യേശുദാസിന്റെ പ്രിയ ചിത്രകാരൻ!

കെ.ജെ.യേശുദാസിനോടൊപ്പം സേതു ഇയ്യാൽ

എനിക്കാ വീട്ടിലെ ചില്ലരമാലയിലെ ഒരു പാവക്കുട്ടിയായാൽ മതിയായിരുന്നു... ക്യാംപസിലെ മരത്തണലുകളിലൊരിടത്തിരിക്കുമ്പോള്‍ ഒരു കൂട്ടുകാരി െവറുതെ പറഞ്ഞതാണ്. ഒരു പാട്ടുകാരനോടുള്ള ആരാധന അത്രമേൽ തലയ്ക്കുപിടിച്ചുപോയിരുന്നു അവൾക്ക്. വീടിന്റെ അകത്തളങ്ങളിൽ, നിഴലു വീഴുന്ന വരാന്തകളിൽ, വെളിച്ചമേറെയുള്ള ജാലകവാതിലനരികെയൊക്കെനിന്ന് അവർ പാടുന്ന മൂളിപ്പാട്ടുകളൊക്കെ കേൾക്കാമല്ലോ. ആ സ്വരം മറ്റൊരു മാധ്യമത്തിന്റെയും ഇടനിലയില്ലാതെ കേട്ടിരിക്കാൻ ഇതിലും നല്ലൊരു മാർഗമില്ലത്രേ... ആ സ്വരത്തിന്റെ പരിശുദ്ധിയെ ഇത്രയുമടുത്തറിയാൻ മറ്റേതിടമാണുള്ളതെന്നായിരുന്നു അവളുടെ ചോദ്യം. പറഞ്ഞു വരുന്നത് ഒരു ചിത്രകാരനെക്കുറിച്ചാണ്. പാട്ടുകാരുടെ വീട്ടിലെ ചിത്രകാരനെക്കുറിച്ച്. സേതു ഇയ്യാൽ എന്നാണ് പേര്. അതായത് പാട്ടുകാരുടെ പാട്ടിനെ, ആ സ്വരത്തിന്റെ പരിശുദ്ധിയെ ആവോളമാസ്വദിച്ചിരിക്കുന്ന ചിത്രങ്ങളുടെ സ്രഷ്ടാവ്. യേശുദാസിന്റെ മദ്രാസിലെ വീട്ടിൽ ആലേഖനം ചെയ്ത അദ്ദേഹത്തിന്റെ ഗുരു ചെമ്പൈയുടെയും ദക്ഷിണാമൂർത്തി സ്വാമിയുടെയും ചിത്രം വരച്ചത് സേതുവാണ്. ചിത്രകാരൻ എന്നതിലുപരി, യേശുദാസെന്ന മഹാഗായകന്റെ രണ്ട് തലമുറകളുടെ പാട്ടുകളുള്ള ചിത്രം സംവിധാനം ചെയ്യുന്നതും സേതു തന്നെ‍.

ചെമ്പൈയുടെ സംഗീതവും ചിത്രവും

തൃശൂരിലെ കുന്നംകുളത്തെ ഇയ്യാൽ എന്ന സാധാരണ ഗ്രാമത്തിലാണ് സേതു ജനിച്ചതും വളർന്നതും. പടം വരയോടിഷ്ടം കൂടിയുളള യാത്രയ്ക്കിടയിലാണ് സിനിമയും പാട്ടുകാരും സേതുവിന്റെ ജീവിതത്തിന്റെ ഭാഗമാകുന്നത്, ദാസേട്ടന്റെയും ചിത്രയുടെയും അനുജനെപ്പോലെയാകുന്നത്, സംഗീതത്തെ ഉപാസിച്ചു ജീവിച്ച മഹാപുരുഷൻ ദക്ഷിണാമൂർത്തി സ്വാമിയുടെ നിഴലായി മാറാനായത്.

