കയ്യിലൊരു നയാപൈസയില്ല

നയാപൈസയില്ല കയ്യിലൊരു

നയാപൈസയില്ല

നഞ്ചുവാങ്ങിത്തിന്നാൻ പോലും

നയാപൈസയില്ല’

കറൻസി നിയന്ത്രണം മൂലം സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന ഈ ദിവസങ്ങളിൽ സംഗീതപ്രേമികളുടെ കൂട്ടായ്മകളിലെ താരം ഈ ഗാനമാണ്. 1960ൽ ഉദയായുടെ ബാനറിൽ കുഞ്ചാക്കോതന്നെ സംവിധാനം ചെയ്ത ‘നീലിസാലി’ക്കു വേണ്ടി പി.ഭാസ്കരൻ രചിച്ച് കെ.രാഘവൻ ഈണം നൽകി മെഹബൂബ് പാടിയ ഗാനം.

കയ്യിൽ പണമില്ലാത്തവന്റെ സങ്കടങ്ങളാണു പാട്ടിന്റെ വിഷയം. കയ്യിൽ പണമില്ലാതായതിന്റെ കാരണം ഭാസ്കരൻ എഴുതുന്നത് ഇങ്ങനെ:

‘ശകുനപ്പിഴയുടെ ഫലമാണ് ഒരു

ശനിയനെ കണ്ടതിൻ ഫലമാണ്.’

പണമില്ലാത്തതിന്റെ പേരിൽ നായകനു പല സങ്കടങ്ങൾ ഉണ്ടെങ്കിലും ഏറ്റവും വലുത് അനുരാഗവുമായി ബന്ധപ്പെട്ടതുതന്നെ. പ്രണയത്തിനു പണമൊരു മാനദണ്ഡമാണെന്ന ആരോപണം കവി ശരിവയ്ക്കുന്നു.

‘ കണ്മണി നിന്നെ കാണും നേരം

കരളിൽ കടന്നല് കുത്തുന്നു’

ഗാനം അവസാനിക്കുന്നതും പ്രിയതമയുടെ സ്മരണയിലാണ്. ദാരിദ്ര്യത്തിന്റെ സങ്കടങ്ങൾ സ്വന്തം ജീവിതത്തിൽ പലപ്പോഴും അറിഞ്ഞിട്ടുള്ളതുകൊണ്ടാവും ആ നൊമ്പരമൊക്കെ ആലാപനത്തിൽ പ്രതിഫലിപ്പിക്കാൻ മെഹബൂബിന് അനായാസം കഴിഞ്ഞത്.

‘നീലി സാലി’യിൽ ഇതിനു പുറമെ അഞ്ചു പാട്ടുകൂടി മെഹബൂബ് പാടിയിട്ടുണ്ട്. നിർമാതാവ് കുഞ്ചാക്കോയുടെ കടുത്ത നിർബന്ധം കൊണ്ടു മാത്രമാണ് ഈ ചിത്രത്തിൽ മെഹബൂബ് സഹകരിച്ചത്. സിനിമയോടു താൽപര്യം കുറഞ്ഞ് നാടകവും കച്ചേരികളുമായി നടക്കുന്ന കാലത്താണ് കുഞ്ചാക്കോ നേരിട്ടെത്തി ‘നീലി സാലി’യിൽ പാടാൻ മെഹബൂബിനെ ക്ഷണിക്കുന്നത്. അദ്ദേഹം ഒഴിഞ്ഞുമാറി. എന്നാൽ പാട്ടുകൾ അദ്ദേഹംതന്നെ പാടിയാലേ നന്നാവൂ എന്നു കുഞ്ചാക്കോ ഉറപ്പിച്ചു. പക്ഷേ, മെഹബൂബ് മുങ്ങിക്കളഞ്ഞു. കുഞ്ചാക്കോ ആളുകളെ ഫോർട്ടുകൊച്ചിയിൽ വിട്ട് അന്വേഷിപ്പിച്ചു. കിട്ടിയില്ല. കൽവത്തിയിലെ സുഹൃത്ത് സ്രാങ്ക് ആലിയുടെ വീട്ടിലായിരുന്നു മെഹബൂബ്. ഒടുവിൽ അവിടെനിന്നു പിടികൂടി. കുഞ്ചാക്കോ വല്ലാതെ നിർബന്ധിച്ചപ്പോൾ മെഹബൂബ് വഴങ്ങുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമായ ‘മെഹബൂബ്: ജീവിത നൗകയിലെ പാട്ടുകാരൻ’ എന്ന ഗ്രന്ഥത്തിൽ ടി.എസ്. ഇസ്മ പറയുന്നു.

ഇങ്ങനെ കാശില്ലാത്തവന്റെ കഥ പാടിയ മെഹബൂബ് തന്നെയാണ് നൂറിന്റെ നോട്ടുകൊണ്ട് ആറാട്ട് നടത്തുന്ന പാട്ടും മനോജ്ഞമാക്കിയതെന്ന കൗതുകമുണ്ട്.

