല്ല വശ്യമായ സൗന്ദര്യവും ആകർഷകമായ വസ്‌ത്രധാരണവും ജനങ്ങളെ ഒട്ടൊന്നുമല്ല ആകർഷിച്ചിരുന്നത്. ‘കർണാടക സംഗീതത്തിലെ ജവാഹർലാൽ നെഹ്‌റു’ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ജിഎൻബിയുടെ പ്രതിഭയിൽ മുമ്പേ ആകൃഷ്‌ടയായിരുന്ന എംഎസ് അദ്ദേഹവുമായി പ്രണയബദ്ധയാവുന്നത് ശകുന്തളൈയുടെ ഷൂട്ടിങ്ങിനിടെയാണ്. പാപനാശം ശിവൻ എഴുതി രാജഗോപാല ശർമ സംഗീതം നൽകിയ ഇതിലെ പാട്ടുകൾ പാടിയിരിക്കുന്നതും ജിഎൻബിയും എംഎസും ചേർന്ന്.

അതിതീവ്രമായിരുന്നു ആ പ്രണയം. അക്കാലത്തും പിന്നീടും എംഎസ് എഴുതിയ കത്തുകളിൽ മനസ്സിന്റെ ഈ ‘പിടച്ചിൽ’ തെളിഞ്ഞു നിൽക്കുന്നു. തന്റെ പ്രിയപ്പെട്ടവൻ എപ്പോഴും തന്നെ നോക്കാറില്ലെന്നും കൊതി തീരുവോളം സ്‌പർശിക്കാറില്ലെന്നും ഒടുപാടുനേരം ഒപ്പം ചെലവഴിക്കാറില്ലെന്നും ഒരു കത്തിൽ പരിഭവിക്കുന്നു. 

പ്രണയത്തിൽ എംഎസ് അന്ധയായി പോകുന്നതു ചിലയിടത്തു കാണാം. ‘ അങ്ങയുടെ ഫോട്ടോ മാറോടണച്ചു ഞാൻ കരയുകയാണ്. ഈ ഫോട്ടോയ്‌ക്ക് എന്നോടു സംസാരിക്കാനുള്ള കഴിവുണ്ടോ കണ്ണാ...’

‘മാന്യ ജിഎൻബി അവർകൾക്ക്,’ എന്ന് അഭിസംബോധന ചെയ്‌തുകൊണ്ടാണു പല കത്തുകളും ആരംഭിക്കുന്നത്. പക്ഷേ, അവസാനത്തിലെത്തുമ്പോഴേക്കും എംഎസ് വികാര വിവശയായിപ്പോവുന്നു. ‘എന്റെ ജീവിതവും ശരീരവും ആത്മാവും സ്വന്തമാക്കിയ എന്റെ പ്രിയപ്പെട്ടവന് ’, ‘എന്റെ പ്രാണപ്രിയന് ’, ‘എന്റെ ജീവിതം സ്വന്തമാക്കിയിട്ട് എന്നെ ദുഃഖത്തിൽ ആഴ്‌ത്തുന്നവന് ’ എന്നൊക്കെയാണ് ഉപസംഹാരം..

കണ്ണാ, അൻപേ... തുടങ്ങിയ മധുരപദങ്ങൾ കത്തുകളിൽ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്.

‘എനിക്ക് അങ്ങയെ കൺനിറയെ കണ്ടുകൊണ്ടിരുന്നാൽ മാത്രം മതി. അങ്ങെന്നെ നോക്കാതിരിക്കുമ്പോൾ ഞാൻ വാടിത്തളർന്നു പോകുന്നു... എനിക്ക് അങ്ങയോടുള്ള സ്‌നേഹം എത്രമാത്രമെന്ന് എന്റെ മരണശേഷമെങ്കിലും അങ്ങേക്കു മനസ്സിലാകും. എനിക്ക് ഉള്ളു തുറന്നു സംസാരിക്കാനും വിഷമങ്ങൾ പറഞ്ഞു കരയാനും വേറെയാരുമില്ല. എല്ലാ ദിവസവും ഞാൻ അങ്ങയെ സ്വപ്‌നം കാണുന്നു. സിനിമയുടെ ഷൂട്ടിങ്ങിനിടെ അങ്ങെന്നെ സ്‌പർശിക്കുമ്പോൾ എനിക്കു സ്വർഗീയ ആനന്ദമുണ്ടാവും. എനിക്കു പണം വേണ്ട, അങ്ങയുടെ സ്‌നേഹം മാത്രം മതി. ജനനം മുതൽ എന്റെ ജീവിതം ദുരിതപൂർണമായിരുന്നു. നമുക്ക് ഒരുമിച്ചു ജീവിക്കണം...’

