വിൽ സ്മിത്തിനെ ഫുട്ബോൾ പഠിപ്പിക്കുന്ന റൊണാൾഡിഞ്ഞോ: വിഡിയോ കാണാം

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തിയ 2018 ഫുട്ബോൾ ലോകകപ്പ് ഔദ്യോഗിക ഗാനം ഇന്നലെയാണ് എത്തിയത്. പ്രമുഖ സംഗീതജ്ഞനും പാട്ടുകാരനുമായ നിക്കി ജാമാണ് ഈ വർഷത്തെ ലോകകപ്പ് ഗാനം ഒരിക്കിയിരിക്കുന്നത്. ഹോളിവുഡ് സൂപ്പർതാരം വിൽ സ്മിത്തും ഗായിക ഇറ ഇസത്രെഫിയുമാണ് പാട്ടിലെ രംഗങ്ങളിൽ അണിനിരക്കുന്നത്.

ഔദ്യോഗിക ഗാനത്തിനു പിന്നാലെ പുറത്തിറങ്ങിയ പാട്ടിന്റെ മെയ്ക്കിങ് വിഡിയോയും സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. വിൽ സ്മിത്ത് തന്റെ യു‌‌ട്യൂബ് ചാനലിലൂ‌ടെ പുറത്തുവിട്ട വിഡിയോ മിനുറ്റുകൾക്കുള്ളിൽ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ബ്രസീലിയൻ സൂപ്പർ ഫുട്ബോളർ റൊണാൾഡിഞ്ഞോയാ​ണ് വിഡിയോയിലെ പ്രധാന ആകർഷണം. ഷൂട്ടിങ് സെറ്റിൽ ഉ​ള്ളവർക്കൊപ്പം ഫുട്ബോൾ തട്ടുന്ന റൊണാൾഡിഞ്ഞോയെയാണ് വിഡിയോയിൽ കാണുന്നത്. വിൽ സ്മിത്തിനെ പന്തു തട്ടാൻ റൊണാൾഡിഞ്ഞോ പഠിപ്പിക്കുന്നതും കാണാം. 

നിക്കി ജാം പന്തു തട്ടുന്നതും പ്രേ​ക്ഷകരിൽ കൗതുകമുണർത്തുന്നു. വിഡിയോയിൽ ഉടനീളം നിറഞ്ഞു നിൽക്കുന്ന നിക്കി ഗാനത്തിലെ തന്റെ ചുവടുകൾക്ക് പിന്നിലുള്ള രസകരമായകാര്യങ്ങളും പങ്കുവെയ്ക്കുന്നുണ്ട്.