ഇരുളിനെ തോൽപ്പിച്ച സജ്നയുടെ വിജയരാഗം

കണ്ടിരുന്ന കാഴ്ചകൾ മറഞ്ഞപ്പോഴും സംഗീതമായിരുന്നു സജ്നയുടെ ആശ്വാസം. അന്ധതയെ സംഗീതം കൊണ്ട് മറന്ന് അവൾ സംഗീത വഴികളിലൂടെ സഞ്ചരിച്ച് ഉപ്പക്കും ഉമ്മയ്ക്കും താങ്ങായി. സംഗീത അധ്യാപികയായി അവൾ കാഴ്ചകളുടെ ലോകത്ത് വേറിട്ടൊരു വിജയരാഗം തീർത്തു. കോഴിക്കോട് തിരുവമ്പാടിയിലെ തോട്ടത്തിലെ ക്വാർട്ടേഴ്സിൽ പരിമിതികൾ മാത്രമുള്ള ബാല്യത്തിൽ നിന്നും തുടങ്ങിയ സംഗീത യാത്ര ഇരുപത്തിയൊമ്പത് ആണ്ടുകൾ പിന്നിടുമ്പോൾ ആരോഹണ ഗീതത്തിന്റെ സ്വരക്കൂട്ടുണ്ട്. കർണാടിക് സംഗീതത്തിന്റെ സ്വരഭേദങ്ങളിലൂടെ വീണയുടെ നാദത്തിലൂടെ അലിഞ്ഞു ചേർന്നൊഴുകുന്ന ഈ കോഴിക്കോടുകാരിയുടെ ജീവിതമാണ് ഭിന്ന ശേഷിയുള്ളവർക്കായി നീക്കിവച്ചിരിക്കുന്ന ഈ ദിനത്തിൽ ചെവിയോർക്കേണ്ടത്. സജ്ന പിന്നിട്ട വഴികളെക്കുറിച്ച്...

പാതിവഴിയിൽ മിഴിയടച്ച വെളിച്ചം

ജനിച്ചപ്പോഴേ കണ്ണിനുള്ളിലിരുട്ടാണെങ്കിൽ അറിവു വയ്ക്കുമ്പോൾ ആ സ്ഥിതി വിശേഷത്തോട് നമ്മൾ പതിയെ ഇഴുകി ചേരും. പക്ഷേ പകുതി വഴിക്കാണ് കണ്ണിലെ പ്രകാശം മിഴിയടക്കുന്നതെങ്കിലോ. എന്റെ കാര്യത്തിലതായിരുന്നു സംഭവിച്ചത്. അഞ്ചു വർഷം മുൻപാണ് പൂർണമായും അന്ധതയിലേക്കു പോയത്. അതുവരെ ഇരുട്ട് ഒപ്പമുണ്ടായിരുന്നുവെങ്കിലും ജീവിതം സാധാരണ പോലെയായിരുന്നു.മുപ്പത്തിയഞ്ചു ശതമാനം കാഴ്ചയുണ്ടായിരുന്നു അന്ന്. പിന്നീടാണ് ഞരമ്പുകൾക്ക് രോഗം ബാധിച്ച് കണ്ണിലെ കാഴ്ച പൂർണമായും മറന്നത്. എന്തോ കുറവുണ്ടെന്ന ബോധം അതുവരെ മനസിൽ ലവലേശം പോലുമില്ലായിരുന്നു. പക്ഷേ പതിയെ പതിയെ കണ്ണിലെ വെളിച്ചം അന്ധതയിലേക്ക് നടന്നു നീങ്ങിയപ്പോൾ മനസിലും അതു പടർന്നു. മനസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ വരെയെത്തി. ഉപ്പയും ഉമ്മയും ഒപ്പം നിന്നില്ലായിരുന്നുവെങ്കിൽ സുഹൃത്തുക്കളുടെ നല്ല വാക്കുകളില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ അതുതന്നെ സംഭവിച്ചേനെ.

ഈ വീടാണ് എന്റെ സന്തോഷം

ശരീരവും ജീവിത ചുറ്റുപാടും ഏറെ പ്രതിബദ്ധതകൾ ഒരുക്കിയിട്ടും പിടിച്ചു നിന്നത് കുഞ്ഞിലേ അനുഭവിച്ച കഷ്ടപ്പാടുകൾ പകർന്ന ശക്തിയാണ്. റിയാലിറ്റി ഷോകളിലും മറ്റും പാടിക്കിട്ടിയ തുകകൊണ്ട് ഉപ്പയ്ക്കും ഉമ്മയ്ക്കും വീടുവച്ചുകൊടുക്കാനായതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. അകക്കണ്ണിലെ കാഴ്ചകൊണ്ട് ആ വീടിന് കൺ‌നിറയെ കണ്ട് സന്തോഷിക്കുകയാണിപ്പോൾ.

