ശ്രേയ പാടിയ പത്മാവതിലെ ‘വിവാദ’ ഗാനം: വിഡിയോ

സെൻസർ ബോർഡുമായുണ്ടായ വലിയ യുദ്ധത്തിനു ശേഷമാണ് പത്മാവത് തിയറ്ററുകളിലെത്തിയത്. പേരിൽ മുതൽ മാറ്റങ്ങൾ വരുത്തിയെങ്കിലും ഒടുവിൽ ചിത്രത്തിനെതിരെ പരാതിപ്പെട്ടവർ തന്നെ അവയൊക്കെ പിൻവലിക്കുകയാണുണ്ടായത്. ചിത്രത്തിലെ 'ഘൂമര്' എന്ന മനോഹരമായ ഗാനത്തിൽ നായിക ദീപിക പദുക്കോണിന്റെ ഉദരഭാഗങ്ങൾ കാണാമെന്നു പറഞ്ഞ് ആ പാട്ടിലും അണിയറക്കാർക്ക് എഡിറ്റിങ് നടത്തേണ്ടി വന്നു. ഗാനത്തിന്റെ മുഴുവൻ വിഡിയോ പുറത്തിറങ്ങി. 

ദീപിക പദുക്കോണിന്റെ അതിമനോഹരമായ നൃത്തമാണു 'ഘൂമര്' എന്ന പാട്ടിലുള്ളത്. മുത്തും പവിഴങ്ങളും ചെറുചില്ലുകളും ചേർത്ത് അലങ്കരിച്ച ഒരു ചുവപ്പൻ ലെഹംഗയാണ് താരം അണിഞ്ഞാണ് നൃത്തമാടിയത്. ഈ വേഷം നായികയുടെ ഉദരഭാഗം അമിതമായി പുറത്തു കാണിക്കുന്നുവെന്നാണ് സെൻസർ ബോർ‍ഡ് കണ്ടെത്തിയത്. ഈ ഷോട്ടുകൾ നീക്കം ചെയ്യണം എന്നു പറഞ്ഞെങ്കിലും നൃത്തത്തെ അത് വികൃതമാക്കുമെന്നതിനാൽ വിദഗ്ധമായി ഈ രംഗം എഡിറ്റ് ചെയ്യുകയായിരുന്നു. കംപ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ചാണ് പ്രശ്നത്തിനു പരിഹാരം കണ്ടെത്തിയത്. സെൻസർ ബോർഡിനു മുൻപിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ സംവിധായകൻ സഞ്ജയ് ലീല ബൻസാലി സ്ഥലത്തില്ലായിരുന്നു. അതുകൊണ്ട് നിർമാതാക്കളോടാണ് സെന്‍സർ ബോർ‍‍ഡ് എക്സാമിനിങ് കമ്മിറ്റി തീരുമാനം അറിയിച്ചത്. 

ശ്രേയാ ഘോഷാലും സ്വരൂപ് ഖാനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. എ.എം തുറാസും സ്വരൂപ് ഖാനുമാണ് പാട്ടിന്റെ വരികൾ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ സഞ്ജയ് ലീലാ ബൻസാലി തന്നെയാണ് പാട്ടിനും ഇൗണം നൽകിയിരിക്കുന്നത്.