Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമിതട്ടിപ്പുകാരിയെ മുഖ്യമന്ത്രിയാക്കുന്നത് ശരിയോ? ശശികലയ്ക്കെതിരെ വീണ്ടും ഗംഗൈ അമരൻ

sasikala-gangai-amaren

അമ്മയുടെ പിൻഗാമിയായി തമിഴകത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ ശ്രമങ്ങൾ അനിശ്ചിതാവസ്ഥയിലാണ്. വൻ രാഷ്ട്രീയ നാടകങ്ങളാണ് തമിഴ്നാട്ടിൽ അരങ്ങേറുന്നത്. ശശികലയ്ക്കെതിരായി നിരവധി കലാകാരൻമാരാണ് ഇതിനോടകം രംഗത്തുവന്നത്. ശശികല അധികാരത്തിൽ ചുവടുറപ്പിക്കാൻ എത്തുന്നു എന്ന സൂചന വന്നപ്പോഴേ സംഗീത സംവിധായകൻ ഗംഗൈ അമരൻ അവർക്കെതിരെ കടുത്ത ആരോപണവുമായെത്തിയിരുന്നു. ഇപ്പോൾ കൂടുതൽ ശക്തമായി തന്റെ നിലപാട് വ്യക്തമാക്കുകയാണ് അദ്ദേഹം. 

ശശികലയിൽ നിന്ന് ഒരുപാട് തിക്താനുഭവങ്ങൾ വ്യക്തിപരമായി നേരിടേണ്ടി വന്നിട്ടുണ്ട്. എന്റെ സ്വപ്നമായിരുന്ന വസ്തുക്കളും വീടും കബളിപ്പിച്ചു സ്വന്തമാക്കിയതാണവർ. അങ്ങനെയുള്ളൊരാൾക്ക് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാൻ എന്താണ് യോഗ്യത. ഗംഗൈ അമരൻ ചോദിച്ചു. 

മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നിലുള്ള രഹസ്യം പുറത്തുകൊണ്ടുവരണം. അനധികൃത സ്വത്തുസമ്പാദനക്കേസിൽ പ്രതിയായ ശശികലയുടെ കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കേ എന്താണ് അവരെ മുഖ്യമന്ത്രിയായി അവരോധിക്കാൻ ഇത്ര തുടക്കം? അദ്ദേഹം ചോദിച്ചു. ശശികലയ്ക്ക് എംഎൽഎമാരുടെ പിന്തുണയുണ്ടായിരിക്കാം...പക്ഷേ ജനപിന്തുണ ഒ പനീർ ശെല്‍വത്തിനൊപ്പം തന്നെയെന്നതിനു നിരവധി തെളിവുകളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

വർഷങ്ങൾ പഴക്കമുളള പ്രശ്നമാണ് ഗംഗൈ അമരനും ശ‌ശികലയ്ക്കുമിടയിലുള്ളത്. പരസ്യമായ രഹസ്യമായിരുന്നു അടുത്തകാലം വരെ ഇത്. ഈ വിഷയത്തിൽ ഗംഗൈ അമരൻ അധികം പ്രതികരിച്ചിട്ടുമില്ല. ഓൾഡ് മഹാബലിപുരം റോഡിലുള്ള പൈനൂരില്‍ 22 ഏക്കറിലായി ഗംഗൈ അമരൻ പണികഴിപ്പിച്ചതായിരുന്നു ഫാം ഹൗസ്. എഴുത്തു ജീവിതം അവിടെ തുടരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഗംഗൈ അമരന്റെ സ്വപ്നം തന്നെയായിരുന്നു അത്. ഒരു യാത്രയ്ക്കിടയിൽ ഈ ഭൂമി കണ്ട ശശികലയ്ക്ക് അത് സ്വന്തമാക്കണം എന്ന മോഹമുദിച്ചു. ഇതിനായി ഗംഗൈ അമരനെ സമീപിച്ചെങ്കിലും അദ്ദേഹം അതു നിരസിച്ചു. അദ്ദേഹം തന്റെ ജീവിതത്തിന്റെ മുഴുവൻ സമ്പാദ്യവുമെടുത്തു നിർമ്മിച്ചതായിരുന്നു ആ ഫാം ഹൗസ്. ആഗ്രഹത്തിനു വഴങ്ങാത്ത സംവിധായകനെ ഭീഷണിപ്പെടുത്തിയും മാനസികമായി പീഡിപ്പിച്ചും ചുളുവിലയ്ക്ക് ശശികലയും സംഘവും ഭൂമി സ്വന്തമാക്കി.  ശശികല നിയോഗിച്ച കുറേ പേർ പോയസ് ഗാർഡനിലുള്ള അവരുടെ വസതിയിലേക്ക് ബലംപ്രയോഗിച്ചു തന്നെ കൊണ്ടുപോയി നിർബന്ധിച്ച് രേഖകളിൽ ഒപ്പുവയ്പ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കോടികൾ വിലമതിക്കുന്ന വസ്തുവും കെട്ടിടവും വെറും പതിമ്മൂന്ന് ലക്ഷത്തിനാണ് ഗംഗൈ അമരനെ ഭീഷണിപ്പെടുത്തി ശശികല സ്വന്തമാക്കിയത്. കനത്ത സാമ്പത്തിക നഷ്ടമാണ് ഗംഗൈ അമരനുണ്ടായത്. അതിൽ നിന്നു കരകയറാൻ ഏറെക്കാലം പണിപ്പെടേണ്ടി വന്നു അദ്ദേഹത്തിന്.അരപ്പൂർ ഇയക്കം എന്ന എൻജിഒ ഇക്കാര്യങ്ങൾ സ്ഥീരികരിക്കുന്ന വി‍ഡിയോയും പുറത്തുവിട്ടു.സംഗീത സംവിധായകൻ ഇളയരാജയുടെ ജ്യേഷ്ഠനും കൂടിയാണ് ഗംഗൈ അമരൻ.

ഭൂമിതട്ടിപ്പ് കേസ്: ശശികലയ്ക്കെതിരെ വീണ്ടും ഗംഗൈ അമരൻ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.