പക്ഷേ തന്റെ ഹൃദയാഭിലാഷം സഫലമാക്കാൻ എംഎസിനു കഴിഞ്ഞില്ല. ചെന്നൈയിൽ എംഎസിന്റെ രക്ഷാകർത്താവായ ടി.സദാശിവം നേരത്തേതന്നെ അവരെ നോട്ടമിട്ടിരിക്കുകയായിരുന്നു. (സംഗീതോത്സവങ്ങളിൽ പങ്കെടുക്കാനായി എംഎസ് ചെന്നൈയിൽ അമ്മയ്ക്കൊപ്പം അൽപനാൾ വാടകവീട്ടിൽ താമസിച്ചിരുന്നു. അക്കാലത്ത് ആനന്ദ വികടൻ മാസികയ്‌ക്കുവേണ്ടി ഇന്റർവ്യു ചെയ്യാനെത്തിയാണ് ടി.സദാശിവം എംഎസുമായി അടുക്കുന്നത്. വിവാഹം ഭയന്ന് ചെന്നൈയിലേക്ക് ഒളിച്ചോടിയ എംഎസിന് അവിടെ അറിയാവുന്ന ചുരുക്കം പേരിൽ ഒരാളായിരുന്നു സദാശിവം.)

സിനിമാ നിർമാതാവും കോൺഗ്രസ് പ്രവർത്തകനും വ്യാപാരിയുമായിരുന്ന സദാശിവത്തിനു സുബ്ബുലക്ഷ്‌മിയെ സ്വന്തമാക്കുന്നതിലൂടെ എത്തിച്ചേരാവുന്ന ഉയരങ്ങളെപ്പറ്റി വ്യക്‌തമായ കണക്കുകൂട്ടൽ ഉണ്ടായിരുന്നു. ജിഎൻബിയുമായുള്ള സുബ്ബുവിന്റെ ബന്ധം വിവാഹത്തിൽ എത്തുന്നതിനുമുമ്പേ ധൃതിപിടിച്ചു സദാശിവം അവരെ വിവാഹം ചെയ്‌തു. ഒരു നിർബന്ധിത വിവാഹം എന്നും പറയാം..

വിവാഹത്തിനുശേഷം തന്റെ ഭർത്താവിനോട് അചഞ്ചലമായ കൂറ് എംഎസ് പുലർത്തി. മറ്റൊരു തരത്തിൽ പറഞ്ഞാൽ, എംഎസിന്റെ ഊണിലും ഉറക്കത്തിലും സദാശിവം സദാകൂടെയുണ്ടായിരുന്നു, ഒരു നിധി കാവൽക്കാരനെപ്പോലെ. വിവാഹത്തിനുശേഷം എംഎസിന്റെ കരിയറിൽ വൻകുതിച്ചു കയറ്റം ഉണ്ടായി. തന്റെ ഭാര്യയുടെ കർണാടകസംഗീതത്തിലെ അദ്ഭുത കഴിവുകളെ എങ്ങനെ മാർക്കറ്റ് ചെയ്യണമെന്നു സദാശിവത്തിനു നന്നായി അറിയാമായിരുന്നു.

ടിജെഎസ് ജോർജ് എഴുതുന്നു: ‘ സദാശിവത്തെപ്പോലെ, സ്വന്തം ഭാര്യയുടെ തൊഴിലിൽ നിർണായക സ്വാധീനം ചെലുത്തി, അതിനെ രൂപപ്പെടുത്തി, ഗതിതിരിച്ചുവിട്ട മറ്റൊരു ഭർത്താവില്ല...സദാശിവം ഇല്ലായിരുന്നെങ്കിൽ എംഎസ് ആൾക്കൂട്ടത്തിലെ ഒരു മുഖം മാത്രമായി കടന്നുപോകുമായിരുന്നു.’

ജിഎൻബി എംഎസിനെ തീവ്രമായി പ്രണയിച്ചിരുന്നോ? ആ മനസ്സിൽ എംഎസിന് എന്നും സ്‌ഥാനം ഉണ്ടായിരുന്നു. അതുകൊണ്ടാണല്ലോ, ഒരു കത്തുപോലും നഷ്‌ടപ്പെടുത്താതെ സൂക്ഷിച്ചു വച്ചിരുന്നത്.

സുബ്ബുലക്ഷ്‌മിയുടെ ഹൃദയവിളുമ്പുകൾ കവിഞ്ഞൊഴുകിയ സ്‌നേഹമായിരുന്നോ അവരുടെ പാട്ടുകൾ?