ഡബ്ലിനെ അതിശയിപ്പിച്ച് സ്റ്റീഫൻ ദേവസി: വിഡിയോകള്‍ കാണാം

സ്റ്റീഫൻ ദേവസി ഒരു വേദിയിൽ കീബോർഡ് വായിച്ചുവെന്നാൽ ദൈവം തൊട്ട വിരലുകളിൽ തീർത്ത സംഗീതം കുറേ മനസുകളിലേക്കു പെയ്തിറങ്ങിയെന്നാണ് അർഥം. ഡബ്ലിനാണ് ഈ അടുത്ത കാലത്ത് സ്റ്റീഫൻ ദേവസിയുടെ മാന്ത്രിക സംഗീതത്തിൽ ധന്യമായൊരു വേദി. സ്റ്റീഫൻ ദേവസിയും അദ്ദേഹത്തിന്റെ ദി സോളിഡ് ബാന്‍ഡ് എന്ന സംഗീത സംഘവുമായിരുന്നു ഡബ്ലിനിൽ സംഗീത പരിപാടി അവതരിപ്പിച്ചത്. മാഞ്ചസ്റ്ററിലെ സംഗീത പരിപാടിയ്ക്കിടയിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവർക്ക് സ്റ്റീഫൻ ദേവസിയും സംഘവും ആദരാഞ്ജലി അർപ്പിക്കുകയുമുണ്ടായി പരിപാടിയ്ക്കിടയിൽ. 

വലിയ ആവേശത്തോടെയാണ് സ്റ്റീഫൻ ദേവസിയുടേയും സംഘത്തിന്റേയും സംഗീത പരിപാടി കാണാൻ ഡബ്ലിനിലെ വേദിയിലെത്തിയവർ ഏറ്റെടുത്തത്.  സ്റ്റീഫൻ തീർക്കുന്ന സംഗീതം പ്രേക്ഷകരിൽ മാത്രമല്ല ബാൻഡിലെ മറ്റു അംഗങ്ങളിലും തീർത്ത ഊർജം അത്രയേറെ വലുതായിരുന്നു. വേഗവിരലുകളിൽ സ്റ്റീഫൻ സംഗീതം സൃഷ്ടിക്കുമ്പോൾ‌ ആരവം കടലിരമ്പുന്ന പോലെയായി. സ്റ്റീഫന്റെ പരിപാടിയുടെ  ഭാഗമായി ഒരുക്കിയിരുന്ന സിംഗ് വിത്ത് സ്റ്റീഫന്‍ ടാലന്റ് ഹണ്ടില്‍ ജേതാവായത് ഡബ്ലിനിലെ നിഖില്‍ എബ്രഹാം തോമസിനായിരുന്നു. രമ്യ വിനയകുമാറും ശ്യാം പ്രസാദുമായിരുന്നു മറ്റു ഗായകർ. മൂന്നര മണിക്കൂറോളം നീണ്ട സംഗീത പരിപാടിയിൽ മലയാളം, തമിഴ്, ഇംഗ്ലിഷ്, ഹിന്ദി സിനിമകളിലെ പാട്ടുകളാണ് ഇവർ പാടിയത്. വാദ്യോപകരണങ്ങളിൽ ഫ്യൂഷൻ സംഗീതം സൃഷ്ടിക്കുന്ന ബാൻ‍ഡ് ദി സോളിഡ് ബാൻഡ്. ദി സോളിഡ് ബാൻഡ് എന്ന സംഗീത സംഘത്തിലുള്ള ഓരോ അംഗങ്ങളും ഓരോ വാദ്യോപകരണങ്ങളിൽ പ്രതിഭയറിയിച്ചവരാണ്. 

16ാം വയസിൽ ലണ്ടനിലെ പ്രശസ്തമായ ട്രിനിറ്റി കോളജിൽ നിന്ന് പിയാനോ പഠനം ഉന്നതമായ നിലയിൽ പൂർത്തിയാക്കിയാണ് സ്റ്റീഫൻ സംഗീത രംഗത്ത് ശ്രദ്ധേയനായത്. ഏഷ്യയിൽ നിന്ന് ഒരാള്‍ നേടിയ ഏറ്റവും ഉയർന്ന മാർ‌ക്കായിരുന്നു അത്. ഓസ്കർ പുരസ്കാരം നേടി ഇന്ത്യൻ സംഗീതത്തിന്റെ അഭിമാനമുയർത്തിയ എ.ആർ. റഹ്മാനൊപ്പം നിരവധി വേദികൾ പങ്കിട്ടിട്ടുണ്ട് സ്റ്റീഫൻ. റഹ്മാൻ തന്നെയാണ് ദൈവം തൊട്ട വിരലുകൾ എന്ന വിശേഷണം സ്റ്റീഫനു സമ്മാനിച്ചതും.