Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആത്മ സംഗീതത്തിന്റെ തുരീയം

THUREEYAM സ്വാമി കൃഷ്ണാനന്ദ ഭാരതി ചിത്രം: പ്രസൂൺ കിരൺ

‘നമുക്കു പയ്യന്നൂരിൽ ഒരു സംഗീതോത്സവം നടത്തിയാലോ?’ 12 വർഷം മുൻപ് പോത്താങ്കണ്ടം ആനന്ദഭവനത്തിലെ സ്വാമി കൃഷ്ണാനന്ദ ഭാരതി മൃദംഗവിദ്വാനും സുഹൃത്തുമായ സുശീൽകുമാറിനോട് ഇങ്ങനെ ചോദിക്കുമ്പോൾ ഇതു ചരിത്രം കുറിക്കാനുള്ള ആലോചനയാണെന്നു വിചാരിച്ചിരുന്നേയില്ല. നവീനമായ ഈ ആശയം കേട്ടപ്പോൾ ഒപ്പം നിൽക്കുന്നവരുടെ കണ്ണിലെ പ്രകാശം സ്വാമി കണ്ടു. ആ പച്ചവെളിച്ചം പകർന്ന ഊർജം പതിമൂന്നാം വർഷമെത്തിയപ്പോൾ ഒട്ടുമേ ചോർന്നിട്ടില്ലെന്നു മാത്രമല്ല, പെരുകിയിട്ടേയുള്ളൂ. 2004 ജൂലൈയിൽ പയ്യന്നൂർ അയോധ്യാ ഓഡിറ്റോറിയത്തിൽ സുപ്രസിദ്ധ സംഗീതജ്ഞൻ എം.എസ്.വിശ്വനാഥൻ ഉദ്ഘാടനം ചെയ്ത ‘തുരീയം’ ആദ്യ വർഷം ഒൻപതു ദിവസമായിരുന്നെങ്കിൽ ഇത്തവണ 41 ദിവസമാണ്. അതായത്, ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ സംഗീതോത്സവം!
മറ്റ് സംഗീതോത്സവങ്ങളൊക്കെ നടത്തുന്നത് വലിയ സമിതികളും സംഘടനകളുമൊക്കെയാണെങ്കിൽ ഇത് നഗ്‌നപാദനായ ഒരു സന്യാസി. ഉസ്താദ് അംജദ് അലിഖാൻ, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, എൽ.സുബ്രഹ്മണ്യം, കദ്രി ഗോപാൽ നാഥ്.... തുടങ്ങി എല്ലാ പ്രതിഭകളെയും പക്കമേളക്കാരെയും ക്ഷണിക്കുന്നതുമുതൽ വേദിയിലെ മൈക്ക് ശരിയാക്കുന്നതു വരെ ഒരാൾ! അതിനിടെ നോട്ടിസടിക്കാനും ആമുഖം പറയാനും പ്രതിഫലം കൊടുക്കാനും എന്തിന്, കണ്ണുരുട്ടാൻ പോലും വേറൊരാളില്ല. തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവൽ നടത്തുന്ന സൂര്യകൃഷ്ണമൂർത്തി പറയുന്നു: ‘ഇത്ര വലിയ ഒരു സംഗീതോത്സവം എങ്ങനെ ഒരാൾ ഒറ്റയ്ക്കു നടത്തുന്നു എന്നത് എനിക്കു വിസ്മയമാണ്.’

വൻകിട ഈവന്റ് മാനേജ്മെന്റ് കമ്പനികളെപ്പോലും വെല്ലുന്ന കൃത്യതയോടെയും ആർഭാടത്തോടെയും തൂരീയം നടത്തുന്നത് എങ്ങനെ?
‘അതിനു ഞാനൊന്നും നടത്തുന്നില്ല. ഞാൻ നടത്തിയാലല്ലേ കുറവുകൾ ഉണ്ടാവുകയുള്ളൂ. ഞാൻ വെറുതേ നിന്നുകൊടുക്കുന്നതേയുള്ളൂ. ഇതൊക്കെ ആർക്കും ചെയ്യാവുന്നതേയുള്ളൂ. സ്നേഹിക്കാൻ പഠിക്കണം എന്നുമാത്രം.’ സ്വാമി രഹസ്യം വെളിപ്പെടുത്തുന്നു. ‘ഒരിക്കൽ ഒരാൾ ചോദിച്ചു. ശരിക്കും ബാലമുരളീകൃഷ്ണ വരുമോ സ്വാമീ എന്ന്. ഞ​ാൻ പറഞ്ഞു, ‘നിങ്ങൾക്ക് അറിയുന്ന പോലെയേ എനിക്കും അറിയൂ. ഞാൻ ക്ഷണിച്ചിട്ടുണ്ട്. യാത്രാസൗകര്യം ചെയ്തിട്ടുണ്ട്. പക്ഷ, വരുമോ എന്ന് എനിക്ക് ഒരു നിശ്ചയവുമില്ല. കാരണം, ഞാനല്ല ഒരു കലാകാരനേയും പയ്യന്നൂരിലേക്കു കൊണ്ടുവരുന്നത്.’