ദക്ഷിണാമൂർത്തി സ്വാമിയുടെ ചിത്രം അനാച്ഛാദനം ചെയ്ത ശേഷം

ചെമ്പൈ സംഗീതോത്സവം കേൾക്കാൻ പോകുമായിരുന്നു സേതു. അങ്ങനെയാണ് ചെമ്പൈയുടെ ശിഷ്യൻ മണി ഭാഗവതരെ പരിചയപ്പെടുന്നത്. സേതുവിന്റെ വരയെ കുറിച്ച് കേട്ടറിഞ്ഞ ഭാഗവതർ ഗുരുവിന്റെ ചിത്രം വരച്ചു നൽകാൻ പറഞ്ഞു. ചെമ്പൈ ഗ്രാമത്തിലെ ക്ഷേത്രത്തിലെ ആ ചിത്രം അനാച്ഛാദനം ചെയ്യാനെത്തിയത് യേശുദാസും. ചിത്രം കണ്ടിഷ്ടമായ ദാസേട്ടന്ഡ പറഞ്ഞു, ‘ഇതുപോലൊരു പടം എനിക്കും വേണം ഗുരുവായൂരേക്ക്’. അന്നു മുതലാണ് ഗന്ധർവ ഗായകന്റെ ചിത്രകാരനായി സേതു മാറുന്നത്. തരംഗിണി സ്റ്റുഡിയോയിലേക്കായി ദാസേട്ടന്റെ പത്തോളം ചിത്രങ്ങളും വരച്ചിട്ടുണ്ട്. ദക്ഷിണാമൂർത്തി സ്വാമിയുടെ ഭാര്യ കല്യാണിയാണ് അദ്ദേഹത്തിന്റെ ചിത്രം ദാസേട്ടന്റെ വീട്ടിൽ അനാച്ഛാദനം ചെയ്തത്. 

ദക്ഷിണാമൂർത്തി സ്വാമിയെന്ന അനുഗ്രഹം !

സംഗീതവും ഭക്തിയും ലയിച്ചു േചർന്ന അപൂർവ ജന്മത്തിനൊപ്പം കുറേ രാപകലുകൾ ഒപ്പം കഴിയാനായതാണ് സേതുവിന്റ ജീവിതത്തിന്റെ പുണ്യം. അദ്ദേഹത്തിനൊപ്പം അനേകം വർഷങ്ങൾ ജീവിച്ചു സേതു. അദ്ദേഹത്തിന്റെ ഈണങ്ങൾക്കൊപ്പമാണ് ഇപ്പോൾ ജീവിതവും. സംഗീതവും ചിത്രകഥയും ഇഴചേർന്നു നീങ്ങിയ സ്നേഹസമ്പന്നമായ ജീവിതത്തിനിടയിലാണ് ചില കഥകൾ മനസിൽ ചേക്കേറിയത്. ആ കഥയിലെ കഥാപാത്രങ്ങൾക്കു മനസിലെ വെള്ളിത്തിരയിൽ ജീവൻ വച്ചത്. ലോഹിതദാസിന്റെ അസിസ്റ്റന്റായി. പിന്നെ ആ ആത്മാർഥ സ്നേഹത്തിന്റെ കരുതലിൽ പതിയെ സംവിധായക കുപ്പായമണിഞ്ഞു സേതു. ആ ചിത്രത്തിന്റെ പേരാണ് ശ്യാമരാഗം. 

ദക്ഷിണാമൂർത്തി സ്വാമിയും യേശുദാസും

ദാസേട്ടനും വിജയ്‍യും പിന്നെ അമേയയും!

ദക്ഷിണാമൂർത്തി സ്വാമി സംഗീതമൊരുക്കിയ അവസാന ചിത്രമാണ് ശ്യാമരാഗം. ആറു പാട്ടുകളാണ് ചിത്രത്തിലുള്ളത്. തൊണ്ണൂറ്റിനാലാം വയസിലായിരുന്നു സ്വാമി ഈ പാട്ടുകൾക്ക് ഈണമിട്ടത്. പാട്ടുകാർ കെ.ജെ.യേശുദാസ്, വിജയ്, മകൾ അമേയ പിന്നെ വാനമ്പാടി കെ.എസ്.ചിത്രയും. അമേയ പാടിയ കീർത്തനം കൂടാതെയാണ് ആറു ഗാനങ്ങൾ. സ്വാമിയുടെ തീരുമാനമായിരുന്നു അമേയയുടെ പാട്ട്. സ്വാമി എഴുതി ചിട്ടപ്പെടുത്തിയ കീർത്തനം ആദ്യ ടേക്കിൽ തന്നെ അമേയ ഭംഗിയായി പാടി. ചിത്രയോടൊപ്പമുള്ള ഒരു ഡ്യുയറ്റ് ഉൾപ്പെടെ നാലു പാട്ടുകൾ ദാസേട്ടൻ പാടി. ഒരു ഗാനം ചിത്രയും മറ്റൊന്നു വിജയ്‍യും. കൈതപ്രവും റഫീഖ് അഹമ്മദുമാണ് പാട്ടിന്റെ രചന നിർവഹിച്ചത്. 

