ആക്ഷൻ ഹീറോ ബിജു എന്റെ ഭാഗ്യം

ഋതുവായി പെയ്ത് മലയാളത്തിന്റെ നാദമായവനാണ് സുചിത് സുരേശൻ. പുലരുമോ രാവൊഴിയുമോ എന്ന ഒരൊറ്റ ഗാനത്തിലൂടെ സുചിത് മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകനായി. ചടുലവും നവവും പ്രവചനാതീതവുമായ യൗവനത്തിന്റെ ഭാവമാണ് സുചിത്തിന്റെ ശബ്ദത്തിന്. വിരലിലെണ്ണാവുന്ന ഗാനങ്ങളെ ആ ശബ്ദത്തിൽ മലയാളം കേട്ടിട്ടുള്ളൂവെങ്കിലും തമിഴിൽ ഒരുപാടുണ്ട്. ഘന ഘന നാദം സൃഷ്ടിച്ച ആക്ഷൻ ഹീറോ ബിജുവിലെ പാട്ട് വിശേഷവുമായി സുചിത് സുരേശൻ മനോരമ ഓൺലൈനിനോട്...

ഘന ഘന നാദേ ഭാഷണം

എന്റെ മലയാളം പാട്ട് മാത്രം കേട്ടവർക്ക് ഒരു ഞെട്ടലാണ് ആക്ഷൻ ഹീറോയിലെ ടൈറ്റിൽ ഗാനം. റിതുവിലാണെങ്കിലും ഇംഗ്ളീഷിലാണെങ്കിലും ഒരു സോഫ്റ്റ് ടച്ചാണ് എന്റെ ശബ്ദത്തിന്. ആ പാട്ടുകൾക്ക് അതായിരുന്നു വേണ്ടത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയിലെ ദൂരെ ദൂരെ... കുറച്ചുകൂടി ഹൈ പിച്ച് ഗാനമായിരുന്നു. ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടിയിലാകട്ടെ ഒരു മനോഹര മെലഡിയും. പക്ഷേ, ടൈറ്റിൽ ഗാനം ഇതല്ല ആദ്യം, സപ്തമശ്രീ തസ്ക്കരയാണ്. സംസ്കൃതപദങ്ങൾ നിറഞ്ഞ മനോഹര വരികളും വാദ്യോപകരണങ്ങളെല്ലാം കൂടിച്ചേർന്ന സംഗീതം കൂടിയായപ്പോൾ ആക്ഷൻ ഹീറോ ബിജുവിലെ ടൈറ്റിൽ ഗാനം കൂടുതൽ പവർഫുളായെന്ന് മാത്രം.

ഭാഗ്യം കൊണ്ട് മാത്രം കിട്ടിയ ഗാനം

ശരിക്കും ഭാഗ്യം കൊണ്ട് മാത്രമാണ് ആക്ഷൻ ഹീറോ ബിജുവിൽ പാടാൻ സാധിച്ചത്. എന്നെ ഈ ചിത3ത്തിൽ പാടാൻ വിളിക്കുമ്പോഴൊന്നും കിട്ടിയിരുന്നില്ല. പിന്നീട് അവർ മറ്റൊരാളെ വെച്ച് പാടിക്കുകയായിരുന്നു. എന്നാൽ, വീണ്ടും ആ നറുക്ക് ഒരു പരീക്ഷണാർഥം എന്നെ തേടി വരികയായിരുന്നു. ഒടുവിൽ ലോട്ടറി എനിക്ക് തന്നെ അടിച്ചു.

ടെൻഷൻ വീണ്ടും ടെൻഷൻ

ജെറി സർ വളരെ സ്ട്രിക്ടാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. നല്ല പേടിയോടെയാണ് ഞാൻ പാട്ട് പാടാൻ ചെല്ലുന്നത്. പക്ഷേ, റെക്കോർഡിങ്ങിന് ജെറി സർ ഇല്ലായിരുന്നു. ലാസ്റ്റ് മിനിറ്റ് ചെയ്ഞ്ചായതുകൊണ്ട് റെക്കൊർഡിങ് മാറ്റി വയ്ക്കേണ്ടന്നും പാട്ട് അയച്ചുകൊടുത്താൽ മതിയെന്നും ജെറി സർ തന്നെയാണത്രേ പറഞ്ഞത്.

എന്തായാലും ഷൈൻ സാറിന്റെ നിർദേശമനുസരിച്ച് ഞാൻ പാടി, ജെറി സാറിന് അയച്ചും കൊടുത്തു. എന്താകുമെന്ന ടെൻഷനിലാണ് റൂമിലേക്ക് മടങ്ങിയത്. വിൻസന്റ് ചെട്ടന്റെ കോൾവന്നപ്പോഴും ടെൻഷനടിച്ചാണ് എടുത്തത്. ജെറി സാറിന് പാട്ട് ഇഷ്ടമായെന്നും ഒരു മാറ്റവും ഇല്ലെന്നും സിനിമയിലേക്ക് ഉറപ്പിച്ചെന്നും പറഞ്ഞപ്പോഴും എനിക്ക് സത്യത്തിൽ വിശ്വസിക്കാനായില്ല. എന്തായാലും ടെൻഷനടിച്ചത് വെറുതെയായില്ല.

മലയാളത്തിൽ ഇനിയും

ജേക്കബിന്റെ സ്വർഗരാജ്യത്തിൽ ഒരു പാട്ട് പാടിയിട്ടുണ്ട്. ഷാനിക്കയാണ് ( ഷാൻ റഹ്മാൻ ) സംഗീതം.

കുടുംബം

അച്ഛൻ, അമ്മ, ചേട്ടൻ, ചെട്ടത്തി, കുഞ്ഞ് എന്നിവർ അടങ്ങുന്ന ഒരു കൊച്ച് കുടുംബം.