വൈക്കം ചന്ദ്രശേഖരൻ നായരുടെ പ്രശസ്തമായ ‘ഡോക്ടർ’ നാടകം സിനിമയായപ്പോൾ അതിൽ പി.ഭാസ്കരൻ രചിച്ച് ദേവരാജൻ ഈണമിട്ട

‘കേളടി, നിന്നെ ഞാൻ

കെട്ടുന്ന കാലത്ത്

നൂറിന്റെ നോട്ടുകൊണ്ടാറാട്ട്

കണ്ണാണേ, നീയെന്നെ കെട്ടിയില്ലെങ്കിൽ

കണ്ണീരിലാണെന്റെ നീരാട്ട്...’

എന്ന മനോഹരമായ ഗാനം. മെഹബൂബിനൊപ്പം കോട്ടയം ശാന്തയും ഏതാനും വരികൾ ആലപിച്ചിരിക്കുന്നു. ഒരു പെണ്ണിനു പിന്നാലെ, അവളുടെ ആട്ടും അടിയും കൊണ്ട് പ്രണയം പറഞ്ഞു നടക്കുന്ന പൂവാലനായി എസ്.പി.പിള്ള അഭിനയിച്ചു തകർത്ത ഗാനരംഗം. തനി ഹാസ്യമായ ഈണം ഒരുക്കിയതു ചിട്ടക്കാരനായ ദേവരാജൻ മാസ്റ്ററാണെന്നു വിശ്വസിക്കാൻ പ്രയാസം. ഓർക്കസ്ട്രേഷനിൽ തമാശ തുളുമ്പിയതിനു പിന്നിൽ ആർ.െക. ശേഖറിന്റെ ഇടപെടലുണ്ടത്രേ.

എന്തായാലും അസാധ്യമായി പാടി മെഹബൂബ്. നാട്ടിലാകെ ദാരിദ്ര്യമുള്ള കാലത്ത് പെണ്ണിനെ വശത്താക്കാനായി പണമെറിയുന്ന കാമുകന്റെ വികാരങ്ങൾ പി.ഭാസ്കരൻ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. പെണ്ണിനെ സ്വന്തമാക്കാൻ സാധിച്ചാൽ .... കാമുകന്റെ വാഗ്ദാനം നോക്കൂ...

‘അപ്പനുമമ്മയ്ക്കും ആയിരം വീതം

അച്ചായന്മാർക്കൊക്കെ അഞ്ഞൂറു വീതം

അയലത്തുകാർക്കൊക്കെ അമ്പതു വീതം

അച്ചാരം നൽകീട്ടു കല്യാണം’

തീർത്തും സാധാരണക്കാരനായ താൻ പണം ഉണ്ടാക്കിയത് എങ്ങനെയെന്നും കാമുകൻ വിശദീകരിക്കുന്നുണ്ട്.

്‘ആസാമിൽ ഞാൻ പോയതാരിക്കുവേണ്ടി

കാശങ്ങു വാരിയതാരിക്കു വേണ്ടി?’

ഇന്ന് അസമിൽനിന്നു തൊഴിൽതേടി ആളുകൾ കേരളത്തിലേക്കു വരുന്നു. പക്ഷേ, അക്കാലത്ത് കേരളത്തിലെ ചെറുപ്പക്കാർ പണി ചെയ്യാൻ അങ്ങോട്ടു പോയിരുന്നു! (വൈലോപ്പിള്ളിയുടെ ‘ആസാം പണിക്കാർ’ എന്ന കവിത ഓർമിക്കാം). ഈ സാമൂഹിക സാഹചര്യങ്ങളെല്ലാം ഈ ഹാസ്യഗാനത്തിൽ പി.ഭാസ്കരൻ കൊണ്ടുവരുന്നു.

നമ്മുടെ ചലച്ചിത്രഗാനങ്ങളിൽ പണത്തിന്റെ ദൗർലഭ്യം പറയുന്ന ഗാനവും സമൃദ്ധി വിളംബരം ചെയ്യുന്ന പാട്ടും ഒരേ തൂലികയിൽനിന്നാണു പിറന്നതെന്നതു യാദൃച്ഛികമാവാം. രണ്ടും പാടാൻ ഭാഗ്യം ലഭിച്ചതും ഒരാൾക്കുതന്നെ. ഇത്തരം ഗാനങ്ങൾ മനോഹരമായി പാടി ഫലിപ്പിച്ചതുകൊണ്ട് മെഹബൂബിനു തുടർച്ചയായി ഹാസ്യഗാനങ്ങൾ ലഭിച്ചു. ഡോക്ടറിലെതന്നെ ‘വണ്ടീ വണ്ടീ നിന്നെപ്പോലെ...’ എന്ന ഗാനവും മെഹബൂബാണു പാടിയിരിക്കുന്നത്. കൃതഹസ്തനായ ആ ഗായകൻ ഹാസ്യഗാന ശ്രേണിയിൽ തളച്ചിടപ്പെട്ടു എന്ന ദൗർഭാഗ്യവും വന്നുപിണഞ്ഞു.