വിജയ് യേശുദാസും യേശുദാസും

നൂറു വർഷത്തെ സിനിമാചരിത്രത്തിനിടയിൽ ഇതാദ്യമായാണ് ഒരു കുടുംബത്തിലെ നാലു തലമുറയെക്കൊണ്ട് ഒരു സംഗീത സംവിധായകൻ പാടിക്കുന്നത്. യേശുദാസും അദ്ദേഹത്തിന്റെ മകനും മകന്റെ മകളും മാത്രമല്ല, അദ്ദേഹത്തിന്റെ പിതാവും സ്വാമിയുടെ ഈണങ്ങൾ സിനിമയിൽ പാടിയിട്ടുണ്ട്. 

ശ്യാമരാഗം ചിത്രത്തിന്റെ പോസ്റ്റർ

പാട്ടുകാരുടെ വീട്ടിലെ ചിത്രകാരനെന്നു പറഞ്ഞെങ്കിലും സേതു വരച്ച ചിത്രങ്ങൾ തേടിയെത്തിയവർ വേറെയുമുണ്ട് ഒരുപാട്. മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ, മുൻ രാഷ്ട്രപതി ആർ.വെങ്കിട്ടരാമൻ, ഡിഎംകെ തലവൻ കരുണാനിധി, തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത, മോഹൻലാൽ, ഗായിക കെ.എസ്.ചിത്ര, നടൻമാരായ രജനീകാന്ത്, കമൽഹാസൻ, ലതാ മങ്കേഷ്കര്‍, ഇളയരാജ... അങ്ങനെ പലരും സേതുവിനെ കൊണ്ട് അവർക്കിഷ്ടപ്പെട്ട ചിത്രങ്ങൾ വരപ്പിച്ചിട്ടുണ്ട്. 

എങ്കിലും പാട്ടും ഭക്തിയും അതുപോലെ വശ്യമായ ചിത്രങ്ങളും വരയ്ക്കുന്ന സേതുവിന്റെ ജീവിതത്തോട് ഏറ്റവുമധികം ചേർന്നു നിൽക്കുന്നത് പാട്ടുകാരാണ്. അവർക്കൊപ്പമുള്ള നിമിഷങ്ങളാണ് സേതുവെന്ന കലാകാരനെ അടയാളപ്പെടുത്തിയത്. സംഗീതമേറെ ഇഷ്ടപ്പെടുന്ന സംവിധായകൻ പകർന്ന പാഠങ്ങളിൽ നിന്നാണ് സംഗീതാർദ്രമായൊരു സിനിമ പിറവിയെടുക്കുന്നത്. ഗാനഗന്ധർവന്റെ ജീവിതസമീപനങ്ങളിൽ നിന്നാണ് ആരും കൊതിക്കുന്ന അവസരങ്ങൾ തേടിയെത്തിയിട്ടും ഇത്രമേൽ വിനീതമായി അത്യാകാംക്ഷകളില്ലാതെ കലയ്ക്കൊപ്പം നിൽക്കാൻ സേതുവിനാകുന്നത്. സ്വാമിയുടെ സമർപ്പണമാണ് സിനിമയെ ഒട്ടുമേ കലർപ്പില്ലാതെ സമീപിക്കാൻ പ്രപ്തനാക്കിയത്. കാലത്തെ കൊതിപ്പിച്ച സ്വരമുള്ളവരുടെ വീട്ടിൽ അവരുടെ മൂളിപ്പാട്ടുകള്‍ക്കു കാതോർത്ത്, താളംപിടിക്കലിൽ ഒപ്പം ചേർന്ന്, പുതിയ ഈണങ്ങളുമായി അവരെ തേടിയെത്തുന്നവരുടെ വർത്തമാനങ്ങൾക്ക് സാക്ഷിയായി നിൽക്കുന്ന ജീവൻ തുടിക്കുന്ന ചിത്രങ്ങളുടെ ഉടയോനായത്.