പെട്ടെന്ന് ഒരു കലാകാരന് അസൗകര്യം നേരിട്ടാലോ? ‘ഇത്തരം സന്ദർഭങ്ങളിൽ പ്രാദേശിക കലാകാരൻമാരെ പകരം നിയോഗിക്കാനാണ് മിക്കവരും ചിന്തിക്കുക. ഞാൻ ചെയ്യുന്നത് അദ്ദഹത്തെക്കാളും വലിയ ആളെ കൊണ്ടുവരാനായിരിക്കും. ഒരിക്കൽ പരിപാടിയുടെ തലേന്നു വൈകുന്നേരമാണ് മുത്തശ്ശി മരിച്ചതുകൊണ്ടു നിത്യശ്രീ മഹാദേവൻ വരില്ല എന്ന് അറിയിച്ചത്. പെട്ടെന്ന് ബാംഗ്ലൂർ ബ്രദേഴ്സിനെ വിളിച്ചു. അവർക്ക് അന്ന് ഒഴിവായിരുന്നു. പരിപാടി ഗംഭീരമായി. പിന്നീട് എല്ലാ തുരീയത്തിനും അവർ വരുന്നു.’
മറ്റൊരു കൗതുകം കൂടിയുണ്ട്. 41 ദിവസത്തെ സംഗീതോത്സവത്തിന് 41 വിധത്തിലാണു വേദി അലങ്കരിക്കുക. കാണികൾക്ക് ആവർത്തനവിരസത ഉണ്ടാവില്ല.

‘തുരീയം’ എന്ന പേര്

സംഗീതോത്സവം നടത്താൻ തീരുമാനിച്ചിരുന്ന നാളുകളിലൊന്നിലാണു കൃഷ്ണാനന്ദ ഭാരതി കോട്ടയത്തുള്ള ചേട്ടൻ മുരളിയെ കാണുന്നത്. വേദപണ്ഡിതനായ അദ്ദേഹം വിവരം കേട്ടുടനെ പറഞ്ഞത് ഇങ്ങനെ: ‘തുരീയം വാചോ മനുഷ്യാഃവദന്തി’. സംഗീതോത്സവത്തിന് ‘തുരീയം’ എന്നു പേരുകൊടുക്കാൻ അപ്പോൾത്തന്നെ സ്വാമി തീരുമാനിച്ചു. യോഗികളുടെ ധ്യാനമണ്ഡലമാണു തുരീയം. വേഗം കൂടിക്കൂടി അതിന്റെ പരമാവസ്ഥയിൽ നിശ്ചലത ഉണ്ടാകുന്നതുപോലെ ശബ്ദത്തിന്റെ ഏറ്റവും ശ്രേഷ്ഠവും ഉന്നതവുമായ അവസ്ഥയിൽ നിശബ്ദതയാണ് അനുഭവവേദ്യമാവുക. ഈ ധ്യാനമണ്ഡലമാണ് ഓരോ ആസ്വാദകനും മുന്നിലുള്ള സാധ്യതയും വെല്ലുവിളിയും. ‘അഞ്ഞൂറു പേരിൽ ഒരാൾക്കേ ചിലപ്പോൾ അവിടെ എത്തിച്ചേരാൻ കഴിയൂ. എങ്കിൽപ്പോലും അതു വലിയ വിജയമാണ്.’ സ്വാമി പറയുന്നു

