വേറിട്ട സ്വരഭംഗിയുമായി അലിഷ

അമേരിക്കയിൽ നിന്നു ചെന്നൈയിലേക്കു അലിഷ പറന്നതു പാട്ടിനു വേണ്ടിയാണ്. കർണാടിക് സംഗീതത്തിനും പാശ്ചാത്യ സംഗീതത്തിനും ഒരുപോലെ ചേരുന്ന സ്വരഭംഗിയുള്ള പാട്ടുകാരി. ധനുഷ് നായകനായ മാരി എന്ന സിനിമയിൽ ‘ഡോനു ഡോനു ഡോന്...’ എന്ന പാട്ടിനു ശബ്ദമായി ചലച്ചിത്ര സംഗീത രംഗത്തേക്കുമെത്തി. അലിഷ മലയാളിയാണെന്നത് അധികമാരും അറിയാത്ത മറ്റൊരു വിശേഷം

ഒരു പാട്ടിന്റെ ശുദ്ധതാളം പോലെ മധുരമുള്ളതാണു അലീഷ തോമസ് എന്ന ഗായികയുടെ ജീവിതം. പാട്ടാണ് അലീഷയുടെ ഉണർത്തുപാട്ട്, ജീവനതാളം. യുഎസിലെ വർണ്ണക്കാഴ്ചകളിൽ നിന്നു ചെന്നൈ നഗരത്തിന്റെ താളത്തിലേക്ക് ചേക്കേറിയതും സംഗീതം നൽകിയ ഊർജത്തിന്റെ ഫലം. ധനുഷ് നായകനായ മാരി എന്ന സിനിമയിൽ ‘ഡോനു ഡോനു ഡോന്...’ എന്ന പാട്ടിന്റെ ശബ്ദം അലീഷയാണ്. എ.ആർ. റഹ്മാൻ ഉൾപ്പെടെയുള്ളവരുടെ സംഗീത വിരുന്നുകളിൽ ഭാഗമായും ഈ ഗായിക തിളങ്ങുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുതിയ ഗാനങ്ങളുമായി അരങ്ങുതകർക്കാനൊരുങ്ങുന്ന അലീഷ ഒരു മലയാളിയാണെന്നത് അധികമാരും അറിയാത്ത വിശേഷം. തന്റെ പാട്ടുവഴികളെക്കുറിച്ച് അലീഷ പങ്കുവയ്ക്കുന്നു. 

അഞ്ചാം വയസിൽ പാട്ടിന്റെ ലോകത്ത്

ജനിച്ചതും വളർന്നതുമെല്ലാം യുഎസിലാണ്. പളള്ളിയിലെ ക്വയറുകളിൽ പങ്കെടുത്താണ് ആദ്യമായി പാട്ടിന്റെ ലോകത്ത് എത്തുന്നത്. അഞ്ചാം വയസു മുതൽ കർണാടിക് സംഗീതം പഠിക്കാൻ ആരംഭിച്ചു. ചെറിയ ഇടവേളകളുണ്ടായെങ്കിലും പത്തുവർഷത്തോളം കർണാടിക് സംഗീതം പഠിച്ചു. എന്റെ പാട്ടിന്റെ കരുത്തും അതു തന്നെയാണ്. പിന്നീടു വെസ്റ്റേൺ മ്യൂസിക്കും പല ഘട്ടങ്ങളിലായി അഭ്യസിച്ചു. 11ാം വയസു മുതൽ സ്റ്റേജ് പെർഫോമൻസുകൾ ചെയ്തു തുടങ്ങി. കേരളത്തിൽ നിന്നുള്ള ഗായകർക്കൊപ്പവും യുഎസിലെ സംഗീത ടീമുകൾക്കൊപ്പവുമെല്ലാം സ്റ്റേജുകളിലെത്തി. പിയാനോ, ഗിറ്റാർ എന്നിവയിലും പരിശീലനം തേടി. നൃത്ത അരങ്ങേറ്റങ്ങൾക്കും മറ്റും പിന്നണിയിൽ പാട്ടുകാരിയായി എത്തിയ കഥയുമുണ്ട്. 

പാട്ടുതേടി ചെന്നൈയിലേക്ക്

ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ ശേഷം പല കമ്പനികളിലും ജോലി ചെയ്തു. പക്ഷെ പാട്ടാണ് എന്റെ ജീവിതമെന്നു തിരിച്ചറിഞ്ഞതോടെയാണു കൂടുതൽ സാധ്യതകൾ തേടി ചെന്നൈയിലേക്കെത്തിയത്. അതിനു കരുത്തായതു ഞാൻ പഠിച്ച കർണാടിക് സംഗീതം തന്നെയാണ്. യുഎസിൽ ജീവിക്കുമ്പോഴും വെസ്റ്റേൺ പാട്ടുകളുടെ ലോകത്തു കഴിയുമ്പോഴും എന്റെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്നത് ഇവിടുത്തെ സംഗീതമാണ്. അങ്ങനെ രണ്ടു വർഷം മുൻപു ചെന്നൈയിലെത്തി. എ.ആർ. റഹ്മാന്റെ കെഎം മ്യൂസിക് കൺസർവേറ്ററിയിൽ പഠനത്തിനു ചേർന്നു. അവിടെ പഠിക്കുന്നതിനിടെ പല സംഗീത സംവിധായകർക്കു വേണ്ടിയും പല പ്രൊജക്ടുകളിലും ഭാഗമായി. 