എസ്എംഎസ് യന്ത്രമാകേണ്ടി വന്ന ഗതികേട്

രണ്ട് പ്രമുഖ ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ പങ്കെടുത്തിരുന്നു. ഒന്നിൽ ജേതാവുമായി. എണ്ണിയാലൊടുങ്ങാത്ത ഷോകളും ഇതുവരെ നടത്തി. സ്കൂൾ‌ തലവും കലയോടൊപ്പമായിരുന്നു. വാരിക്കൂട്ടിയിട്ടുണ്ട് ഏറെ സമ്മാനങ്ങൾ. കലയാണ് എല്ലാം. റിയാലിറ്റി ഷോകൾ നല്ലതും ജീവിതത്തിലെ ഏറ്റവും വലിയ വേദനയും സമ്മാനിച്ചതാണ്. പക്ഷേ ഓഡിഷൻ പോലും നടത്താതെയെടുത്ത മറ്റൊരു റിയാലിറ്റി ഷോയിലെ എസ്എംഎസ് യന്ത്രമാണെന്ന് മനസിലാക്കിയപ്പോൾ ഇറങ്ങിപ്പോരേണ്ടി വന്നു. അന്നവിടെ നിന്നു കിട്ടിയ ഒറ്റപ്പെടെലും അവഗണനയും ജീവിതത്തിലെ ഏറ്റവും വലിയ മുറിവാണ്. പക്ഷേ അന്നും കുറവുകളെ കുറിച്ചോര്‍ത്ത് കരയാതെ തന്റേടത്തോടെ പറഞ്ഞു, എനിക്ക് നിങ്ങളുടെ സ്റ്റേജ് വേണ്ടെന്ന്.

ജോലിയുണ്ട് പക്ഷേ...

ഇന്ന് കോഴിക്കോട് വള്ളിക്കാപ്പറ്റ കേരള സ്കൂൾ ഫോർ ബ്ലൈൻഡിലെ അധ്യാപികയാണ്., ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ജോലിയായിരുന്നു. പക്ഷേ നിയമനത്തിന് അപ്രൂവൽ കിട്ടിയിട്ടില്ല ഇതുവരെ. വർഷങ്ങളോളം നിയമനം നടക്കാതിരുന്ന ഒരു പോസ്റ്റിലേക്കാണ് പ്രവേശിച്ചത്. അപ്രൂവലിനായി മുഖ്യമന്ത്രിയുടെ കനിവ് കാത്തിരിക്കുകയാണിവളിപ്പോൾ. മറ്റൊരു കുഞ്ഞ് ആഗ്രഹം കൂടിയുണ്ട് കെ എസ് ചിത്രയെ കാണണം...

യാത്രകൾ ഏറെ കഷ്ടം

വോക്കിങ് സ്റ്റിക്ക് ഇല്ലാതെ യാത്ര ചെയ്യുന്നത് എന്തോ വലിയ തെറ്റാണെന്ന മട്ടാണ് പലർക്കും. കൈപിടിച്ച് റോഡു കടത്തിവിടാൻ മടികാണിച്ചവർ അനാവശ്യമായി കമന്റ് പറയുന്നവർ, അവരൊക്കെ യാത്രയെ കുറിച്ചോർക്കുമ്പോൾ‌ പേടി പടർത്തുന്നു. കണ്ണുകാണാതെ ഒറ്റക്ക് യാത്ര ചെയ്യുന്നത് വലിയ അപരാധമായി കാണുന്നവരാണ് അധികവും. അവർ പറയുന്നതിൽ കാര്യമില്ലെന്നല്ല, പക്ഷേ എങ്കിലും നമ്മളുടെ കാര്യങ്ങൾ നമ്മൾ തന്നെ ചെയ്താലല്ലേ പറ്റൂ. പക്ഷേ അന്ധർക്ക് യാത്ര സുഗമമാക്കുന്നിതിൽ ബാംഗ്ലൂരും ചെന്നൈയുമൊക്കെ ഒരുപാട് മുൻപിലാണ്..

ഭിന്നശേഷിയുള്ളവർ ആദ്യം മാറ്റേണ്ടത് സ്വന്തം ചിന്തയെ

ചെറുപ്പത്തിലേ അന്ധത ഒപ്പമുണ്ടായിരുന്നുവെങ്കിലും എന്തെങ്കിലും കുറവ് എനിക്കുള്ളതായി ഒരിക്കലും ചിന്തിച്ചിരുന്നില്ല. അതായിരുന്നിരിക്കണം ജീവിതത്തിൽ സന്തോഷം കണ്ടെത്താനുള്ള കരുത്ത് തന്നത്. ഭിന്നശേഷിയുള്ളവർ എനിക്കെന്തോ കുറവുണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന ചിന്തയാണ് ആദ്യം കളയേണ്ടത്. സ്വന്തം മനസിനുള്ളിൽ സ്വയം കെട്ടിപ്പൊക്കിയിരിക്കുന്ന ആ മതിൽ പൊളിച്ചാലേ രക്ഷയുള്ളൂ. രണ്ടാമതേ സമൂഹത്തിന്റെ ചിന്താഗതിയൊരുക്കുന്ന പ്രതിബദ്ധതകൾ‌ വരുന്നുള്ളൂ. പിന്നെ ഏത് കുറവുകളേയും തരണം ചെയ്യാൻ ആർക്കും കുടംബത്തിന്റെ അകമഴിഞ്ഞ പിന്തുണ വേണം. എന്റെ ഉപ്പയും ഉമ്മയും എന്നെ ചേർത്ത് നിർ‌ത്തിയതുകൊണ്ടാണ് ഞാനിവിടം വരെയെത്തിയത്. സജ്ന പറയുന്നു. ലോട്ടറി വിൽപ്പനയും മറ്റുമായി അന്ധതയുള്ളവർ ഇറങ്ങുന്നത് ഗതികേടുകൊണ്ടാണ്. സമൂഹം ഭിന്നശേഷിയുള്ളവരോടുള്ള നിലപാടിൽ ഏറെമാറ്റം വരുത്തിയെങ്കിലും സര്‍ക്കാർ ആനുകൂല്യങ്ങൾ പലപ്പോഴും എത്താതെ പോകുന്നുണ്ട് അവരിലേക്ക്. ഇതിനു മാത്രം ഇതുവരെയും മാറ്റം വരാത്തത് കഷ്ടമാണ്.