ധനകാര്യ രഹസ്യം

പാസുകൾ ഏർപ്പെടുത്തിയും സംഭാവനകൾ സ്വീകരിച്ചുമാണ് തുരീയത്തിനു പണം കണ്ടെത്തുന്നത്. പിന്നെയുള്ള മറ്റൊരു മാർഗമാണു കടം.! കഴിഞ്ഞ വർഷത്തെ കടങ്ങൾ ഇപ്പോൾ വീട്ടി വരുന്നതേയുള്ളൂ.
പിന്നെ, മറ്റ് സംഗീതോത്സവങ്ങൾക്കു വേണ്ടി വരുന്ന ചെലവ് ഇവിടെയില്ല. കാരണം, സ്വാമി കവറിലാക്കി പോക്കറ്റിൽ വച്ചുകൊടുക്കുന്നതാണ് എല്ലാവരുടെയും പ്രതിഫലം. പലപ്പോഴും അതു വണ്ടിക്കൂലിയെക്കാൾ അൽപം കൂടുതലേ കാണൂ. ആരും അതു കുറഞ്ഞുപോയി എന്നു പറഞ്ഞിട്ടില്ല. മറ്റുള്ളവർ‌ക്കു പത്തു ലക്ഷം വേണ്ടിടത്ത് എനിക്ക് രണ്ടു ലക്ഷം മതി’ സ്വാമി ധനകാര്യ രഹസ്യം പങ്കുവയ്ക്കുന്നു.
സാധാരണക്കാർ കാണാനും ഓട്ടോഗ്രാഫ് വാങ്ങാനുമൊക്കെ കൊതിക്കുന്ന രാജ്യാന്തര കലാകാരൻമാർ പയ്യന്നൂരിലെ സാധാരണ ഹോട്ടൽ മുറിയിൽ താമസിച്ച്, അവിടുത്തെ ഭക്ഷണം കഴിച്ച് വിശുദ്ധമായ ഒരു അനുഷ്ഠാനം പോലെ തുരീയത്തിൽ പങ്കെടുത്തു മടങ്ങുന്നു.

കലാകാരൻമാരുടെ പ്രിയ പയ്യന്നൂർ

എന്തുകൊണ്ടാണ് സ്വാമി കൊടുക്കുന്ന ചെലവുകാശുമാത്രം സ്വീകരിച്ച് ഉന്നതരായ കലാകാരൻമാർ ഇവിടെ പതിവായി വന്നുകൊണ്ടിരിക്കുന്നത്? സാക്സഫോൺ വിദഗ്ധൻ കദ്രി ഗോപാൽനാഥ് പറയുന്നു:
‘ഇന്ത്യയിലെ ഏറ്റവും നല്ല സദസ്സാണു പയ്യന്നൂരിലേത്. ഒരു മൊബൈൽ ഫോൺ പോലും ശബ്ദിക്കില്ല. വളരെ ശാന്തമായ ആശ്രമാന്തരീക്ഷത്തിൽ ഒരു പുഞ്ചിരിയോടെയിരുന്നു നമുക്ക് ഇഷ്ടമുള്ളതു വായിക്കാം. തുരീയത്തിൽ പങ്കെടുക്കുന്നത് ഒരു പ്രാർഥനയാണ്. ഒരു സത്‌സംഗം. അതുകൊണ്ടുതന്നെ പണത്തിന്റെ കണക്ക് പറയാറുമില്ല. ഇവിടെ കച്ചേരിക്കിടെ ചിലർ കരയും. അവർ കരയട്ടെ. മനസ്സിനു ശാന്തി ലഭിക്കട്ടെ. ഒരു ഡോക്ടർക്കും നൽകാൻ കഴിയാത്ത സാന്ത്വനമാണ് അവർക്കു ലഭിക്കുന്നത്.’

വയലിൻ അദ്ഭുതം എൽ.സുബ്രഹ്മണ്യം പങ്കുവയ്ക്കുന്നു: ‘വർഷത്തിൽ ഒരിക്കൽ ഇവിടെ വന്നു വായിച്ചിട്ടു പോകുന്നതിന്റെ അനുഗ്രഹം ആ വർഷം മുഴുവൻ നീണ്ടു നിൽക്കുന്നു. എത്രയോ ശാന്തമായ സദസ്സാണ് പയ്യന്നൂരിലേത്!’ ഇവിടെ കലാകാരൻമാർക്ക് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ വേണ്ട സാഹചര്യം ഒരുക്കുന്നതിൽ സ്വമി വലിയ ശ്രദ്ധ വയ്ക്കുന്നു. നടത്തിപ്പുകാർക്ക് ഒരു പ്രാധാന്യവും ഇല്ല. കലാകാരനാണു വലുത്. കാണികൾക്ക് കർശനമായ പെരുമാറ്റച്ചട്ടമുണ്ട്. മനുഷ്യരും മൊബൈൽ ഫോണും ശബ്ദിക്കരുത്. പരിപാടി തുടങ്ങും മുൻപേ ഓഡിറ്റോറിയത്തിൽ എത്തണം. ഇടയ്ക്ക് എഴുന്നേറ്റ് നടക്കരുത്. പരിപാടി ക്യാമറയിലോ മൊബൈലിലോ പകർത്തരുത്. ഒരു ചെറിയ ഭാഗം പോലും റിക്കോർഡ് ചെയ്യരുത്...തുടങ്ങിയ ‘കൽപനകൾ.’

