കെ.എസ്.ചിത്രയ്ക്ക് ഏഴാം ഫിലിം ഫെയർ പുരസ്കാരം

ഈ വർഷത്തെ ഫിലിം ഫെയർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തെലുങ്കിലെ മികച്ച പിന്നണി ഗായികയായി മലയാളത്തിന്റ വാനമ്പാടി കെ.എസ്.ചിത്ര തെരഞ്ഞെടുക്കപ്പെട്ടു. ഇത് ഏഴാം പ്രാവശ്യമാണ് ചിത്രയ്ക്ക് ഫിലിം ഫെയർ പുരസ്കാരം ലഭിക്കുന്നത്. 'നേനു സൈലജ' എന്ന ചിത്രത്തിലെ 'ഈ പ്രേമകി' എന്ന ഗാനമാണ് അവാർഡിന് അർഹയാക്കിയത്. 

എണ്ണിയാലൊടുങ്ങാത്ത പുരസ്കാരങ്ങളാണ് കെ.എസ്.ചിത്രയ്ക്കു ലഭിച്ചിട്ടുള്ളത്. വിവിധ ദക്ഷിണേന്ത്യൻ ചിത്രങ്ങളിലെ ആലാപനത്തിനാണ് ഏഴ് ഫിലിം ഫെയർ പുരസ്കാരങ്ങൾ ലഭിച്ചത്.  2004ൽ വർഷം എന്ന തെലുങ്ക് ചിത്രത്തിലെ ഗാനത്തിനായിരുന്നു ആദ്യ ഫിലിം ഫെയർ പുരസ്കാരം. തിരക്കഥ(ഒടുവിലൊരു...),പഴശിരാജ(കുന്നത്തെ കൊന്നയ്ക്കും) എന്നീ ഗാനങ്ങളുടെ ആലാപനത്തിനും ഫിലിം ‌ഫെയർ ലഭിച്ചു. 

കിഷോര്‍ തിരുമല സംവിധാനം ചെയ്ത നേനു സൈലജയിലെ ഗാനത്തിനു സംഗീതം ദേവിശ്രീ പ്രസാദ് ആണ്. സിരി വെണ്ണില സീതാരാമ ശാസ്ത്രിയുടേതാണ് വരികൾ. റാമും മലയാളി നായിക കീർത്തി സുരേഷും ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.