അതിസുന്ദരി സായി പല്ലവി, ഈ പാട്ടുകളും: വൈറലായി ഫിദായിലെ ഗാനങ്ങൾ

അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെയെത്തിയ സായി പല്ലവിയെന്ന നായികയെ നമുക്കൊരുപാടിഷ്ടമാണ്. നമുക്ക് മാത്രമല്ല ദക്ഷിണേന്ത്യയ്ക്കൊന്നാകെ പ്രിയപ്പെട്ടതാണ് ഈ നായിക എന്നു പറയുന്നു ഫിദാ എന്ന ചിത്രം. ഈ തെലുങ്ക് ചിത്രത്തിലെ ട്രെയിലറിനും ടീസറിനും വളരെ മികച്ച പ്രതികരണമാണു നേടിയെടുക്കാനായത്. അത്രയേറെ ജനപ്രീതിയാണ് ഈ നായികയ്ക്കുള്ളത്. ചിത്രത്തിലെ പാട്ടുകളും അതുപോലെ തരംഗമാകുകയാണ്. ചുരുക്കിപ്പറഞ്ഞാൽ‌ ഹാഫ് സാരിയും സാരിയുമൊക്കെയണിഞ്ഞ് മുടിയഴിച്ചിട്ട് ഉല്ലസിച്ചു നടക്കുന്ന നാടൻ പെൺകുട്ടിയായി അതിസുന്ദരിയാണ് സായി പല്ലവി. അതേ മനോഹാരിതയാണ് ഈ പാട്ടുകൾക്കും. 

ദിവസങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെയാണ് ഈ പാട്ടുകൾ യുട്യൂബിൽ നേടുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ആയിരക്കണക്കിനു പ്രാവശ്യമാണ് പാട്ടുകൾ ഷെയർ ചെയ്യപ്പെടുന്നതും. ആറു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഇവയുടെ ലിറിക്കൽ വിഡിയോകളാണ് പുറത്തിറങ്ങിയത്. ശക്തികാന്ത് കാർത്തിക് ആണ് പാട്ടുകള്‌ക്ക് സംഗീതം ചെയ്തത്. സുഡ്ഡല അശോക് തേജ, ശ്രീവെണ്ണെല സീതാരാമ ശാസ്ത്രി, വനമാലി, ചൈതന്യ പിംഗളി, എന്നിവരാണ് പാട്ടുകൾ കുറിച്ചത്.

സായി പല്ലവി രണ്ടു വ്യത്യസ്ത ലുക്കുകളിലെത്തുന്ന ചിത്രമാണ് ഫിദ. ‌വരുൺ തേജ് നായകനാകുന്ന ചിത്രത്തിന്റെ സംവിധായകന്‍ ശേഖർ കമൂലയാണ്.കലി സിനിമയ്ക്ക് ശേഷം സായിയെ തേടി നിരവധി അവസരങ്ങൾ വന്നിരുന്നെങ്കിലും കരാർ ഒപ്പിട്ടിരുന്നില്ല. ചിത്രത്തിന്റെ കഥ ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഈ സിനിമയിൽ അഭിനയിക്കാൻ താരം തീരുമാനിച്ചത്.

തെലുങ്ക് പെൺകുട്ടിയുമായി പ്രണയത്തിലാകുന്ന പ്രവാസിയുടെ കഥ പറയുന്ന ചിത്രമാണ് കമുല ഒരുക്കുന്നത്.

Visit Also;Listen Music, New Music Directors, Videos