എ.ആർ.റഹ്മാൻ പാട്ടും ലാ ലാ ലാൻഡ് ഡാൻസും; അതിശയിപ്പിച്ചു ഈ റീമിക്സ്

ഒരു വിഡിയോ ഗാനത്തിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം മറ്റൊരു പാട്ട് മിക്സ് ചെയ്ത് വിഡിയോ തയ്യാറാക്കുന്ന പരിപാടി ഏറെ രസകരമാണ്. ഈ റീമിക്സുകളില്‍ ചിലത് ഒരുപാട് ആരാധകരെ നേടിയെടുക്കാറുണ്ട്. നമ്മെ പിടിച്ചിരുത്തിക്കളയും ആ വിഡിയോകൾ. എ.ആർ.റഹ്മാന്റെ പാട്ടും പ്രണയവും നൃത്തവും സംഗീതവും കൊണ്ടു ഓസ്കർ പുരസ്കാരങ്ങൾ വാരിക്കൂട്ടിയൊരു ചിത്രത്തിലെ ദൃശ്യങ്ങളുമാണ് വിഡിയോയിൽ ഉപയോഗിച്ചത്. 

ഇത്തവണത്തെ ഓസ്കറിൽ താരമായ ചിത്രം, ലാ ലാ ലാൻഡിലെ ദൃശ്യങ്ങളും തമിഴ് ചിത്രം മിൻസാര കനവിൽ ഹരിഹരൻ പാടിയ വെണ്ണിലവേ...വെണ്ണിലവേ എന്ന പാട്ടും ചേർത്തുവച്ചാണ് വിഡിയോ തയ്യാറാക്കിയത്. പരസ്പരം പറഞ്ഞിട്ടില്ലാത്ത പ്രണയത്തിന്റെ വെമ്പലുകളെ പ്രഭുദേവയും കജോളും പാടിയാടിയ പ്രണയ ഗാനം അന്നും ഇന്നും വെണ്ണിലാവിന്റെ ശോഭയോടെ മനസിലുണ്ട്. ലാ ലാ ലാൻഡ് നൃത്തത്തിന്റെയും സംഗീതത്തിന്റെയും പ്രണയത്തിന്റെ സമന്വയത്തിലൂടെ മനോഹരമായ മറ്റൊരു ദൃശ്യവിസ്മയവും. ഇവ രണ്ടും ഒന്നുചേരുമ്പോൾ ഇത്രയും നല്ല പ്രതികരണങ്ങൾ നേടിയെടുത്തില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. ഇക്കഴിഞ്ഞ 16ാം തീയതി ഫെയ്സ്ബുക്കിലെത്തിയ വിഡിയോ മൂന്നര ലക്ഷത്തിലധികം പ്രാവശ്യമാണ് ലോകം വീക്ഷിച്ചത്. 

ഡേമിയേൻ ഷസെല്ലെ സംവിധാനം ചെയ്ത ചിത്രമാണ് ലാ ലാ ലാൻഡ്. രാജിവ് മേനോനാണു മിൻസാര കനവിന്റെ സൃഷ്ടാവ്. ജസ്റ്റിന്‍ ഹവിറ്റ്സ് ഈണമിട്ട ലാ  ലാ ലാൻഡിലെ സംഗീതം ഓസ്കറിൽ ബെസ്റ്റ് ഒറിജിനൽ സ്കോറിനും ബെസ്റ്റ് ഒറിജിനൽ സോങിനുമുള്ള ഓസ്കർ നേടിയിരുന്നു. 1997ൽ പുറത്തിറങ്ങിയ മിൻസാര കനവിലെ ഗാനങ്ങൾക്കാണ് എ.ആർ റഹ്മാൻ രണ്ടാം പ്രാവശ്യം ദേശീയ പുരസ്കാരം നേടിയത്. വെണ്ണിലവേ എന്ന ഗാനത്തിലെ നൃത്തച്ചുവടുകളൊരുക്കിയതിനു പ്രഭുദേവയ്ക്കും പുരസ്കാരം നേടിയെടുക്കാനായി. ആ വര്‍ഷത്തെ ദേശീയ പുരസ്കാരത്തിൽ മികച്ച ഗാനരചന ഒഴികെയുള്ള സംഗീത പുരസ്കാരങ്ങളെല്ലാം മിൻസാര കനവിനായിരുന്നു. വെണ്ണിലവേ പാട്ടിലും ലാ ലാ ലാൻഡ് നൃത്തത്തിലും കഥാപാത്രങ്ങള്‍ അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങളിൽ പോലും സാമ്യതയുണ്ട്. അതുകൊണ്ട് കലയുടെ ഭംഗി ആവിഷ്കരിച്ച് ലോകത്തിന്റെ നെറുകയിലെത്തിയ ഒരു ചിത്രത്തിലെ ദൃശ്യങ്ങൾ മിന്‍സാര കനവിലെ ഈ പാട്ടിനോടു ചേർത്തുവയ്ക്കാൻ എന്തുകൊണ്ടും യോജിച്ചതാണ് .