രാഹുൽ കോഹിനൂറിന്റെ പാട്ടുപ്പെട്ടി

ഭൂതകാലപൊലിമയുടെ മണ്ണടരുകളെ ആവാഹിച്ച കോഹിനൂർ എന്ന ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷകന്റെ ഗൃഹാതുരുത്വത്തിൽ എൺപതുകളിലെ വസന്തത്തെ പുനർജനിപ്പിച്ചപ്പോൾ വരികളിലൂടെയും ഈണങ്ങളിലൂടെയും ശ്രദ്ധേയരായവരാണ് ബി കെ ഹരിനാരായണനും രാഹുൽ രാജും. ഹേമന്തമെൻ എന്ന ഗാനം എൺപതുകളിലെ പ്രണയത്തിന്റെ മണവും ഗുണവും പ്രേക്ഷകരിലേക്കെത്തിച്ചപ്പോള്‍ ഡും ഡും കുസൃതി നിറഞ്ഞ നായകനെയാണ് അടയാളപ്പെടുത്തിയത്. ഗതകാലത്തിന്റെ ആന്ദോളനങ്ങളിഴചേർത്ത സംഗീതത്താൽ ആ ഈരടികളെ അവിസ്മരണീയമാക്കിയ രാഹുൽ രാജ് മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.

ഒന്നര മാസത്തെ അദ്ധ്വാനം

ഏകദേശം ഒന്നരമാസം നീണ്ടു നിന്ന അദ്ധ്വാനത്തിന്റെ ഫലമാണ് കോഹിനൂരിലെ ഗാനങ്ങൾ. എൺപതുകളിലെ ഗാനങ്ങൾക്കൊപ്പം സഞ്ചരിക്കുകയായിരുന്നു ആ സമയത്ത്. ഇരുന്നൂറിൽ അധികം ഗാനങ്ങളെക്കുറിച്ച് പഠിച്ചു. ഏതുതരത്തിലുള്ള സംഗീതോപകരണങ്ങളാണ് അക്കാലത്തെ ഗാനങ്ങളിൽ കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്, എങ്ങനെയാണ് മിക്സ് ചെയ്തിരിക്കുന്നത് തുടങ്ങി ഒരുപാട് കാര്യങ്ങൾ പഠിച്ചതിന് ശേഷമാണ് കോഹീനൂരിലെ ഗാനങ്ങൾക്ക് ഈണം പകർന്നത്. അക്കാലത്തെ പ്രശസ്ത സംഗീതസംവിധായകർ ഒരു ഗാനത്തെ എങ്ങനെയാണ് സമീപിച്ചിരുന്നതെന്ന് പോലും നോക്കിയിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ മലയാള സിനിമയിലെ ആ സുവർണ്ണ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന് മനസിൽ വിചാരിച്ചുകൊണ്ടായിരുന്നു കോഹിനൂരിലെ ഈണങ്ങൾ നൽകിയത്.

കോഹിനൂർ ആവശ്യപ്പെട്ട ഗാനങ്ങൾ

കാലഘട്ടത്തിന് യോജിച്ച പാട്ട് വേണമെന്നാണ് സംവിധായകൻ പറഞ്ഞിരുന്നു. എൺപതുകളിലെ കഥ പറയുന്ന ചിത്രമാണ് കോഹിനൂർ. ആ ചിത്രം അത്തരത്തിലൊരു ഗാനം ആവശ്യപ്പെട്ടതുകൊണ്ടാണ് ആ ഗാനങ്ങൾ ചെയ്യാൻ സാധിച്ചത്. ഇന്നത്തെ സാങ്കേതികവിദ്യകളെ അധികം ഉപയോഗിക്കാതെ ഹേമന്തമെൻ എന്ന ഗാനമുണ്ടാക്കാമെന്ന ആലോചനയിലേയ്ക്ക് ഞങ്ങൾ എത്തുകയായിരുന്നു. കേട്ടാല്‍ ആ കാലഘട്ടത്തില്‍ ഇറങ്ങേണ്ടിയിരുന്ന ഒരു പാട്ട് എന്ന് തോന്നണം, എന്നാൽ പുനരാവിഷ്‌കാരം എന്ന് തോന്നരുത് എന്ന‌‌‌‌ നിര്‍ബന്ധമുണ്ടായിരുന്നു. അക്കാലത്തെ സംഗീതസംവിധായകര്‍ എങ്ങനെയായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക, ജോണ്‍സണ്‍ മാഷ് ഒരു പശ്ചാത്തല സംഗീതം ചെയ്യുകയാണെങ്കില്‍ എന്തൊക്കെയാകും ശ്രദ്ധിച്ചിട്ടുണ്ടാവുക, അല്ലെങ്കില്‍ ഇളയരാജ സാര്‍ ഒരു ഗിറ്റാര്‍ വായിക്കുമ്പോള്‍ എങ്ങനെയായിരിക്കും അതിനെ സമീപിക്കുക. അങ്ങനെയെക്കെയുള്ള കാടുകയറിയ ചിന്തകളിൽ നിന്നാണ് സംഗീതവും പശ്ചാത്തലസംഗീതവും സൃഷ്ടിച്ചത്. വയലിൻ, സിത്താർ തുടങ്ങിയവ കൂടുതലായും ഉപയോഗിച്ചു, മിക്സിംഗ് പോലും അനലോഗിലായിരുന്നു.

