ഇത് അഹങ്കാരം: ഇളയരാജയ്ക്കെതിരെ സഹോദരൻ

പകർപ്പവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിനു വക്കീൽ നോട്ടിസ് അയച്ച സംഗീത സംവിധായകൻ ഇളയരാജയ്ക്കെതിരെ സഹോദരൻ ഗംഗൈ അമരൻ. ഇളയരാജയ്ക്ക് പണത്തിനോടു ആർത്തിയും അഹങ്കാരവുമാണ്. അതാണ് അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെയെല്ലാം ചെയ്യിക്കുന്നത്. സംഗീത സംവിധായകനും ഗാനരചയിതാവുമാ ഗംഗൈ അമരൻ‌ പറഞ്ഞു. ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഗംഗൈ അമരൻ സഹോദരനെതിരെ തുറന്നടിച്ചത്. 

ബാലിശമാണ് ഇളയരാജയുടെ ആവശ്യം. എം എസ് വിശ്വനാഥന്റെ ഈണങ്ങളും ത്യാഗരജ കീർത്തനങ്ങളും അവരുടെ അനുവാദം കൂടാതെ തന്റെ ഈണങ്ങളിൽ ഉൾക്കൊള്ളിച്ചയാളാണ് ഇളയരാജ. അവർക്കു റോയൽറ്റി നൽകിയിട്ടാണോ ഇങ്ങനെ ചെയ്തത്. ഗംഗൈ അമരൻ കുറന്നു ചോദിച്ചു. 

ദേശീയ പുരസ്കാരത്തിൽ പശ്ചാത്തല സംഗീതത്തിനും ഗാനങ്ങൾക്കും വെവ്വേറെ പുരസ്കാരം നൽ‌കുന്നതിനെ വിമര്‍ശിച്ചും അവാർഡ് നിരസിച്ചും ഇളയരാജ പ്രതികരിച്ചപ്പോഴും സഹോദരന്റെ പിന്തുണയുണ്ടായിരുന്നില്ല. എസ്.പി.ബാലസുബ്രഹ്മണ്യത്തിനു ഇളയരാജ വക്കീൽ നോട്ടിസ് അയച്ച വിഷയത്തിൽ സംഗീത ലോകത്ത് സമ്മിശ്ര പ്രതികരണമാണ്. 

തന്റെ അനുവാദം കൂടാതെ സ്റ്റേജ് ഷോകളിൽ തന്റെ ഗാനങ്ങൾ ആലപിക്കരുതെന്നാണ് ഇളയരാജ എസ്പിബിയ്ക്ക് അയച്ച വക്കീൽ നോട്ടിസിൽ ചൂണ്ടിക്കാണിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയ എസ്പിബി ഇനി ഇളയരാജയുടെ പാട്ട് സ്റ്റേജ് ഷോകളിൽ പാടുന്നില്ലെന്നും അറിയിച്ചിരുന്നു.