ടെലിവിഷൻ ചാനലുകാരെ അകറ്റി നിർത്തിയിരിക്കുന്നതും കലയുടെ ആസ്വാദനത്തിനു തടസ്സമുണ്ടാകാതിരിക്കാനാണ്. ‘ചാനലുകാർ വന്നാൽ ലൈറ്റും കേബിളും ക്യാമറകളുമായി ആകെ ബഹളമാണ്. കലാകാരന്റെയും ആസ്വാദകരുടെയും ഏകാഗ്രത തടസ്സപ്പെടും.’ സ്വാമി വിശദീകരിക്കുന്നു. പ്രസ് ഫൊട്ടോഗ്രഫർമാരും നിയന്ത്രണവിധേയമായി എതാനും ചിത്രം എടുത്ത ശേഷം സദസ്സിന്റെ ഭാഗമാവുന്നു.
അതുപോലെ, പങ്കെടുക്കാൻ വരുന്നവർക്കും പ്രത്യേകതയുണ്ട്. വാങ്ങാൻ പണം ഉണ്ട് എന്നു കരുതി പാസ് കിട്ടണമെന്നില്ല. ഇയാൾ ഗൗരവത്തോടെയാണ് ഈ പരിപാടിയെ സമീപിക്കുന്നത് എന്നു സ്വാമിക്കും ബോധ്യം വരണം. അതുപോലെ പാസ് വാങ്ങാൻ പണമില്ലാത്തതിന്റെ പേരിലും നിങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെടില്ല. ധനശേഷിയില്ലാത്ത യഥാർഥ ആസ്വാദകർക്കു സ്വാമി നേരിട്ടു സൗജന്യ പാസ് നൽകും. സുനിൽ കുമാർ, ജയകൃഷ്ണൻ, മനോജ് കടയക്കര, ഡോ. അസീം എന്നിവരാണ് സ്വാമിയുടെ പ്രധാന സഹായികൾ.

തുരീയം എന്തിന്

സംഗീതത്തിന്റെ ആത്‌മീയതയിൽ സ്വാമി കൃഷ്ണാനന്ദ ഭാരതിക്കുള്ള അടിയുറച്ച വിശ്വാസത്തിൽ നിന്നാണു തുരീയം ജനിച്ചത്. അദ്ദേഹം പറയുന്നു.
‘പൂജാരിയുടെ പൂജ പോലും എപ്പോഴും സത്യമാണെന്നു പറയാൻ പറ്റില്ല. പക്ഷേ, കലാകാരന്റെ കലാപ്രകടനത്തിൽ കളവില്ല. അത് നൂറുശതമാനം ആത്‌മാർഥമായേ ചെയ്യാൻ പറ്റൂ. സംഗീതത്തിലൂടെ ദൈവിക ശക്തിതന്നെയാണു പ്രസരിക്കുന്നത്. ഒരു യാഗം പ്രപഞ്ചശക്തികളിലേക്കു വ്യാപരിക്കുന്നതു പോലെയാണ് സംഗീതത്തിന്റെ ഊർജം ആസ്വാദകരിലേക്കു പ്രവഹിക്കുന്നത്.
ജീവിതവും ജീവിതത്തിലെ കാര്യങ്ങളും നമ്മുടേതാണ് എന്നു കരുതുന്നിടത്താണ് ദുഃഖങ്ങളെല്ലാം ആരംഭിക്കുന്നത്. നാം വെറും സൂക്ഷിപ്പുകാർ മാത്രമാണ്. പക്ഷേ, ആ മനോനില കൈവരിക്കാൻ വലിയ പ്രയാസമാണ്. കാരണം നാം ജീവിതത്തോട് വല്ലാതെ ഒട്ടിയിരിക്കുന്നു. ഈ ഒട്ടൽ കുറയ്ക്കുവാനുള്ള ഔഷധമാണു കലകൾ.’സംഗീതത്തിലൂടെ ലഭിക്കുന്ന ഊർജം പലരുടെയും ആത്‌മീയ വളർച്ചയിൽ നല്ല പങ്കുവഹിക്കുന്നുണ്ട്. സാധാരണക്കാരുടെ സംഗീത ബോധം വളർത്തുന്നതും തുരീയത്തിന്റെ സംഭാവനയിൽ പെടുന്നു. സംഗീതം ഒട്ടും പഠിച്ചിട്ടില്ലാത്ത പയ്യന്നൂരിലെ സാധാരണക്കാർ തുരീയത്തിലൂടെ സമാന്യമായ രാഗജ്ഞാനം വളർത്തിയെടുത്തിരിക്കുന്നു.

തുരീയത്തിന്റെ ഭാവി

സ്വാമി പറയുന്നു,'തുരീയം കഴിയുമ്പോൾ ഒരു രൂപയെങ്കിലും എന്നു ബാക്കി വരുന്നോ, അന്നു ഞാനിത് നിർത്തും'

Your Rating: