ആരാധകര്‍ ഇറങ്ങിപ്പോയ സംഭവം; എ.ആർ.റഹ്മാന്റെ പ്രതികരണം

സംഗീത ജീവിതത്തിലെ 25 വർഷങ്ങൾ പൂർത്തിയായതിന്റെ ഭാഗമായി ലണ്ടനിൽ നടത്തിയ സംഗീത പരിപാടിയ്ക്കിടെ ആരാധകർ ഇറങ്ങിപ്പോയ സംഭവത്തിൽ പ്രതികരണവുമായി എ.ആർ.റഹ്മാൻ. സംഗീത പരിപാടി ആസ്വാദ്യകരമാക്കുവാൻ ‍ഞങ്ങൾ പരമാവധി ശ്രമിക്കും. സത്യസന്ധതയോടും ആത്മാർഥതയോടും കൂടി തന്നെ. ഇത്രയും നാൾ എനിക്ക് അവർ എന്തുമാത്രം പിന്തുണയാണ് തന്നതെന്ന് അറിയാം. അതിനോടു സ്നേഹം മാത്രമേയുള്ളൂ. അവരുടെ പിന്തുണയില്ലായിരുന്നുവെങ്കിൽ ഞാൻ ഒന്നുമാകുമായിരുന്നില്ല. ആരാധകരുടെ സ്നേഹമാണ് എനിക്ക് കിട്ടിയ ഏറ്റവും ശ്രേഷ്ഠമായ കാര്യം. എ.ആർ. റഹ്മാൻ പറഞ്ഞു. ന്യൂയോർക്കിൽ ഐഐഎഫ്എ പുരസ്കാര പരിപാടിയിൽ പങ്കെടുക്കാനെത്തിയതായപ്പോഴാണ് മാധ്യമങ്ങളോടു സംസാരിച്ചത്.

സംഗീത പരിപാടിയിൽ എ.ആർ.റഹ്മാൻ തമിഴ് ഗാനങ്ങൾ മാത്രം പാടിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഒട്ടേറെ മനോഹരമായ ഹിന്ദി ഗാനങ്ങൾ ചിട്ടപ്പെടുത്തിയെങ്കിലും റഹ്മാൻ അതു പാടാതിരുന്നത് കടുത്ത നിരാശയിലാഴ്ത്തിയെന്നും പരിപാടി ശരാശരിയിലും താഴെയാണെന്നുമാണ് ഇവർ ആരോപിച്ചത്. പരിപാടിയ്ക്കു നൽ‌കിയ പണം തിരികെ വേണമെന്നും അവർ പറഞ്ഞു. റഹ്മാനെ അപമാനിക്കുന്ന തരത്തിലായി പോയി ആരാധകരുടെ പ്രതികരണമെന്ന് സംഗീത ലോകത്തെ പ്രമുഖരും പ്രതികരിച്ചിരുന്നു.