Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരിവരാസനം വിശ്വമോഹനം...

ഹൃദയവ്യഥകൾ തുടച്ചുമാറ്റുന്ന ശുദ്ധവായു, കൽമഷത്തിന്റെ തീനാളങ്ങൾ അണയ്‌ക്കുന്ന തണുപ്പ്, ഒന്നിനോടൊന്ന് ഒട്ടിനിൽക്കുന്ന കോടമഞ്ഞു മൂടിയ മലനിരകൾ...ശബരിമലയിലെ രാത്രി. യേശുദാസ് പാടുന്നു ‘ഹരിവരാസനം വിശ്വമോഹനം....’ അയ്യപ്പൻ ഉറങ്ങാൻ പോവുകയാണ്. ശബരിമലയിലെ ജനനിബിഡവും ഭക്തിസാന്ദ്രവുമായ രാത്രിയെ ഈ ഗാനം എത്രമാത്രം വിശുദ്ധീകരിക്കുന്നു എന്ന് അനുഭവിച്ചറിയുക തന്നെ വേണം.

ശബരീശ സന്നിധിയിൽനിന്ന് അതു മൊബൈൽ ഫോണിലൂടെ ബന്ധുക്കളെ തൽസമയം കേൾപ്പിക്കുന്ന ആയിരങ്ങളെ ഇക്കാലത്തു ശബരിമലയിൽ കാണാം. അയ്യപ്പസന്നിധിയിൽ ഈ ഉറക്കുപാട്ടു കേൾക്കുമ്പോൾ തങ്ങൾക്കുണ്ടാവുന്ന അനുപമമായ ആത്മീയാനുഭവത്തിന്റെ പങ്ക്, മല ചവിട്ടാൻ ഭാഗ്യം ലഭിക്കാത്ത തങ്ങളുടെ പ്രിയപ്പെട്ടവർക്കു പകരാനുള്ള അഭിനിവേശമാണ് ഈ ‘മൊബൈൽ സംപ്രേഷണം.’ മെറിലാൻഡ് സുബ്രഹ്മണ്യം നിർമിച്ച ‘സ്വാമി അയ്യപ്പൻ (1975)’ എന്ന സിനിമയ്ക്കുവേണ്ടിയാണ് യേശുദാസ് ആദ്യമായി ഹരിവരാസനം ആലപിക്കുന്നത്.‘സ്വാമി അയ്യപ്പൻ’ എന്ന ചിത്രത്തിന്റെ ജനപ്രീതിയും കലാമൂല്യവും പരിഗണിച്ചു ദേവസ്വം ബോർഡ് ആ ചിത്രത്തിന് പ്രത്യേക പുരസ്കാരം നൽകിയിരുന്നു. പുരസ്‌കാരദാന ചടങ്ങിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രഖ്യാപിച്ചു. ‘യേശുദാസ് പാടിയ ഹരിവരാസനം എന്ന ഗാനം എന്നും അത്താഴപൂജ കഴിഞ്ഞു നട അടയ്‌ക്കുമ്പോൾ ശബരിമല സന്നിധാനത്തിൽ കേൾപ്പിക്കും.’

harivarasanam-writer

അന്നുമുതൽ ഇന്നോളം ഈ പതിവ് മുടങ്ങിയിട്ടില്ല (സിനിമയിൽ നിന്നു വ്യത്യസ്തമായി, യേശുദാസ് പിന്നീടു പാടിയ ഹരിവരാസനത്തിന്റെ പൂർണരൂപമാണ് ശബരിമലയിൽ ഉപയോഗിച്ചു പോരുന്നത്). അയ്യപ്പൻ ഉറങ്ങാൻപോകുന്നത് യേശുദാസിന്റെ ഹരിവരാസനം കേട്ടുതന്നെ.

