പാട്ടിലെ റോക്ക് സ്റ്റാർ

ജോൺസൺ മാഷിന്റെ പാട്ടുകൾ പാടിക്കൊണ്ട് മലയാളത്തിലേക്ക് കടന്നുവന്ന ഒരു ഗായക സംഘം. വേദികളിൽ നിന്ന് അവർ പാടിയ പാട്ടുകളിലൂടെ പാട്ടിനൊപ്പമുള്ള അവരുടെ ചടുലതയിലൂടെ മലയാളികൾക്കിടയിൽ അവർ പെട്ടെന്ന് പ്രിയപ്പെട്ടവരായി. വേദികളിൽ നിന്ന് മുടി വിടർത്തി ഗിത്താറിനൊപ്പം വേദിയെ ത്രസിപ്പിച്ച് അവർ പാടിക്കൊണ്ടേയിരുന്നു. വേദികളേയും ആൾക്കൂട്ടത്തേയും ഹരംപിടിപ്പിച്ച ആ സംഗീത സംഘത്തിന്റെ പേരിൽ പോലുമൊരു കൗതുകമുണ്ട്. തായ്ക്കുടം ബ്രിഡ്ജ്. മലയാളത്തിന് അന്നോളം അപരിചിതമായിരുന്ന ബാൻഡ് സംസ്കാരത്തെയാണ് അവർ പരിചയപ്പെടുത്തിയത്. അവരിലൊരാൾ ഇപ്പോഴൊരു ചലച്ചിത്ര നടനുമായിക്കഴിഞ്ഞു, കുറേ സിനിമകളിൽ പാടിയും കഴിഞ്ഞു. സിദ്ധാർഥ് മേനോൻ. റോക്ക് സ്റ്റാറെന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സിദ്ധാർഥ് മേനോനോടൊപ്പം.

എല്ലാം പഴയ പോലെ

സിനിമയിൽ അഭിനയിച്ചതുകൊണ്ട് എനിക്ക് എന്തെങ്കിലും മാറ്റം വന്നു എന്നു തോന്നുന്നില്ല. ഞാൻ പഴയപോലെ തന്നെ. നല്ലൊരു അനുഭവമായിരുന്നു വികെ പ്രകാശിനൊപ്പം. ചലച്ചിത്രങ്ങളും അതിന്റെ ഷൂട്ടിങുമൊക്കെ തീർത്തും വ്യത്യസ്തമാണല്ലോ. അതനുഭവിക്കുവാൻ കഴിഞ്ഞു. പിന്നെ ഇതൊന്നും പ്ലാൻ ചെയ്തതൊന്നുമല്ല. ഒരവസരം കിട്ടിയപ്പോൾ ഒരു കൈ നോക്കിയേക്കാം എന്നേ കരുതിയുള്ളൂ. മോശം എന്ന് പറയിപ്പിക്കരുത് എന്നുണ്ടായിരുന്നു. അഭിനയിക്കാനൊന്നും ബുദ്ധിമുട്ടിയില്ല. പക്ഷേ ഡബ്ബിങ് കുഴപ്പിച്ചു. പതിനഞ്ച് ദിവസംകൊണ്ടാണ് ചെയ്തു തീർന്നത്.

അവർക്ക് വിശ്വസിക്കാനായില്ല

ഞാൻ മുംബൈയിലാണ് വളർന്നതും പഠിച്ചതുമൊക്കെ. മലയാളം അത്ര പോര. പിന്നെ കൂടുതൽ സമയവും ചെലവിട്ടത് പാട്ടിനൊപ്പമായിരുന്നു. ആ ഞാൻ ഒരു മലയാളം ചിത്രം എങ്ങനെ ചെയ്തുവെന്നറിയാൻ എന്നെ അറിയാവുന്നവർക്ക് ആകാംഷയുണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടേയും വാക്കുകളാണ് ഏറ്റവുമധികം സന്തോഷിപ്പിച്ചത്. സിനിമ കണ്ടിറങ്ങിയിട്ട് അച്ഛൻ തോളിൽ തട്ടിയിട്ട് പറഞ്ഞു, നന്നായിട്ടുണ്ട്. ശരിക്കും അവർക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല ഞാൻ ഇങ്ങനൊക്കെ ചെയ്തെന്ന്. അവരുടെ സന്തോഷം കണ്ടപ്പോൾ എനിക്കൊരുപാട് ആശ്വാസമായി. ഒരുപാടു പേർ അഭിനന്ദനമറിയിച്ചിരുന്നു. നല്ല വാക്ക് പറയിപ്പിക്കാനായതിന്റെ ആശ്വാസമുണ്ട്.

നമ്മളിൽ നമുക്കല്ലേ പരീക്ഷണം ചെയ്യാനാകൂ

ഒരുപാട് പേർ ചോദിച്ചിരുന്നു ലുക്ക് മാറ്റിയല്ലേ..വണ്ണംവച്ചുവല്ലേ എന്നൊക്കെ. നമ്മളിലല്ലേ നമുക്ക് ധൈര്യമായി പരീക്ഷണം ചെയ്യാനാകൂ. റോക്ക് സ്റ്റാറിലൊക്കെ ലുക്ക് ഇപ്പോൾ മാറിയിട്ടുണ്ട്. എല്ലാം ഒരു രസം.

