കത്രീനയും രൺബീറും ഹോട്ട് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിൽ: ഈ പാട്ടും!

ബോളിവുഡ് ഏറ്റവുമധികം ചർച്ച ചെയ്ത പ്രണയ ജോഡികളിലൊന്നാണ് കത്രീനയും രൺബീർ കപൂറും. ജഗ്ഗ ജസൂസ് ആണ് ഇരുവരും ചേർന്ന് അഭിനയിക്കുന്ന പുതിയ ചിത്രം. ഇരുവരും അഭിനയിക്കുന്നുവെന്നതു കൊണ്ടുതന്നെ സിനിമയ്ക്കായി കാത്തിരിക്കുകയാ‌യിരുന്നു ബോളിവുഡ്. സിനിമയിൽ നിന്ന് ആദ്യ ഗാനം പുറത്തിറങ്ങിയപ്പോൾ വൻ വരവേൽപാണു നൽകുന്നതും. ഉല്ലു കാ പത്താ എന്നു പേരിട്ട പാട്ട് കണ്ടാൽ അറിയാം ഇരുവരും ചേർന്ന കെമിസ്ട്രി എത്ര രസകരമാണെന്ന്. യാത്രയ്ക്കു പണം സംഘടിപ്പിക്കാൻ മൊറോക്കോയിലെ തെരുവുകളിൽ ഇരുവരും ഡാൻ‌സ് ചെയ്തു നടക്കുന്നതാണ് രംഗങ്ങളിലുള്ളത്. വികൃതികൾ നിറഞ്ഞൊരു ഡാൻസ് എന്ന് പറഞ്ഞുപോകും കണ്ടാൽ. രണ്ടര മിനുട്ട് ദൈർഘ്യമേയുള്ളൂ വിഡിയോയ്ക്ക്. 

രൺബീർ കപൂറിന്റെ ഏറ്റവും മികച്ച പാട്ടുകൾ കേൾക്കാം

അമിതാഭ് ഭട്ടാചാര്യ എഴുതിയ വരികൾക്ക് പ്രിതം ഈണമിട്ട് അരിജിത് സിങും നിഖിത ഗാന്ധിയും ചേർന്നു പാടിയ പാട്ടാണിത്. അരിജിതിന്റെ ആലാപന ഭംഗിയാണ് പാട്ടിലെ മറ്റൊരു ഹൈലൈറ്റ്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രമാണ് ജഗ്ഗ ജസൂസ്. രൺബീർ കപൂർ ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണിത്. ബർഫി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം രൺബീറും അനുരാഗ് ബസുവും ഒന്നിക്കുന്ന ചിത്രമാണ് ജഗ്ഗ ജസൂസ് എന്ന പ്രത്യേകതയും കൂടിയുണ്ട്.