പ്രസംഗിച്ചല്ല, പാട്ട് പാടി വോട്ട് നേടി

സെലിബ്രിറ്റികളുടെ പങ്കാളിത്തംകൊണ്ടു കൂടി ശ്രദ്ധ നേടിയ തദ്ദേശ ഭരണ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ഫലം വന്നപ്പോൾ ജയം നേടിയവർ നന്നേ ചുരുക്കമാണെങ്കിൽ കൂടി. ദലീമ ജോജോ വിജയിച്ചവരുടെ കൂട്ടത്തിലേക്കാണ്. ജാനകിയെ ഓർമിപ്പിക്കുന്ന നല്ല നേർമയുള്ള ദുംഖമയമായ ശബ്ദമാണ് ദലീമയ്ക്ക്. ആലപ്പുഴ ജില്ലയിലെ അരൂർ ജില്ലാ ഡിവിഷനിൽ നിന്ന് ഇടതുപക്ഷ സ്ഥാനാർഥിയായി ജയിച്ച ദലീമ സംസാരിക്കുന്നു രാഷ്ട്രീയക്കാരിയായുള്ള മാറ്റത്തെ കുറിച്ച് പ്രതീക്ഷകളെ കുറിച്ച്....

അയ്യോ ഞാൻ രാഷ്ട്രീയക്കാരിയല്ല

രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ല എനിക്ക്. രാഷ്ട്രീയത്തിൽ പ്രവർത്തിച്ച് പരിചയവുമില്ല. അരൂർ ജില്ലാ ഡിവിഷൻ സ്ത്രീ സംവരണ വാർഡായിരുന്നു. അങ്ങനെ എല്ലാവരും നിർബന്ധിച്ചു. അങ്ങനെയാണ് സ്ഥാനാർഥിയായി നിൽക്കാൻ തീരുമാനിച്ചത്. പിന്നെ ഈ ഭൂമിയിൽ നിന്ന് കടന്നുപോകുമ്പോൾ എന്തെങ്കിലുമൊക്കെ നല്ല കാര്യങ്ങൾ മനുഷ്യർക്കായി ചെയ്യണമെന്നു തോന്നി. ഈ സ്ഥാനം അതിനുപകരിക്കും എന്നും പ്രതീക്ഷിക്കുന്നു.

ഇനി ഇടതിനൊപ്പം

ഇത്രയും നാൾ എനിക്ക് പ്രത്യേകിച്ച് രാഷ്ട്രീയ നയങ്ങളൊന്നുമില്ലായിരുന്നു. ഇനി പക്ഷേ ഇടതുപക്ഷത്താണ്. അവരുടെ നയങ്ങളിൽ ഞാൻ അടിയുറച്ച് വിശ്വസിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചരണം പഠിപ്പിച്ചതതാണ്. കാരണം, എന്നോടൊപ്പം പ്രചരണത്തിനു വന്നവരെല്ലാം തീർത്തും സാധാരണക്കാരായ മനുഷ്യരായിരുന്നു, അവർ ഈ പാർട്ടിയിൽ വിശ്വസിക്കുന്നു. എനിക്കു വേണ്ടി ഒരുപാട് അധ്വാനിച്ചു അവർ. വ്യക്തിപരമായി അവർക്കൊന്നും ഇതിൽ നിന്ന് കിട്ടാനില്ല. പക്ഷേ അധികാരത്തിൽ നല്ലൊരു പാർട്ടി വന്നാൽ നാടിന് വളർച്ചയുണ്ടാകുമെന്ന് അവർ വിശ്വസിക്കുന്നു.

കലയല്ല യഥാർഥ ജീവിതം

കലാരംഗത്തുള്ളവരോട് എല്ലാവർക്കും സ്നേഹമാണ്. നന്മയുള്ളവരാണ് അധികവും. എങ്കിലും പച്ചയായ ജീവിതത്തിലേക്ക് വരുമ്പോൾ പാട്ടും കവിതയും കഴിവുകളും ഒന്നുമല്ല. ദുരിതകരമായ ജീവിതത്തിലുള്ള എത്രയോ പേരെ കാണാനായി. യഥാർഥ ജീവിതങ്ങൾ. നമ്മൾ കലയുടെ ലോകത്ത് മുഴുകുമ്പോൾ മനപൂർവമല്ലെങ്കിൽ കൂടി, കാണാതെ പോകുന്ന ജീവിതങ്ങൾ. അതറിയാൻ പറ്റി. ദലീമയെന്ന ഗായികയിൽ നിന്ന് രാഷ്ട്രീയക്കാരിയിലേക്കുള്ള മാറ്റം ശരിക്കും ആ തിരിച്ചറിവാണ്. മുൻപത്തേക്കാൾ എനിക്ക് കൂടുതല്‍ ആത്മവിശ്വാസം തോന്നുന്നു. ധൈര്യവും.

