എ.ആർ. റഹ്മാൻ ഇനി 'ബ്രൂ‍സ്‍ ലീ'യ്ക്കൊപ്പം

സച്ചിന്‍ ടെൻഡുൽക്കർ, പെലെ തുടങ്ങി പ്രതിഭ കൊണ്ടും നിലപാടുകൊണ്ടും ലോകത്തെ വിസ്മയിപ്പിച്ച വ്യക്തിത്വങ്ങളുടെ ജീവിതം വെള്ളിത്തിരയിലെത്തിയത് കുറച്ച് മാസങ്ങൾക്കു മുൻപായിരുന്നു. ലോകം ഏറെ ആകാംക്ഷയോടെയാണ് ഈ ഈ രണ്ടു ചിത്രങ്ങളും കണ്ടത്. ഇവയ്ക്കെല്ലാം സംഗീതം കൊണ്ടു മനോഹാരിത നൽകിയതാകട്ടെ ഇന്ത്യൻ സംഗീത അത്ഭുതം എ.ആർ.റഹ്മാനും. ഈ വര്‍ഷവും അത്തരത്തിലൊരു ചിത്രത്തിന്റെ ഭാഗമാകാനൊരുങ്ങുകയാണ് റഹ്മാൻ. ബ്രൂസ്‍ ലീയുടെ ജീവിതം കാഴ്ചവയ്ക്കുന്ന സിനിമയാണിത്. 

മെയ്‍വഴക്കത്തിന്റെ സൗന്ദര്യവും ആക്ഷന്റെ ഗാംഭീര്യവും കൊണ്ട് ലോകത്തിന്റെ ആരവമേറ്റുവാങ്ങിയ അഭിനയ പ്രതിഭയുടെ ജീവിതത്തിന് റഹ്മാൻ നൽകുന്ന സംഗീതം കേൾക്കാൻ ലോകം കാത്തിരിക്കുക തന്നെയാണ്. റഹ്മാൻ ഗുരുതുല്യനായി കാണുന്ന ശേഖർ കപൂറാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. ലിറ്റിൽ ഡ്രാഗൺ എന്നു പേരിട്ട ചിത്രത്തിൽ ബ്രൂസ്‍ ലീയുടെ ബാല്യവും യൗവനവുമാണ് പ്രധാനമായും അവതരിപ്പിക്കുക. അമ്പതുകളിലെ ഉത്തര കൊറിയൻ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ എങ്ങനെയാണ് ബ്രൂസ്‍ ലീയെ വാർത്തെടുത്തതെന്നും ലോകപ്രശസ്തിയിലേക്ക് എത്തിച്ചതെന്നുമാണ് സിനിമയിൽ‌ അവതരിപ്പിക്കുക. 

ശേഖർ കപൂറിന്റെ മകൾ കാവേരിയും ഇതിനിടയിൽ റഹ്മാൻ സംഗീതത്തിൽ പാടി. ഈ ചിത്രത്തില്‍ പക്ഷേ കാവേരിയുടെ ആലാപനമില്ല.