ഭക്തകോടികൾക്ക് ആത്മസായൂജ്യമായ ഈ ഗാനം എഴുതിയതാരാണ്? സ്വാമി അയ്യപ്പനിലെ മറ്റു ഗാനങ്ങൾ എഴുതിയതു വയലാർ ആയതുകൊണ്ട് ഇതിന്റെ പിതൃത്വവും വയലാറിന് ഏൽപ്പിച്ചുകൊടുക്കുന്നവരുണ്ട്. എന്നാൽ, സിനിമയിൽ ദേവരാജന്റെ സംഗീതത്തിൽ യേശുദാസ് ഇതു പാടുന്നതിനു മുൻപും ശബരിമലയിൽ അയ്യപ്പനെ ഉറക്കാൻ ഈ ഗാനം ആലപിച്ചിരുന്നു. രാമനാഥപുരം കുമ്പക്കുടി കുളത്തൂർ അയ്യരാണ് സംസ്‌കൃതത്തിൽ അയ്യപ്പനെ വർണിച്ചു ഹരിവരാസനം രചിച്ചതെന്നു പരക്കെ വിശ്വസിച്ചിരുന്നു. 352 അക്ഷരങ്ങൾ ഉൾക്കൊള്ളുന്ന 108 വാക്കുകൾ ചേർന്ന് 32 വരികൾ എട്ടു ശ്ലോകങ്ങളായി നിറയുന്ന അയ്യപ്പഭക്തി. ‘സ്വാമി അയ്യപ്പനി’ൽ ക്രെഡിറ്റ് നൽകിയിരിക്കുന്നതും മലയാള സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതും കുമ്പക്കുടി അയ്യരുടെ പേരാണ്.

അയ്യരാണ് ഹരിവരാസനം രചിച്ചത് എന്നു കരുതിയിരിക്കുമ്പോഴാണ് 1963 നവംബറിൽ തിരുവനന്തപുരം ചാലയിലെ ജയചന്ദ്രാ ബുക്ക് ഡിപ്പോയിൽ നിന്നു പുറത്തിറക്കിയ ‘ഹരിവരാസനം വിശ്വമോഹനം’ എന്ന കീർത്തനസമാഹാരം ഗവേഷകരുടെ ശ്രദ്ധയിൽ പെടുന്നത്. ഇതിന്റെ 78ാം പേജിൽ ‘ഹരിഹരാത്മജാഷ്‌ടകം’ എന്ന തലക്കെട്ടിൽ ‘ഹരിവരാസനം...’ കീർത്തനം അച്ചടിച്ചിട്ടുണ്ട്. ഇതിൽ ‘സമ്പാദകൻ’ എന്നാണ് കുമ്പക്കുടി കുളത്തൂർ അയ്യരുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. സമ്പാദകൻ ഒരിക്കലും രചയിതാവാകില്ലല്ലോ.സമ്പാദകനെ കാലപ്പഴക്കത്തിൽ രചയിതാവായി തെറ്റിദ്ധരിച്ചതാണെന്നു വ്യക്തം. പിന്നെ ആരാണ് ഹരിവരാസനം എഴുതിയത്? ഈ ചോദ്യം ചെന്നെത്തുന്നത് ജാനകിയമ്മയിലാണ്. പുറക്കാട് കോന്നകത്ത് ജാനകിയമ്മയുടെ മക്കളായ ഭാരതിയമ്മയും ബാലാമണിയമ്മയുമാണു ‘ഹരിവരാസനം അമ്മ എഴുതിയതാണ്’ എന്ന് ലോകത്തെ അറിയിച്ചത്.ശബരിമലയിലെ വലിയ വെളിച്ചപ്പാടായിരുന്ന അനന്തകൃഷ്‌ണ അയ്യരുടെ മകളും പ്രശസ്ത പത്രപ്രവർത്തകനായിരുന്ന എം. ശിവറാമിന്റെ സഹോദരിയുമായിരുന്നു ജാനകിയമ്മ.

