കൊല്ലപ്പെടുമെന്ന് ജാക്സണ്‍ പറഞ്ഞിരുന്നു; നിർണായക വെളിപ്പെടുത്തലുമായി സുഹൃത്ത്

സംഗീത ചക്രവർത്തി മൈക്കിൾ‌ ജാക്സണിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളിൽ‌ നിന്നു കാലത്തിനു മോചനമില്ല. അമിത മരുന്ന് ഉപയോഗത്തെ തുടർന്നുള്ള മരണം, ആത്മഹത്യ, കൊലപാതകം എന്നീ മൂന്നു ഉത്തരങ്ങളാണ് ഇന്നുവരെ ഈ മരണത്തെ കുറിച്ചു ലോകം കേട്ടിട്ടുള്ളത്. മൈക്കിൾ ജാക്സണിന്റെ മരണവുമായി ബന്ധപ്പെട്ട് എഴുത്തുകളും വിഡിയോകളും വെളിപ്പെടുത്തലുകളും നിരന്തരമെത്തുന്നുണ്ട്. പുതിയ വെളിപ്പെടുത്തൽ എത്തിയിരിക്കുന്നത് മൈക്കിൾ ജാക്സണിന്റെ സുഹൃത്തും ജർമ്മൻ വ്യവസായിയുമായ മൈക്കിൾ ജേകബ്ഷാഗെന്റേതാണു വെളിപ്പെടുത്തൽ. താൻ കൊല്ലപ്പെടുമെന്ന് സൂചന നൽകുന്ന 13 കത്തുകൾ ജാക്സൺ തനിക്ക് എഴുതി അയച്ചിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഓസ്ട്രേലിയയിലെ ഒരു ടിവി ഷോയിലാണ് ഈ നിർണായക വെളിപ്പെടുത്തൽ സുഹൃത്ത് നടത്തിയത്. 

അവർ എന്നെ കൊല്ലാൻ നോക്കുകയാണ്. ആകെ പേടിയാണ് ജീവിക്കാൻ എന്നിങ്ങനെയായിരുന്നു എല്ലാ കത്തുകളിലേയും ഉള്ളടക്കെമെന്നാണു സൂചന. പക്ഷേ ആരെയാണ് ഈ അവർ എന്ന് ഉദ്ദേശിക്കുന്നതിൽ വ്യക്തതയില്ല. പക്ഷേ കത്തുകളിൽ  ജാക്സണിന്റെ സംഗീത പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്ന എഇജി എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയ്ക്കെതിരെ ആരോപണമുണ്ട്. എഇജിയുടെ സമ്മര്‍ദ്ദം സഹിക്കാനാകുന്നില്ലെന്നാണ് ജാക്സൺ ഒരു കത്തിൽ പറയുന്നത്.  

ജർമ്മനിയിൽ നിന്ന് തന്റെയടുത്തെത്തണമെന്നു പറഞ്ഞു കൊണ്ട് ഒരിക്കൽ വിളിച്ചു പറഞ്ഞപ്പോൾ ജാക്സൺ കരയുകയായിരുന്നു. അന്ന് അദ്ദേഹം ലാസ് വെഗാസിലുള്ള ഒരു രഹസ്യ കേന്ദ്രത്തിലായിരുന്നു. എന്തിനാണ് അവിടെ പോയതെന്നൊന്നും അറിയില്ല. ലണ്ടനിൽ ഒരു സംഗീത കച്ചേരിയ്ക്കുള്ള തയ്യാറെടുപ്പിനിടയിലാണ് ഇക്കാര്യങ്ങൾ എല്ലാം നടന്നത്. 

അച്ഛനെ കൊലപ്പെടുത്തിയത്: വിവാദ വെളിപ്പെടുത്തലുകളുമായി മൈക്കിൾ ജാക്സണിന്റെ മകൾ

ഒറ്റയ്ക്കു മുന്നോട്ടു പോകാൻ പേടിയാണെന്നും ജർമനിയിൽ നിന്ന് അമേരിക്കയിലെത്തി തനിക്കൊപ്പം താമസിക്കണമെന്നും  പറഞ്ഞു വിളിക്കുമ്പോൾ‌ അദ്ദേഹം വികാരനിർഭരനായിരുന്നു. ഫോൺ വഴിയുള്ള സംസാരത്തിൽ എന്തോ അപാകത തോന്നിയതു കൊണ്ട് അവിടേക്കു പോയി മൂന്നു ദിവസം ഒപ്പം താമസിച്ചു. അന്നേരമാണ് ഈ കുറിപ്പുകൾ കൈമാറിയത്. ജേകബ്ഷാഗൻ പറഞ്ഞു. 34കാരനായ ജേകബ്ഷാഗന് 20 കൊല്ലത്തോളം നീണ്ട സൗഹൃദമാണ് മൈക്കിൾ ജാക്സണുമായി ഉണ്ടായിരുന്നത്. കൂടിക്കാഴ്ചയ്ക്കു ശേഷമുള്ള ആഴ്ചയിലാണ് സ്വവസതിയിൽ ജാക്സണിനെ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. 

2009ൽ ആണ് അമേരിക്കയിലെ നെവർലൻഡിലുള്ള വസതിയിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുമ്പോൾ അമ്പതു വയസേയുണ്ടായിരുന്നുള്ളൂ മൈക്കിൾ‌ ജാക്സണ്. ജാക്സണിന്റെ മരണത്തിൽ പ്രതിസ്ഥാനത്തു വന്നത് അദ്ദേഹത്തിന്റെ ഡോക്ടറാണ്. വൈദ്യശാസ്ത്ര നീതിയ്ക്കു നിരക്കാത്ത വിധത്തിൽ മരുന്നുകൾ നൽകി ജാക്സണെ മരണത്തിലേക്കു തള്ളിവിട്ടതിനു നാലു വര്‍ഷത്തെ തടവുശിക്ഷയാണ് ഡോക്ടറായിരുന്ന കോർണാഡ് മറേയ്ക്കു ലഭിച്ചത്. കാലാവധി പൂർത്തിയാക്കി ഇദ്ദേഹം ജയിൽ മോചിതനുമായി. പ്രോപ്പോഫോൾ എന്ന ഉറക്കമരുന്നാണ് ജാക്സണിന്റെ ജീവനെ അപകത്തിലാക്കിയതെന്നാണു കണ്ടെത്തിയത്. 

ഈ സുഹൃത്തു മാത്രമല്ല, ജാക്സണിന്റെ മകള്‍ പാരിസും സഹോദരി ലാ ടോയയും മൈക്കിളിനെ ആരോ അപായപ്പെടുത്തിയെന്നു തന്നെയാണ് വിശ്വസിക്കുന്നത്. ഇക്കാര്യം ഇവർ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുമുണ്ട്. ഒരു സുഹൃത്തിൽ നിന്ന് ഇങ്ങനെയൊരു വെളിപ്പെടുത്തൽ ഇതാദ്യമായാണ്.