സംഗീതം, വരികൾ, ശബ്ദം

ഗാനത്തിന്റെ ആത്മാവ് സംഗീതത്തിലും വരികളിലും ശബ്ദത്തിലുമാണ്. ഇവ മൂന്നിലും പഴമകൊണ്ടു വരുത്താൻ സാധിച്ചു എന്ന് തന്നെയാണ് കരുതുന്നത്. എൺപതുകളിലെ യേശുദാസിന്റെ ശബ്ദത്തോട് സാമ്യം തോന്നുന്നതിനായാണ് വിജയ് യേശുദാസിനെ ഉപയോഗിച്ചത്. കൂടാതെ വിനീതിന്റെ എനർജിയും ആവശ്യമായിരുന്നു. ശരിക്കും പറഞ്ഞാൽ ഡും ‍ഡും എന്ന ഗാനമാണ് കൂടുതൽ ഹിറ്റാകും എന്ന് പ്രതീക്ഷിച്ചത് പക്ഷെ ആളുകൾക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് ഹേമന്തമെൻ എന്ന ഗാനമായിരുന്നു. ഗാനത്തെ ഗൃഹാതുരത്വമാക്കാൻ ഹരിനാരായണന്റെ വരികളും വളരെ അധികം സഹായിച്ചിട്ടുണ്ട്. ഗാനത്തിലെ വരികളും എൺപതുകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു.

മെലഡി എല്ലാവർക്കും താൽപര്യം

തിരക്കു പിടിച്ച ദിവസത്തിനൊടുവിൽ വിശ്രമിക്കുമ്പോൾ ആളുകൾക്ക് കേൾക്കാനിഷ്ടം മെലഡിയാണ്. ഒട്ടുമിക്ക ആളുകള്‍ക്കും കൂടുതൽ പ്രിയം അത്തരത്തിലുള്ള പഴയ ഗാനങ്ങളോടായിരിക്കും. ഒരു പ്രോഗ്രാമിന് പോയാല്‍ സദസ്സിലുള്ള എല്ലാവര്‍ക്കും ഇഷ്ടമായ ഒരു പാട്ട് പറയാന്‍ പറഞ്ഞാല്‍ ഭൂരിപക്ഷവും തെരഞ്ഞെടുക്കുന്നത് എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ഗാനങ്ങളായിരിക്കും. ഞങ്ങള്‍ മലയാളത്തിലെ കംപോസേഴ്‌സ് എല്ലാവരും ചേര്‍ന്നുള്ള ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അതിലെ ‌സംഗീത സംവിധായകരെല്ലാം പാടാനായി തെരഞ്ഞെടുത്തത് എല്ലാം ജോണ്‍സണ്‍ മാഷിന്റെയും രവീന്ദ്രന്‍ മാഷിന്റെയും ഇളയരാജയുടേയുമൊക്കെ 80കളിലെ പാട്ടുകളായിരുന്നു. എന്നാൽ നമ്മളാരും അത്തരത്തിലുള്ള പാട്ടുകള്‍ ഉണ്ടാക്കാൻ ശ്രമിക്കുന്നില്ല. ഞാനുള്‍പ്പെടെയുള്ള ആളുകള്‍ പുതിയത് കണ്ടുപിടിക്കാനുള്ള ത്വരയില്‍ മുന്നോട്ട് പോവുകയാണ്. സംഗീതത്തിന്റെ സുവര്‍ണ്ണകാലം ആവര്‍ത്തിക്കാനുള്ള ശ്രമം നമ്മളുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. എന്നാൽ തമിഴിൽ അത്തരത്തിലുള്ള ശ്രമങ്ങൾ ധാരാളമായി നടക്കുന്നുണ്ട്. നമ്മള്‍ സംഗീതത്തിന്റെ സുവര്‍ണ്ണകാലമെന്ന് കരുതിയിരുന്ന കാലഘട്ടത്തിലെ പാട്ടുകള്‍ പോലെ അനുകരണമല്ലാതെ നല്ല പാട്ടുകള്‍ എങ്ങനെ ഉണ്ടാക്കാം എന്ന് ഞാനും കുറേയായി ആലോചിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് വിനയ് കോഹിനൂറുമായി എത്തുന്നത്, അതിലൂടെ ആ ആഗ്രഹം ഒരു പരിധി വരെ സാധിച്ചു എന്ന് പറയാം.