പെരുമ തന്നു മാരി

2014 ജൂലൈയിലാണു ചെന്നൈയിലെത്തിയത്. ഒരു വർഷം പൂർത്തിയാകുന്നതിനു മുൻപു തന്നെ സിനിമയിൽ പാടാൻ അവസരം ലഭിച്ചതാണ് ഏറ്റവും മനോഹരമായ അനുഭവം. ധനുഷും കാജൾ അഗർവാളും അഭിനയിച്ച മാരിയെന്ന സിനിമയിലെ ഡോനു, ഡോനു എന്നു തുടങ്ങുന്ന ഗാനത്തിൽ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിനൊപ്പമാണ് പാടിയത്. ധനുഷ് വരികൾ എഴുതിയ ആ പാട്ട് ഒരു വെസ്റ്റേൺ ഇൻഫ്ലുവൻസുള്ള ഒരു ഫാസ്റ്റ് നമ്പരാണ്. എന്റെ വേറിട്ട ശബ്ദം ഏറെ ശ്രദ്ധ നേടി. ഏറെ അഭിനന്ദനം നേടിത്തന്നു ആ പാട്ട്. 2015 ഏപ്രിലിലാണു ആ പാട്ട് റെക്കോർഡ് ചെയ്തത്. ജൂലൈയിൽ ചിത്രം തിയറ്ററുകളിലെത്തി. പിന്നാലെ എ.ആർ. റഹ്മാൻ ഉൾപ്പെടെയുള്ളവർക്കൊപ്പം സ്റ്റേജ് ഷോകൾക്കും അവസരം ലഭിച്ചു. 

മലയാളത്തിന്റെ മധുരം

കേരളത്തിൽ നിന്നുള്ള ഗായകർ യുഎസിലെത്തുമ്പോൾ അവർക്കൊപ്പം സ്റ്റേജിലെത്താറുണ്ട്. 2008,2009 വർഷങ്ങളിൽ ഗാനഗന്ധർവൻ കെ.ജെ. യേശുദാസിനൊപ്പം യുഎസിൽ സ്റ്റേജിലെത്തിയത് ഒരിക്കലും മറക്കാൻ സാധിക്കില്ല. കെ.എസ്. ചിത്ര, വിജയ് യേശുദാസ് തുടങ്ങിയവർക്കൊപ്പമെല്ലാം സ്റ്റേജിലെത്താൻ സാധിച്ചു. പാട്ടുമായി ലോകത്തിന്റെ പലഭാഗത്തും യാത്ര ചെയ്തു. പുതിയ പാട്ടുകളും വെസ്റ്റേൺ ശൈലിയും ഏറെ അടുത്തറിയാമെങ്കിലും പ്രിയപ്പെട്ടതു പഴയ പാട്ടുകൾ തന്നെയാണ്. ലതാ മങ്കേഷ്കർ, ആശാ ഭോസ്‌ലെ തുടങ്ങിയവരുടെ പഴയ പാട്ടുകളാണു കൂടുതലായി കേൾക്കുന്നതും. പുതിയ കാലത്തെ സംഗീതജ്ഞരിൽ ഏറ്റവും പ്രിയം എ.ആർ. റഹ്മാനെത്തന്നെ. 

‌ഭാഷയൊരു തടസമല്ല

ചെറുപ്പം മുതൽ കർണാടിക് സംഗീതം പഠിച്ചിരുന്നതിനാൽ ഭാഷയൊരു തടസമായില്ല. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണു കൂടുതലായി പാടുന്നത്. മലയാളത്തിൽ നിന്ന് ഇതുവരെ വിളി ലഭിച്ചിട്ടില്ല. വൈകാതെ അതു ലഭിക്കുമെന്നു തന്നെയാണു പ്രതീക്ഷ. മലയാളത്തിൽ പാടാനുള്ള അവസരത്തിനു വേണ്ടി കാത്തിരിക്കുകയാണ്. ഇൻഡിപ്പൻഡന്റായുള്ള പാട്ടുകൾ ചെയ്യുന്നുമുണ്ട്. പാട്ടുകൾ എഴുതാറുണ്ട്, അതു മുഴുവൻ ഇംഗ്ലീഷിലാണ്. വൈകാതെ സ്വന്തമായി ഒരുക്കുന്ന ഗാനവും പുറത്തെത്തും. 

കരുത്തേകുന്നതു കുടുംബം

യുഎസിലെ വാഷിങ്ടണിലാണു കുടുംബം. പിതാവ് മാത്യു തോമസും അമ്മ നാൻസിയും യുഎസ് ഫെഡറൽ ഗവൺമെന്റിൽ ഉദ്യോഗസ്ഥർ. നല്ല ആസ്വാദകരാണെന്നതൊഴിച്ചാൽ സംഗീതവുമായി അടുത്ത ബന്ധമുള്ളവർ കുടുംബത്തിലില്ല. ചെറുപ്പത്തിൽ പാട്ടു പഠിച്ചിട്ടും പിന്നീടു ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡിഗ്രി തേടിയതും ജോലി ചെയ്തതുമെല്ലാം ഇക്കാരണങ്ങളാലാണ്. പക്ഷെ സംഗീതമാണ് എന്റെ വഴിയെന്നു തിരിച്ചറിഞ്ഞപ്പോൾ കുടുംബമാണു പിന്തുണ നൽകിയത്. കുടുംബം മുൻപു താമസിച്ചിരുന്നതു ത്രിച്ചിയിലാണ്. ചെന്നൈയിലേക്കു പോകാനുള്ള തീരുമാനത്തിനു മാതാപിതാക്കളും മറ്റും നൽകിയ പിന്തുണയാണു സംഗീത യാത്രയിൽ ഏറ്റവും കരുത്തായിട്ടുള്ളത്. പാട്ടുകൾ കേട്ട് ആസ്വാദകർ നല്ലതു പറയുമ്പോൾ ഏറ്റം സന്തോഷവും അവർക്കു തന്നെ.