1000 ആളുകള്‍ക്കൊപ്പം ഒരു നൃത്തം: സൽമാന്റെ പാട്ട് യുട്യൂബിൽ‌ കുതിക്കുന്നു

സൽമാൻ ഖാൻ ചിത്രങ്ങളിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നൊരു ചിത്രമാണ് ട്യൂബ്‍ലൈറ്റ്. സിനിമയിൽ നിന്നൊരു വിഡിയോ ഗാനം പുറത്തിറങ്ങി. എന്തൊരു നിഷ്കളങ്കൻ എന്നു പറഞ്ഞുപോകും സൽമാന്റെ മുഖം കണ്ടാല്‍. അതുപോലെ തന്നെ സ്നേഹം തോന്നും ഡാൻസിനോടും. ഈ നടനെ നമ്മളിലേക്കു പിന്നെയും ഏറെ സ്നേഹത്തോടെ ചേർത്തുനിർത്തുന്നു ഈ പാട്ട്. ഇന്നലെ വൈകുന്നേരത്തോടെ യുട്യൂബിലെത്തിയ റേഡിയോ സോങ് എന്നു പേരിട്ട ഗാനം ഇതിനോടകം 40 ലക്ഷത്തോളം പ്രാവശ്യമാണ് ആളുകൾ കണ്ടത്. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് പ്രിതം ഈണമിട്ട് കമാൽ ഖാനും അമിത് മിശ്രയും ചേർന്നാണു പാടിയത്. അക്ഷദീപ് സെൻഗുപ്തയുടേതാണ് അഡീഷണൽ വോയ്സ്. സൗരവ് റോയ് ആണു മ്യൂസിക് പ്രോഗ്രാമിങ് ചെയ്തത്. 

ആരുമൊന്നു താളം പിടിക്കുന്ന പാട്ടിനൊപ്പം പാട്ടിനൊപ്പം ഒരു വലിയ ആൾക്കൂട്ടത്തിൽ നിന്നാണ് താരം നൃത്തം ചെയ്യുന്നത്. രാജസ്ഥാനിലെ ജയ്പൂരിലുള്ള ജഗത്പുരയെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ മുംബൈയിൽ സെറ്റിട്ടായിരുന്നു പാട്ടിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. പാട്ടിന്റെ പശ്ചാത്തലത്തിൽ നഗര ഭംഗിയില്ലാത്ത ഒരിടമായിരുന്നു സംവിധായകൻ കബീർ ദാസിന് ആവശ്യം. 1000 പേരെ ഉള്‍പ്പെടുത്തിയായിരുന്നു പാട്ടിന്റെ ചിത്രീകരണം. 200 നര്‍ത്തകരും 800 ജൂനിയർ ആർടിസ്റ്റുകളും. സൽമാനൊപ്പം അത്രയും ആളുകളാണ് ഈ ഒരൊറ്റ പാട്ടിലുള്ളത്. എത്ര വലിയ പരിശ്രമമാണ് ഈ പാട്ടിനു വേണ്ടി കബീർ ദാസ് എടുക്കുന്നതെന്നും എത്രമാത്രം പ്രതീക്ഷയുണ്ട് ഈ ചിത്രത്തിനെ കുറിച്ചെന്നും പാട്ടില്‍ നിന്നു തന്നെ വ്യക്തം. 

അമേരിക്കൻ ചിത്രമായ ലിറ്റിൽ ബോയ് ഉൾക്കൊണ്ടുകൊണ്ടാണ് കബീർ ഈ ചലച്ചിത്രമൊരുക്കുന്നത്. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണു സിനിമ നടക്കുന്നത്. ചിത്രം അടുത്ത മാസം 25ന് തീയറ്ററുകളിലെത്തും.