ജീവിതം എന്ന ആനന്ദയാത്ര

കിഷോർ കുമാർ

‘സിന്ദഗി ഏക് സഫർ....’പോലെ ഉൽസാഹം നിറയ്ക്കുന്ന മറ്റൊരു യാത്രാഗാനമില്ല

ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും മുന്നിൽക്കയറി സഞ്ചരിക്കാൻ പോരുന്നോ? ഈ ലോകത്തെ പിന്നിലാക്കി, ആകാശത്തിനും മേലേ....?’ 1971ൽ രമേശ് സിപ്പി മുന്നോട്ടു വച്ച ഈ സ്വപ്നം ഇന്ത്യൻ യുവാക്കളെ ഒട്ടൊന്നുമല്ല ഹരം കൊള്ളിച്ചത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ആ സ്വപ്നം തരംഗമായി. റോയൽ എൻഫീൽഡ് ബുള്ളറ്റിൽ ഹേമ മാലിനിയുമായി പറക്കുന്ന രാജേഷ് ഖന്നയ്ക്കൊപ്പം ഇന്നും യുവാക്കൾ പാടിക്കൊണ്ടേയിരിക്കുന്നു

‘സിന്ദഗി ഏക് സഫർ

ഹേ സുഹാന

യഹാം കൽ ക്യാ ഹോ

കിസ്നേ ജാനാ...’

ജീവിതം ഒരു ആനന്ദയാത്രയാണ്. നാളെ എന്തു സംഭവിക്കുമെന്ന് ആർക്കറിയാം? അതുകൊണ്ട് ഇന്ന് ആഘോഷിക്കുക. ഇന്ന്, ഇന്നുമാത്രമേ സത്യമായുള്ളൂ.... രമേശി സിപ്പി സംവിധാനം ചെയ്ത ‘അന്ദാസ്’ സൂപ്പർ ഹിറ്റായതിന്റെ ഏറ്റവും പ്രധാന പങ്കു വഹിച്ചത് ഈ ഗാനമായിരുന്നു. കിഷോർ കുമാറിനു മാത്രം കഴിയുന്ന ആലാപന അൽഭുതമാണ് ‘സിന്ദഗി ഏക് സഫർ....’ മറ്റൊരു ഗായകന്റെ സ്വരത്തിലും ഈ പാട്ട് നമുക്ക് ആലോചിക്കാൻ കൂടി കഴിയില്ല.

സിന്ദഗി ഏക് സഫർ എന്ന പാട്ടിൽ നിന്നൊരു രംഗം

അതുകൊണ്ടാണ് പുറത്തിറങ്ങി 44 വർഷം കഴിഞ്ഞിട്ടും ഒരാൾക്കുപോലും ഇത്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ ഒരു സ്റ്റേജിൽ പാടി വിജയിപ്പിക്കാൻ കഴിയാത്തത്. എത്രയോ യാത്രാഗാനങ്ങൾ നമുക്കുണ്ടെങ്കിലും ഇത്രത്തോളം യാത്ര അനുഭവിപ്പിക്കുന്ന മറ്റൊരു ഗാനമില്ല. ഹിന്ദി സിനിമയിലെ ലക്ഷണമൊത്ത ആദ്യ തട്ടുപൊളിപ്പൻ ഗാനമാണു ‘സിന്ദഗി ഏക് സഫർ...’ ഈ പാട്ടിൽ കള്ളത്തൊണ്ടകൊണ്ടുള്ള കിഷോറിന്റെ ‘യോഡ്‌ലിങ്’ കുസൃതികളുണ്ട്, കൂവലുണ്ട്, ചൂളമടിയുണ്ട്, പൊട്ടിച്ചിരിയുണ്ട്... ആകെക്കൂടി ഒരു ആഘോഷയാത്ര..

കളക്ഷനിൽ മാത്രമല്ല ‘അന്ദാസ്’ ചരിത്രമായത്. ഹേമമാലിനിയെ ഇന്ത്യൻ താരറാണിയാക്കിയത് ഈ ചിത്രമാണ്. ഏതാനും സീനുകളേ ഉള്ളൂ എങ്കിലും രാജേഷ് ഖന്ന എക്കാലവും ഓർമിക്കപ്പെടുന്ന കഥാപാത്രമായി. പാട്ടിന്റെ പ്രസരിപ്പിനു ചേരുന്ന ചിത്രീകരണംകൂടിയായിരുന്നു ‘സിന്ദഗ് ഏക് സഫർ...’ ഹേമ മാലിനിയെ പിന്നിലിരുത്തി എല്ലാ കാമുകന്മാർക്കും അസൂയ തോന്നുന്ന തരത്തിൽ രാജേഷ് ഖന്ന ബുള്ളറ്റ് പായിച്ചു. അങ്ങനൊരു കാമുകനെ കെട്ടിപ്പിടിച്ചു മോട്ടോർ ബൈക്കിൽ കുതിക്കാൻ കാമുകിമാർ കൊതിച്ചു. ആ ആസൂയയും മോഹവും നാൾക്കുനാൾ കൂടി വരുന്നതേയുള്ളൂ എന്ന് ഈ ഗാനത്തിന് യൂട്യൂബിൽ ലഭിക്കുന്ന വലിയ പ്രചാരം തെളിവു നൽകുന്നു.

