ചിത്രരചനകളുമായി മൈക്കിൾ ജാക്സന്റെ ചിമ്പാന്‍സി

മൈക്കിൾ ജാക്സന്റെ ഗാനങ്ങൾ പോലെ അതിമനോഹരവും വിചിത്രവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. ആ ജീവിതത്തിലെ ഒരു കഥാപാത്രമായിരുന്നു ഒരു ചിമ്പാൻസി. ബബിൾസ് എന്നായിരുന്നു അവന്റെ പേര്. ഇന്ന് ബബിൾസ് വാർത്തകളിലെത്തുകയാണ് വീണ്ടും. കാരണം ബബിൾസ് ഇന്നൊരു കലാകാരനാണ്. ബബിൾസിന്റെ ചിത്രരചനകൾ മികച്ച തുകയ്ക്കാണു രൂപയ്ക്കാണു വിറ്റുപോയത്. അമേരിക്കയിലെ മിയാമിയിലുള്ള ഫ്രെയിംസ് യുഎസ്എ ആൻഡ് ആർട്ട് ഗാലറിയിലാണ് ഈ ചിമ്പാൻസിയുടെ ചിത്രങ്ങൾ പ്രദർശനത്തിനെത്തിയത്. 

പന്ത്രണ്ട് ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. 34 വയസുള്ള ബബിൾസ് ഇപ്പോൾ ഫ്രോറിഡയിലെ സെന്റർ ഫോർ ഗ്രേറ്റ് ഏപ്സിലാണുള്ളത്. ഇവിടെയുള്ള ഏറ്റവും പ്രായം കൂടിയ ചിമ്പാൻസിയും ബബിൾസ് തന്നെയാണ്. ഈ സെന്ററിനു േവണ്ടിയുള്ള ഫണ്ട് ശേഖരണത്തിലാണ് ബബിൾസും പങ്കാളിയായത്. ബബിൾസിനെ കുറിച്ച് ഒരു ആനിമേഷൻ ചിത്രവുമെത്തുന്നുണ്ട്. നെറ്റ്ഫ്ലിക്സ് രണ്ടു കോടി ഡോളറിനാണ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്. 1983ലാണ് ജാക്സൻ കുഞ്ഞായിരുന്ന ബബിൾസിനെ ദത്തെടുക്കുന്നത്. അന്നു മുതൽക്കേ ഒരു സെലിബ്രിറ്റി പരിവേഷമാണ് ബബിൾസിനു ലഭിക്കുന്നത്. മൈക്കിൾ ജാക്സൻ ഒരിക്കൽ നടത്തിയ ജപ്പാന്‍ യാത്രയിൽ ബബിൾസും ഒപ്പമുണ്ടായിരുന്നു. ഇരുവരും അന്ന് ഒരു കപ്പിൽ നിന്ന് ചായകുടിച്ചത് വൻ വാർത്താപ്രാധാന്യം നേടിയിരുന്നു.