ജയയുടെ പാട്ടുകൾ

എംജിആർ നായകനായി കെ.ശങ്കറിന്റെ സംവിധാനത്തിൽ 1969ൽ ഇറങ്ങിയ ‘അടിമൈപ്പെണ്ണ്’ തമിഴ് സിനിമയിൽ കലക്‌‌‌‌‌‌‌‌ഷൻ റെക്കോർഡിട്ടു. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ തിയറ്ററിൽ നൂറു ദിവസം ഓടിക്കൊണ്ടായിരുന്നു ആ നേട്ടം. (നാലു വർഷത്തിനുശേഷം മറ്റൊരു എംജിആർ ചിത്രമായ ‘ഉലകം ചുറ്റും വാലിബൻ’ എത്തുംവരെ ആ റെക്കോർഡ് നിലനിന്നു.) കേരളത്തിലും ‘അടിമൈപ്പെണ്ണ്’ തരംഗമായിരുന്നു.

മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു ‘അടിമപ്പെണ്ണി’ന്. നല്ല കൊഞ്ചലുള്ള, ആർക്കും ഇഷ്ടം തോന്നുന്ന ഒരു സ്വരം കൂടി ആ സിനിമ തമിഴകത്തിനു സംഭാവന ചെയ്തു. തമിഴകത്തിന്റെ ഹരമായിരുന്ന നടി ജയലളിത ആദ്യമായി പിന്നണി പാടി.

‘അമ്മാ എൻട്രാൽ അൻപ്

അപ്പാ എൻട്രാൽ അറിവ്’

(അമ്മയെന്നാൽ സ്നേഹം, അച്ഛനെന്നാൽ അറിവ്). വാലി എന്ന മഹാ ഗാനരചയിതാവിന്റെ അർഥസമ്പുഷ്ടമായ വരികൾ. കെ.വി.മഹാദേവന്റെ സംഗീതം. ഒരു താരാട്ടിന്റെ മട്ടിലുള്ള പാട്ട്. അതേ സിനിമയിലെ ‘ഏമാട്രാതെ ഏമാറാതെ..., കാലത്ത വെ‍ൻട്രാൽ... തുടങ്ങിയവയോളം ഹിറ്റായില്ലെങ്കിലും ജയലളിതയുടെ അരങ്ങേറ്റം ശ്രദ്ധിക്കപ്പെട്ടു.

‘ഒരുവരുക്കാകെ മഴയില്ലൈ

ഒരുവരുക്കാകെ നിലാവില്ലൈ

വരുവതെല്ലാം അണൈവരുക്കും’

തുടങ്ങിയ സാരാംശപ്രധാനമായ വരികൾ ഇപ്പോഴും തമിഴന്റെ ചുണ്ടിലുണ്ട്. അതിഗംഭീരം എന്നു പറയാനാവില്ലെങ്കിലും നന്നായി പാടി ജയലളിത. ഗാനരംഗവും മികച്ച അഭിനയത്തിലൂടെ രസകരമാക്കി.

ജയലളിത എന്ന രാഷ്ട്രീയക്കാരിയും നടിയും പ്രശസ്തയാണെങ്കിലും അവർ ഒരു പിന്നണി ഗായികയായിരുന്നു എന്നറിയുന്നവർ ചുരുക്കം. സ്കൂളിൽ പഠിക്കുമ്പോൾ നല്ലരീതിയിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചിരുന്നെങ്കിലും ഒരു പ്രഫഷനൽ ഗായികയാകാൻ ആഗ്രഹിച്ചിരുന്നില്ല. ‘കണ്ണൻ എൻ കാതലൻ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലെ ഇടവേളയിൽ അവർ നേരമ്പോക്കിനായി പാടുന്നതു ശ്രദ്ധിച്ച സാക്ഷാൽ എംജിആർ തന്നെയാണ് അവരോട് പിന്നണി പാടാൻ ആവശ്യപ്പെട്ടത്. ആദ്യമൊക്കെ വിസമ്മതിച്ചുവെങ്കിലും പതിവുപോലെ എംജിആർ നിർദേശിച്ചു, ജയ അനുസരിച്ചു.