Yesudas

1893ൽ ജനിച്ചു. പിതാവിൽനിന്നു സംസ്‌കൃതത്തിന്റെ ബാലപാഠങ്ങളും ഒറ്റമൂലി വൈദ്യവും അമ്മ പഠിച്ചതായി മകൾ ബാലാമണിയമ്മ പറയുന്നു. പിതാവിൽനിന്ന് അറിഞ്ഞ അയ്യപ്പമാഹാത്മ്യത്തെപ്പറ്റി കീർത്തനങ്ങൾ കുത്തിക്കുറിച്ചു തുടങ്ങി. കുട്ടനാട്ടെ കൃഷിക്കാരനായ ശങ്കരപ്പണിക്കരുമായുള്ള വിവാഹശേഷവും വായനയും എഴുത്തും തുടർന്നു. (കൃഷി നശിച്ച് കടം കയറിയതോടെ പുറക്കാട്ടെ വസ്‌തുവകകൾ വിറ്റ് 1935 ൽ ശാസ്‌താംകോട്ടയിലേക്ക് ആ കുടുംബം ചേക്കേറി.) 1923ൽ മുപ്പതാം വയസ്സിലാണ് ജാനകിയമ്മ ഹരിവരാസനം എഴുതിയത്. അന്ന് അവർ ആറാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു. പിറന്ന കുഞ്ഞിന് ‘അയ്യപ്പൻ’ എന്നു പേരിടുകയും ചെയ്‌തു. കീർത്തനം എഴുതിയ ശേഷം അത് പിതാവിനെ ഏൽപ്പിക്കുകയും അദ്ദേഹം അതു കാണിക്കയായി ശബരിമലയിൽ നടയ്‌ക്കുവയ്‌ക്കുകയും ചെയ്‌തുവത്രേ. പിന്നീട് പുറക്കാട്ട് ശിവക്ഷേത്രത്തിലുണ്ടായിരുന്ന ഭജനക്കാരിലൊരാൾ ജാനകിയമ്മയിൽനിന്നു കീർത്തനം പകർത്തിയെടുത്ത് പഠിച്ചു.

പുറക്കാട്ട് കോന്നകത്തു വീടിന്റെ തെക്കുവശത്തുള്ള ആനന്ദേശ്വരം ശിവക്ഷേത്രത്തിലെ ഭജനസംഘമാണത്രേ ‘ഹരിവരാസനം’ ആദ്യമായി പാടിയത്. . ശാസ്‌താംകോട്ടയിലേക്കു താമസം മാറ്റിയപ്പോഴും അമ്മ ‘ഹരിവരാസനം’ വിട്ടുകളഞ്ഞില്ലെന്നും ശാസ്‌താംകോട്ട ക്ഷേത്രം സന്ദർശിച്ചു മലയ്‌ക്കു പോയിരുന്ന ‘കല്ലടസംഘം’ അത് ഏറ്റെടുത്തെന്നും ജാനകിയമ്മയുടെ ചെറുമക്കളും പറയുന്നു. ‘സ്വാമി അയ്യപ്പൻ’ സിനിമയിലൂടെ ഹരിവരാസനം ജനകീയ അംഗീകാരം നേടുന്നതിനു മൂന്നു വർഷം മുൻപു 1972ൽ ജാനകിയമ്മ നിര്യാതയായി. ജാനകിയമ്മയാണ് ഹരിവരാസനം രചിച്ചതെന്ന് ഉറപ്പിക്കാൻ ഉതകുന്ന വസ്തുതകളൊന്നും ലഭ്യമല്ല. എങ്കിലും മക്കൾ നിരത്തിയിട്ടുള്ള ഒട്ടേറെ സാഹചര്യത്തെളിവുകൾ പരിഗണിക്കുമ്പോൾ ഈ മഹതിയാണ് ഈ മനോഹര കവിത രചിച്ചതെന്ന് കരുതാം. ഇവരുമല്ല മറ്റാരെങ്കിലുമാണു യഥാർഥ രചയിതാവെങ്കിൽ കാലം അതിന് ഉത്തരം നൽകും വരെ കാത്തിരിക്കേണ്ടി വരും.