വിജയിക്കുമെന്ന് കരുതിയില്ല

എന്നെ തെരഞ്ഞെടുപ്പിന് നിർ‌ത്തിയപ്പോൾ തന്നെ ജയം പാർട്ടി ഉറപ്പിച്ചിരുന്നു. പക്ഷേ എനിക്കെന്തോ ഉറപ്പില്ലായിരുന്നു. അടിയൊഴുക്കുകൾ വരാമല്ലോ. പിന്നെ പാട്ടുകാരി എന്ന നിലയിൽ എന്നോട് സ്നഹേമുള്ളവരാണ് അധികവും. അതുകൊണ്ട് വോട്ടു ചെയ്യും എന്നു ചിന്തിക്കാനാകില്ലല്ലോ. രാഷ്ട്രീയവും കലയും രണ്ടല്ലേ...ആളുകൾ എങ്ങനെ ചിന്തിക്കുമെന്ന് അറിയാത്തതുകൊണ്ട് എനിക്ക് ജയിക്കുമെന്ന വിശ്വാസമില്ലായിരുന്നു.

പ്രസംഗം വേണ്ട പാട്ടു മതി, വോട്ടായത് സ്നേഹം

സ്ഥാനാർഥിയായിരുന്നെങ്കിലും രാഷ്ട്രീയ പ്രസംഗം എനിക്കു തീരെ അറിയില്ല. പ്രസംഗിച്ചതുമില്ല. ആളുകളുടെ സ്നേഹമാണ് വോട്ടായത്. പ്രസംഗത്തേക്കാൾ ഞാൻ പാട്ടാണ് പാടിയത്. അവർക്കും അതായിരുന്നു ഇഷ്ടം. ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ, കണ്ണു തുറക്കാത്ത ദൈവങ്ങളേ...ആ പാട്ടൊക്കെയായിരുന്നു പാടിച്ചത്.

ജയിച്ചു ഇനി

3500ൽ അധികം വോട്ടിനാണ് ജയിച്ചത്.ഒത്തിരി കാര്യങ്ങൾ ചെയ്യണമെന്നുണ്ട്. ഞാൻ പറഞ്ഞല്ലോ രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ല. പൊതുപ്രവർത്തനത്തിന് ഇറങ്ങിയിട്ടുമില്ല. അതുകൊണ്ടു തന്നെ എന്റെ ചിന്താഗതികളെല്ലാം സാധാരണക്കാരിയുടേതാണ്. പാവപ്പെട്ടവരുടെ നന്മയ്ക്കായിട്ടു മാത്രമേ പ്രവർത്തിക്കൂ. വീട്, ചികിത്സാ സഹായം, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ദുരിതമനുഭവിക്കുന്ന വയോജനങ്ങൾക്ക് സഹായം, മറ്റ് അടിസ്ഥാന ആവശ്യങ്ങൾ തുടങ്ങി പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്ക് ഉപകരിക്കുന്ന രീതിയിൽ പ്രവർത്തിക്കണം എന്നാണ് എന്റെ ആഗ്രഹം. കയ്യിലുള്ള അധികാരം സാധാരണക്കാർക്കായി നല്ല രീതിയിൽ വിനിയോഗിക്കണം അതാണ് ലക്ഷ്യവും.

വീട്ടിലെല്ലാവർക്കും പേടി

ജയിച്ചപ്പോൾ ഒത്തിരിപ്പേർ അഭിനന്ദിക്കാൻ വിളിച്ചിരുന്നു. സംഗീതരംഗത്തു നിന്നും വിളിച്ചവരിൽ മിശ്രാഭിപ്രായക്കാരായിരുന്നു. എന്റെ വീട്ടിലും അങ്ങനെ തന്നെ. നീ വിചാരിക്കും പോലെയല്ല ഈ രംഗം, മനസിൽ വിചാരിക്കുന്നതൊന്നും ചെയ്യാൻ പറ്റണമെന്നില്ല, നിനക്കു പറ്റിയതല്ല എന്നൊക്കെയായിരുന്നു എന്റെ വീട്ടുകാർ പറഞ്ഞത്. അവർക്ക് പേടിയായിരുന്നു, രാഷ്ട്രീയമായി തീരെ അറിവില്ല. പക്ഷേ ഭർത്താവിന്റെ വീട്ടുകാർ ഭയങ്കര സപ്പോർട്ടായിരുന്നു. നല്ല പ്രതീക്ഷയോടെയാണ് ഞാനിപ്പോൾ‌ ജീവിക്കുന്നത്.