ഈ പാട്ട് ഏറെ സ്പെഷ്യൽ: റഹ്മാനെ അഭിനന്ദിച്ച് ബോണി കപൂര്‍

ബാലതാരമായി തിളങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ താരറാണിമാരിൽ ഒരാളായ ശ്രീദേവിയുടെ 300ാം ചിത്രമാണ് മോം. സിനിമയില്‍ 50 വര്‍ഷങ്ങൾ തികച്ചു ശ്രീദേവി എന്നത് മറ്റൊരു പ്രത്യേകത. 300ാം ചിത്രത്തിന് സംഗീത ചെയ്യുന്നത് എ.ആർ.റഹ്മാനാണ്. അതുകൊണ്ടു തന്നെ സിനിമയ്ക്കും പാട്ടിനുമായി എല്ലാവരും കാത്തിരിക്കുകയുമായിരുന്നു. സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ വൈറലുമായി. പാട്ട് അതിമനോഹരമാണ്. ശ്രീദേവിയുടെ ഭർത്താവ് പാട്ടിനു നൽകിയ അഭിപ്രായവും ശ്രദ്ധേയമായി. സിനിമയുടെ നിർമാതാവും കൂടിയാണ് ബോണി കപൂർ. 

ഏറെ സ്പെഷ്യൽ എന്നായിരുന്നു ബോണി കപൂർ പറഞ്ഞത്. ശ്രീദേവിയുടെ 300ാം ചിത്രമാണിത്. ആ പ്രത്യേകതയോട് ഏറെ നീതിപുലർത്തുന്ന അർഥവത്തായ ഗാനങ്ങൾ ആണ് എന്നും ബോണി കപൂർ പറഞ്ഞു. ഹിന്ദിയിൽ റഹ്മാൻ ഒട്ടേറെ എ.ആർ.റഹ്മാൻ ഗാനങ്ങൾക്ക് വരികൾ കുറിച്ചിട്ടുള്ള ഇർഷാദ് കാമിലാണ് ഇത്തവണയും ഒപ്പമുള്ളത്. അഞ്ചു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഓ സോനാ തേരേ ലിേയ...ആണ് ആദ്യം പുറത്തുവന്ന ഗാനം. എ.ആര്‍.റഹ്മാനും സാഷാ തിരുപ്പതിയും ചേർന്നാണു പാടിയത്. ഉള്ളം തുറന്ന് റഹ്മാൻ പാടിയിരിക്കുന്നു. പുല്ലാങ്കുഴൽ പോലെ സ്വരഭംഗിയുള്ള സാഷയുടെ നാദം റഹ്മാന്റെ സ്വരഭംഗിയുമായി ചേർന്നു വരുമ്പോൾ പാട്ട് കാതും മനസും കീഴടക്കും. സാഷ ചെറുതായിട്ടൊന്നു മൂളുന്നെയുള്ളെങ്കിൽ കൂടി. 

രവി ഉദ്യാവർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നവാസുദ്ദീന്‍ സിദ്ദിഖിയും അക്ഷയ് ഖന്നയുമാണ് മറ്റു പ്രധാന താരങ്ങള്‍. നാലു ഭാഷകളിൽ ഈ ത്രില്ലർ ചിത്രം റിലീസ് ചെയ്യും.