ചുരുക്കം ഗാനങ്ങളേ പാടിയുള്ളൂവെങ്കിലും പ്രമുഖ സംഗീതജ്‍ഞരായ എം.എസ്.വിശ്വനാഥൻ, കെ.വി.മഹാദേവൻ, ടി.ആർ.പാപ്പ, ശങ്കർ ഗണേഷ് എന്നിവരുടെ ഈണങ്ങൾക്കു ജീവൻ നൽകാൻ അവർക്കു കഴിഞ്ഞു. അതുപോലെ, ടി.എം.സൗന്ദർ രാജൻ, എസ്.പി.ബാലസുബ്രഹ്മണ്യം, പി.സുശീല, എൽ.ആർ.ഈശ്വരി എന്നിവർക്കൊപ്പം യുഗ്മഗാനങ്ങൾ പാടി. പല മട്ടിലുള്ള ഗാനങ്ങളും തനിക്കു വഴങ്ങുമെന്നും ജയ തെളിയിച്ചു. 1973ലെ ‘വന്താളേ മഹാരാശി’ എന്ന ചിത്രത്തിൽ ശങ്കർ ഗണേഷിനൊപ്പം അവർ പാടിവച്ചത് മനോഹരമായ ഒരു ഫാസ്റ്റ് നമ്പറാണ്– ‘കൺകളിൽ ആയിരം സ്വീറ്റ് ഡ്രീംസ്...’. മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ‘തിരുമാംഗല്യം’ എന്ന ചിത്രത്തിലും സ്വന്തം കഥാപാത്രത്തിനുവേണ്ടി പാടിയത് അവർ തന്നെയാണ്. (ജയയുടെ നൂറാം സിനിമ)

ആകർഷിക്കുന്ന ശബ്ദം, ശാസ്ത്രീയമായി പാടാനുള്ള കഴിവ്, സിനിമയിലെ ഉന്നത ബന്ധങ്ങൾ... ശ്രമിച്ചിരുന്നെങ്കിൽ ഒട്ടേറെ അവസരങ്ങൾ ജയലളിതയ്ക്കു ലഭിക്കുമായിരുന്നു. പക്ഷേ, അഭിനയവും പിന്നെ രാഷ്ട്രീയവുമായിരുന്നു അവരുടെ കർമമേഖല. പിന്നണി ഗാനരംഗത്തോടു വിട പറഞ്ഞ ശേഷവും ആൽബങ്ങളിൽ പാടി. വയലിൻ അദ്ഭുതം കുന്നക്കുടി സംഗീതം നൽകിയ മാരിയമ്മൻ ഭക്തിഗാനങ്ങളിൽ ജയയുടെ ആലാപനം ശ്രദ്ധേയമായിരുന്നു.

നമ്മെ രോമാ‍ഞ്ചമണിയിച്ച എത്രയോ ഗാനരംഗങ്ങളിലെ നായിക, പോരാത്തതിന് തമിഴ് പിന്നണി ഗായികയും. എങ്കിലും ജയലളിതയ്ക്കു പ്രിയം ഹിന്ദി ഗാനങ്ങൾ ആയിരുന്നു! സിമി ഗരേവാളുമായ അഭിമുഖത്തിൽ തന്റെ ഏറ്റവും പ്രിയപ്പെട്ടതായി അവർ എടുത്തു പറഞ്ഞ മൂന്നു പാട്ട് ഇവയാണ്. 1. ഷമ്മി കപൂറിനുവേണ്ടി റഫി പാടിയ ‘യാഹൂ...’ (ചിത്രം– ജംഗ്ലി. ശൈലേന്ദ്രയുടെ വരികൾക്ക് ശങ്കർ ജയ്കിഷന്റെ സംഗീതം.) 2. ലതാ മങ്കേഷ്കറുടെ സോളോ ‘യേ മാലിക് തേരേ ബന്ദേ ഹം...’ (ചിത്രം–ദോ ആഖേം ബാരാ ഹാത്. ഭാരത് വ്യാസിന്റെ വരികൾക്ക് വസന്ത് ദേശായിയുടെ സംഗീതം.). 3. രാജ് കപൂറും നർഗീസും തിരശ്ശീലയിൽ അനശ്വരമാക്കിയ ‘ചോരി ചോരി’യിലെ ‘ആജാ  സനം...’ (ഹസ്രത്ത് ജയ്പുരിയുട വരികൾക്കു ശങ്കർ ജയ്കിഷന്റെ സംഗീതം. ലതാ മങ്കേഷ്കറും മന്നാഡേയും.)

അഭിനയവും രാഷ്ട്രീയവും തനിക്കു വെറുപ്പായിരുന്നുവെന്ന് ജയലളിത വെട്ടിത്തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ, അതിൽ എത്തിപ്പോയതുകൊണ്ട് അവ നന്നായി ചെയ്തു എന്നു മാത്രം. പക്ഷേ, അവർ അത്രയൊന്നും സംഭാവനകൾ നൽകാതിരുന്ന സംഗീതത്തെ എന്നും നെഞ്ചോടു ചേർത്തുപിടിച്ചിരുന്നു. ഇടവേളകളിലെല്ലാം പാട്ടുകൾ മൂളുമായിരുന്നു. യൗവനാരംഭത്തിൽത്തന്നെ ആരോരുമില്ലാതായിപ്പോയ ജയയുടെ എക്കാലത്തെയും കൂട്ടും ആശ്വാസവും പാട്ടുകളായിരുന്നു. നമ്മിൽ പലർക്കും എന്നപോലെ.