ഒടുവിൽ കെ എസ് . ചിത്ര കണ്ടുമുട്ടി; തന്നെ അത്ഭുതപ്പെടുത്തിയ കുഞ്ഞു ഗായികയെ

മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി എന്ന....കെ.എസ് ചിത്രയുടെ എക്കാലത്തേയും മികച്ച മെലഡി ആലപിക്കുന്ന കുഞ്ഞു മിടുക്കിക്കുട്ടിയുടെ വിഡിയോ ഫെയ്സ്ബുക്കിൽ വൈറലായിരുന്നു. സ്വന്തമായി താളം പിടിച്ചാണ് കക്ഷിയുടെ ആലാപനം. കരിമഷി കൊണ്ടുള്ള വലിയ പൊട്ട് കവിളിലും നെറ്റിയിലും തൊട്ട് അതിമനോഹരമായി ചിരിച്ചാണ് പാടുന്നത്. ആര്‍ക്കെങ്കിലും ഈ അത്ഭുത ബാലികയെ തിരിച്ചറിയാന്‍ സാധിക്കുമോയെന്ന് ചോദിച്ചുകൊണ്ട് ചിത്ര തന്നെ അന്ന് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.ഇപ്പോഴിതാ തന്റെ കുഞ്ഞു ആരാധികയെ നേരിട്ട് കണ്ടിരിക്കുകയാണ് ചിത്ര.  

രുക്മിണിയുമായി നിൽക്കുന്ന ചിത്രങ്ങളും ചിത്ര ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. ‘ഞാന്‍ രുക്മിണിയെ കണ്ടു. ആ അത്ഭുതബാലിക എന്നെ അതിശയിപ്പിച്ച് കളഞ്ഞു. മുപ്പത് മാസം മാത്രം പ്രായമുള്ള കുഞ്ഞ് കുറച്ച് മാത്രമേ സംസാരിക്കൂ. വളരെ വിഷമം പിടിച്ച പാട്ട് പഠിച്ച് അതേ സ്ഥായിയില്‍ നന്നായി പാടുന്നു. എല്ലാ ആയുരാരോഗ്യവും ദൈവം അവള്‍ക്ക് നല്‍കട്ടെ, നമുക്ക് മറ്റൊരു ലതാ മങ്കേഷ്‌കര്‍ കൂടി ഉണ്ടാകട്ടെ’–ചിത്ര പറഞ്ഞു.