അതിമനോഹരമായിരുന്നു ഹസ്രത്ത് ജയ്പുരിയുടെ രചന. കഥാസന്ദർഭത്തിലെ യാത്രയെ ജീവിതയാത്ര, ജീവിതത്തിന്റെ ലക്ഷ്യം തുടങ്ങിയ അർഥതലങ്ങളിലേക്ക് അദ്ദേഹം സമന്വയിപ്പിച്ചു.‘അന്ദാസ്’ നേടിയ ഏക ഫിലിം ഫെയർ അവാർഡ് ജയ്പുരിക്കായിരുന്നു. (അദ്ദേഹത്തിന്റെ രണ്ടാം ഫിലിം ഫെയർ.) ജീവിതം ആഘോഷിക്കാനുള്ളതാണെന്ന ജയ്പുരിയുടെ വരികളുടെ ആഹ്വാനം യുവാക്കൾക്കു ശരിക്കും രസിച്ചു. ആ ജനപ്രിയതയുടെ പ്രതിഫലനം കൂടിയായിരുന്നു ഫിലിം ഫെയർ പുരസ്കാരം. (ആലാപനത്തിന് കിഷോർ കുമാറിനു നോമിനേഷൻ കിട്ടിയെങ്കിലം അവാർഡായില്ല.)

ഹസ്രത്ത് ജയ്പുരി

ഈ മേന്മകളെല്ലാം ചേതോഹരമായി സമ്മേളിപ്പിച്ചതു മറ്റാരുമല്ല, ഹിന്ദി സിനിമയിലെ മഹരഥന്മാരായ ശങ്കർ– ജയ്കിഷൻ. ഹിന്ദി സിനിമയ്ക്കു രാജ്കപൂർ നല്കിയ സമ്മാനം. സംഗീതത്തിനുള്ള ഫിലിം ഫെയർ അവാർഡിൽ ആദ്യ ഹാട്രിക്ക് ചരിത്രം എഴുതിയവർ. ഒൻപത് ഫിലിം ഫെയർ അവാർഡ് എന്ന ആരെയും മോഹിപ്പിക്കുന്ന നേട്ടത്തിന്റെ ഉടമകൾ. ഓർക്കസ്ട്രേഷൻ രാജക്കന്മാരായ ഈ കൂട്ടുകെട്ടാണ് ഊർജസ്വലമായ ഈ സംഗീതം ചെയ്തത്.

ശങ്കർ– ജയ്കിഷൻ

പക്ഷേ, പാട്ടിലെ വരികൾ അറം പറ്റിയോ? എന്നു വേണം കരുതാൻ. യഹാം കൽ ക്യാ ഹോ കിസ്നേ ജാനാ...’ നാളെ എന്താവും എന്ന് ആർക്കറിയാം?. ജയ്കിഷൻ സംഗീതം നൽകിയ അവസാന വരികളായിരുന്നു ഇത്. ഈണമിട്ട് ഏതാനും ദിവസങ്ങൾക്കകം, പാട്ടിൽ പറയുന്നതുപോലെ ആകാശത്തിനും മേലേയുള്ള ലോകത്തേക്ക് അദ്ദേഹം യാത്രയായി. ജയ്കിഷൻ മരിച്ചശേഷവും ശങ്കർ ജയ്കിഷൻ എന്ന പേര് ശങ്കർ തുടർന്നുപോന്നു. അത് ഇരുവരും തമ്മിലുള്ള തമ്മിലുള്ള വാക്കായിരുന്നു. ആരു മരിച്ചാലും പേര് മുറിക്കരുതെന്ന്. അമിത മദ്യപാനം മൂലം കരൾ തകർന്നു മരിക്കുമ്പോൾ ജയ്കിഷൻ എന്ന പ്രതിഭയ്ക്ക് വെറും 41 വയസ്സ്, ജീവിച്ചു തുടങ്ങാനുള്ള പ്രായം!. ‘സിന്ദഗി ഏക് സഫർ ഹേ സുഹാന...’ – ജീവിതം ഒരു ആനന്ദയാത്രതന്നെയായിരുന്ന ജയ്കിഷന്.