ആദ്യം പാട്ട് പിന്നെ സിനിമ

സംഗീതമാണ് എന്റെ വഴി. അതാണ് എന്നെ ഇതുവരെയെത്തിച്ചത്. ജീവിതത്തിൽ പ്രാധാന്യം നൽകുന്നതും അതിനു തന്നെയാണ്. പിന്നെ നല്ല സിനിമകൾ കിട്ടിയാൽ തീർച്ചയായും ചെയ്യും. എന്തുചെയ്യുമ്പോഴും നൂറു ശതമാനം അർപ്പണബോധത്തോടെ ചെയ്യണമെന്നുണ്ട്. അത് എന്തിലായാലുമുണ്ടാകും. നവരസമെന്ന ​‌ഞങ്ങളുടെ ആൽബം ചെയ്ത് കഴിഞ്ഞ് നിന്ന ഗ്യാപ്പിലാണ് സിനമ ചെയ്തത്.

ലക്ഷ്യം തായ്ക്കുടത്തിന്റെ വളർച്ച മാത്രം

പുതുവർഷത്തിൽ ഏറ്റവുമധികം ആഗ്രഹിക്കുന്നതും പ്രയത്നിക്കുന്നതും തായ്ക്കുടം ബ്രിഡ്ജിന്റെ വളർച്ചയ്ക്കായിട്ടാണ്. രാജ്യാന്തര തലത്തിലേക്ക് ബാൻഡിനെയെത്തിക്കണം. അതിന്റെ ആദ്യ ചുവടുവയ്പ്പെന്നോണം പുറത്തിറക്കിയ നവരസമെന്ന ആൽബം ഏറെ ശ്രദ്ധ നേടിയത് സന്തോഷം തരുന്നു. ഇന്ത്യയുടെ സ്പന്ദനങ്ങൾ ലളിതമായി ദൃശ്യവൽക്കരിച്ച ഒമ്പത് പാട്ടുകളാണ് നവരസത്തിലുള്ളത്. മലയാളം, ഹിന്ദി, തമിഴ്, ഭാഷകളിലാണ് പാട്ടുകൾ. റോക്കും നാടോടി ഗീതവും ഹിന്ദുസ്ഥാനിയും ശാസ്ത്രീയ സംഗീതവുമൊക്കെ ഇഴചേർന്ന പാട്ടുകൾ. ഹിന്ദി പാട്ടുകൾ രചിച്ചത് ഗജനം മിത്കെയും പീയൂഷ് കപൂറും ചേർന്നാണ്. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ബിജോയ് നമ്പ്യാരാണ് ഇതിലൊരു പാട്ടായ ആരാച്ചാറിന് ദൃശ്യാവിഷ്കാരം നൽകിയത്. ബോളിവുഡിലെ പ്രതിഭകളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഇത്തരമൊരു ആൽബമിറക്കിയത് വലിയ സ്വപ്നങ്ങൾ കണ്ടുകൊണ്ടാണ്. ഞങ്ങൾ, തായ്ക്കുടം ബ്രിഡ്ജിന്റെ ഒരു വർഷത്തെ പ്രയത്നമാണത്.

എല്ലാം എസ്റ്റാബ്ലിഷ്മെന്റിനു വേണ്ടി

നമ്മുടെ നാട്ടിൽ അധികം ബാൻഡുകളില്ല. സിനിമാ പാട്ടുകളാണ് പ്രശസ്തം. ആളുകള്‍ക്കിഷ്ടവും അതുതന്നെ. ആ ഒരു സാഹചര്യത്തിലേക്ക് ബാൻഡ് സംഗീതം വന്നുചേരുന്നത് അനുചിതമായി തോന്നണമെന്നില്ല. ശ്രദ്ധിക്കപ്പെടണമെന്നില്ല. അതുകൊണ്ടാണ് ജോൺസൺ മാഷിന്റെ ഏറെ പ്രശസ്തമായ ഗാനങ്ങള്‍ അവതരിപ്പിച്ചത്. അത് വിജയിച്ചു. നൊസ്റ്റാൾജിയയിലെ പാട്ടുകൾ ഞങ്ങള്‍ക്ക് നല്ല പ്രതികരണമാണ് തന്നത്. ആളുകൾ അറിഞ്ഞു തുടങ്ങി. സ്റ്റേജിൽ വ്യത്യസ്തമായി പെർഫോം ചെയ്തതും അതുകൊണ്ടാണ്. പിന്നീട് ഞങ്ങൾ ഫിഷ് റോക്കും നവരസവുമിറക്കിയില്ലേ. അത് രണ്ടും ശ്രദ്ധിക്കപ്പെട്ടു. സിനിമാ പാട്ടുകൾ പാടിക്കൊണ്ട് മുഖ്യധാരയിലെത്തിയത് ഒരു എസ്റ്റാബ്ലിഷ്മെന്റിനു വേണ്ടിയാണ്.

ഇനി

ഇതുവരെ സിനിമയൊന്നും തീരുമാനിച്ചിട്ടില്ല. നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ചെയ്യും. അതാണിപ്പോഴത്തെ തീരുമാനം.