സംഗീത ജീവിതത്തിലെ വഴിത്തിരിവ്

ചെറുപ്പം മുതലേ സംഗീതം അഭ്യസിച്ചിരുന്നെങ്കിലും സംഗീതത്തെ കരിയർ ആയി തിരഞ്ഞെടുത്തിരുന്നില്ല. ലണ്ടനിൽ ജോലി ചെയ്യുന്ന സമയത്താണ് സംഗീതം കരിയർ ആക്കണമെന്ന ചിന്ത വന്നത്. പിന്നീട് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. പരസ്യങ്ങൾക്കും ടിവി സീരിയലുകൾക്കും സംഗീതം ചെയ്തുകൊണ്ടാണ് തുടങ്ങിയത്. ഏറെ നാളത്തെ അലച്ചിലിന് ശേഷമാണ് ചോട്ടാ മുംബൈയിൽ സംഗീതം നിർവ്വഹിക്കാനുള്ള അവസരം ലഭിച്ചത്. സംഗീത സംവിധായകനായതിന് ശേഷം കരിയറിൽ പല വഴിത്തിരുവുകളുമുണ്ടായിട്ടുണ്ട്. ചോട്ടാമുംബൈ, ഋതു, ബാച്ച്ലർ പാർട്ടി തുടങ്ങിയ ചിത്രങ്ങൾളെല്ലാം അത്തരത്തിൽ പ്രാധാന്യമുള്ളവയാണ്. എന്നാൽ വലിയൊരു വഴിത്തിരിവാണ് കോഹിനൂർ എന്ന ചിത്രം. മികച്ച സ്വീകാര്യതയാണ് കോഹിനൂരിലെ ഗാനങ്ങൾക്ക് ലഭിക്കുന്നത്. എന്റെ ഏറ്റവും മികച്ച പാട്ട് എന്ന് ഒട്ടുമിക്ക ആളുകളും പറയുന്നുണ്ട്. എന്നാൽ നമ്മള്‍ എല്ലാ പാട്ടുകള്‍ക്കും ഒരേ എഫര്‍ട്ടാണ് എടുക്കുന്നതെങ്കിലും പ്രേക്ഷന് കൂടുതൽ രസിക്കുന്ന ഗാനമേതെന്ന് പ്രവചിക്കാൻ സാധിക്കില്ലല്ലോ. മെലഡികള്‍ ഇതിനുമുമ്പും ചെയ്തിട്ടുണ്ടെങ്കിലും ഇത്ര സ്വീകാര്യത ലഭിച്ചിട്ടില്ല. ഹേമന്തമെന്‍ എന്ന ഗാനത്തിന് പുതിയ തലമുറയിലും ഇത്രത്തോളം സ്വീകാര്യതയുണ്ടാകുമെന്ന് കരുതിയിരുന്നില്ല.

മനപ്പൂര്‍വ്വം സെലക്ടീവ് ആയിട്ടില്ല

ഒരു സമയം ഒരു ചിത്രം മാത്രമേ ചെയ്യു എന്നായിരുന്നു തീരുമാനിച്ചിരുന്നത്. അതുകൊണ്ടാണ് സെലക്ടീവാണ് എന്ന തോന്നലുണ്ടാകുന്നത്. എന്നെ പൂര്‍ണമായും വിശ്വാസത്തിലെടുക്കുന്ന സംവിധായകര്‍ക്കൊപ്പമാണ് ഞാന്‍ പാട്ടുകളാണെങ്കിലും പശ്ചാത്തലമാണെങ്കിലും ചെയ്തിട്ടുള്ളത്. അങ്ങനെയൊരു വിശ്വാസമുണ്ടെങ്കില്‍ മാത്രമേ സ്വതന്ത്രമായി ജോലി ചെയ്യാൻ സാധിക്കുകയുള്ളു. കൂടാതെ ഒരു സമയത്ത് ഒരുചിത്രം മാത്രമേ ചെയ്യു എന്ന തീരുമാനത്തിന് മാറ്റം വരുത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ ഏകദേശം ഏഴു ചിത്രങ്ങൾക്ക് ഈണം നൽകുന്നുണ്ട്.

എല്ലാത്തരം ഗാനങ്ങളും ചെയ്യും

മെലഡികളും അടിപൊളി ഗാനങ്ങളും ചെയ്തിട്ടുണ്ടെങ്കിലും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് അടിച്ചുപൊളി ഗാനങ്ങളാണ്. എന്നു കരുതി അത്തരത്തിലുള്ള ഗാനം മാത്രം ചെയ്യുന്ന ആളാണെന്ന് തെറ്റിദ്ധരിക്കരുത്, സംവിധായകൻ വിശ്വാസത്തോടെ ഏൽപ്പിക്കുന്ന എല്ലാതരത്തിലുമുള്ള ഗാനങ്ങളും ചെയ്യാൻ സാധിക്കും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. റൊമാന്റിക്ക് മെലഡികളോട് വല്ലാത്തൊരിഷ്ടമുണ്ട്.