രജനിയെ വെല്ലാൻ ധനുഷിന്റെ 'ഓട്ടോക്കാരൻ', തലൈവർ ഫാൻസിന് അത്ര പിടിച്ചില്ല

രജനികാന്തിന്റെ 'ഓട്ടോകാരൻ ഓട്ടോകാരൻ' എന്ന ഗാനത്തിനു വർഷങ്ങൾക്കിപ്പുറം ചുവടുവച്ച്  ധനുഷ്. മാരി 2 എന്ന ചിത്രത്തിലാണ് ധനുഷ് 'ഓട്ടോക്കാരൻ' എന്ന ഗാനത്തിനു ചുവടുവെക്കുന്നത്.  ഗാനത്തിന്റെ റിമിക്സ് വേർഷനാണ് മാരി-2വിൽ. 

ജാനു ചന്ദർ ആണ് ഗാനം റിമിക്സ് ചെയ്തിരിക്കുന്നത്. 'തലൈവർ ഫാന്‍സിനു സമർപ്പിക്കുന്നു' എന്ന കുറിപ്പോടെയാണ് ഗാനം പങ്കുവച്ചിരിക്കുന്നത്. സായ്പല്ലവിയാണു ചിത്രത്തിലെ നായിക. ധനുഷിന്റെയും സായ്പല്ലവിയുടെയും തകർപ്പൻ ഡാൻസ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. മലയാളിയുടെ പ്രിയതാരം ടൊവീനോ തോമസ് പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  

1995ൽ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം ബാഷയിലേതാണു ഗാനം. വൈരമുത്തുവിന്റെതാണു വരികൾ. എസ്.പി. ബാലസുബ്രഹ്മണ്യമാണു ഗാനം ആലപിച്ചിരിക്കുന്നത്. അക്കാലത്ത് തെന്നിന്ത്യയാകെ ഇളക്കി മറിച്ച ഗാനം വീണ്ടും എത്തുമ്പോഴും വൻവരവേൽപ്പാണ് ലഭിക്കുന്നത്. ഗാനത്തിന്റെ മെയ്ക്കിങ് വിഡിയോ റിലീസ് ചെയ്തു മണിക്കൂറുകൾക്കകം ഒന്നരലക്ഷത്തോളം പേർ കണ്ടു. 

മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. മരണമാസാണെന്നും മാരി 2വിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നുമാണ് ആരാധകരുടെ കമന്റുകൾ. എന്നാൽ രജനീകാന്തിന്റെ ഓട്ടോക്കാരൻ എല്ലായിപ്പോഴും ഒരുപടി മുന്നിൽ തന്നെയാണെന്നാണ് തലൈവർ ആരാധകരുടെ പ്രതികരണം.