g-devarajan-master

ഹരിവരാസനത്തിനു ദേവരാജൻ ആദ്യം നൽകിയിരുന്ന ഈണം ഇതായിരുന്നില്ല എന്ന കൗതുകമുണ്ട്. ആദ്യം നൽകിയ ഈണം നല്ലതാണെങ്കിലും ശബരിമല ശ്രീകോവിലിൽ മേൽശാന്തി പാടുന്ന അതേ ഈണം തന്നെ വേണമെന്ന് നിർമാതാവ് പി. സുബ്രഹ്മണ്യത്തിന്റെ മകൻ കാർത്തികേയൻ അഭിപ്രായപ്പെട്ടു. ദേവരാജനെപ്പോലെ ഉന്നതശീർഷനായ ഒരാളോട് ഈണം മാറ്റാൻ പറയാൻ സുബ്രഹ്മണ്യം ആദ്യം മടിച്ചു. പക്ഷേ, മകന്റെ നിർബന്ധം കൂടിയപ്പോൾ അദ്ദേഹം പതിയെ കാര്യം അവതരിപ്പിച്ചു. ട്യൂൺ മാറ്റാൻ ദേവരാജൻ ആദ്യം വിസമ്മതിച്ചു. പക്ഷേ, ശബരിമലയിൽ പാടുന്ന ഈണമാണു പകരം നിർദേശിക്കുന്നത് എന്നറി‍ഞ്ഞപ്പോൾ പരിഗണിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. പക്ഷേ, നിരീശ്വരവാദിയായ ദേവരാജൻ മാസ്റ്റർ ശബരിമലയിൽ പോയിട്ടില്ല, ഒരു പാട്ട് കേൾക്കാനായി പോവുന്ന പ്രശ്നവുമില്ല. അതിനു വഴി കണ്ടെത്താമെന്നു കാർത്തികേയൻ പറഞ്ഞു. അങ്ങനെ, ശബരിമലയിൽ മേൽശാന്തി പാടുന്നതു കേട്ടിട്ടുള്ള ഒരു ഗായകനെ അദ്ദേഹം മെറിലാൻഡ് സ്‌റ്റുഡിയോയിൽ എത്തിച്ചു സൗണ്ട് റിക്കോർഡിസ്‌റ്റ് കൃഷ്‌ണൻ ഇളമണ്ണിനെക്കൊണ്ടു റിക്കോർഡ് ചെയ്തു ടേപ്പിലാക്കി ദേവരാജൻ മാസ്‌റ്റർക്ക് എത്തിച്ചു. മാസ്റ്റർക്ക് അത് ഇഷ്ടമായി. അതിനു ചില്ലറ ഭേദഗതികൾ വരുത്തി ശാസ്ത്രീയത നൽകിയ സംഗീത രൂപമാണു നാം ഇന്ന് ആസ്വദിക്കുന്നത്.

∙∙∙∙∙∙∙∙∙∙∙∙∙

ഹരിവരാസനം വിശ്വമോഹനം

ഹരിദധീശ്വരം ആരാധ്യപാദുകം

അരിവിമർദനം നിത്യനർത്തനം

ഹരിഹരാത്മജം ദേവമാശ്രയേ.

ശരണകീർത്തനം ശക്‌തമാനസം

ഭരണലോലുപം നർത്തനാലസം

അരുണഭാസുരം ഭൂതനായകം

ഹരിഹരാത്മജം ദേവമാശ്രയേ.

പ്രണയസത്യകം പ്രാണനായകം

പ്രണതകൽപ്പകം സുപ്രഭാഞ്‌ജിതം

പ്രണവമന്ദിരം കീർത്തനപ്രിയം

ഹരിഹരാത്മജം ദേവമാശ്രയേ.

തുരഗവാഹനം സുന്ദരാനനം

വരഗദായുധം വേദവർണിതം

ഗുരുകൃപാകരം കീർത്തനപ്രിയം

ഹരിഹരാത്മജം ദേവമാശ്രയേ.

ത്രിഭുവനാർച്ചിതം ദേവതാത്മകം

ത്രിനയനം പ്രഭും ദിവ്യദേശികം

ത്രിദശപൂജിതം ചിന്തിതപ്രദം

ഹരിഹരാത്മജം ദേവമാശ്രയേ.

ഭവഭയാവഹം ഭാവുകാവഹം

ഭുവനമോഹനം ഭൂതിഭൂഷണം

ധവളവാഹനം ദിവ്യവാരണം

ഹരിഹരാത്മജം ദേവമാശ്രയേ.

കളമൃദുസ്‌മിതം സുന്ദരാനനം

കളഭകോമളം ഗാത്രമോഹനം

കളഭകേസരീ വാജിവാഹനം

ഹരിഹരാത്മജം ദേവമാശ്രയേ.

ശ്രിതജനപ്രിയം ചിന്തിതപ്രദം

ശ്രുതിവിഭൂഷണം സാധുജീവനം

ശ്രുതിമനോഹരം ഗീതലാലസം

ഹരിഹരാത്മജം ദേവമാശ്രയേ.

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.