തമിഴിൽ വീണ്ടും റഹ്മാൻ മാജിക്; വിജയ് പാട്ടിന് വൻ വരവേൽപ്

വിജയ് ചിത്രമായ മെര്‍സലിലെ ഗാനം യുട്യൂബിലെത്തി. പാട്ടിന്റെ ടീസറിനു ലഭിച്ചതിനേക്കാൾ വൻ വരവേൽപാണ് ഗാനത്തിനു കിട്ടുന്നത്. തമിഴ്നാടിന്റെ സംസ്കാരത്തെ കുറിച്ചുള്ളതാണ് ഈ ആവേശഗാനം. വിജയ്‍യുടെ ലുക്കും പാട്ടിന്റെ താളവും കൈലാഷ് ഖേറിന്റെ ആലാപനവും ആർക്കും ഇഷ്ടമാകും. ആരവുമുണർത്തുന്ന മറ്റൊരു എ.ആര്‍.റഹ്മാൻ ഗാനം തന്നെയാണിത്. ഇന്നലെ അർധ രാത്രിയോടെയെത്തിയ ഗാനത്തിന് ഇതിനോടകം 10 ലക്ഷത്തോളം പ്രേക്ഷകരെ നേടാനായി.

ആലപ്പോറൻ തമിഴൻ‌ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോയാണിത്. കൈലാഷ് ഖേറിനൊപ്പം. സത്യപ്രകാശ്, ദീപക്, പൂജ എ.വി എന്നിവരാണ് ആലപിക്കുന്നത്. വിവേകിന്റേതാണ് വരികൾ. തമിഴ് സംസ്കാരത്തെ അതിമനോഹരമായ ബിംബങ്ങളിലൂടെയും ഉപകളിലൂടെയും വരികളിൽ അവതരിപ്പിക്കുകയാണ് വിവേക്. റഹ്മാൻ അതിനു നൽകിയ ഈണം എപ്പോഴത്തേയും പോലെ ആദ്യ േകൾവിയിൽ തന്നെ ഹൃദയം കീഴടക്കുന്നതും. കൈലാഷ് ഖേറിന്റെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നു കൂടിയാണിതെന്നു പറയാം. 

റഹ്മാന്റെ പ്രിയപ്പെട്ട പുല്ലാങ്കുഴൽ വാദകന്‍ നവീനാണ് ഈ പാട്ടിന്റെ ഓർക്കസ്ട്രയിലുമുള്ളത്. കേബ ജെറമിയയുടേതാണ് ഗിത്താർ. ത്രിമൂർത്തിയുടെ നാദസ്വരവും എം. വെങ്കടേഷ സുബ്രഹ്മണ്യവും, കവിരാജും, എസ്. സുന്ദറും, പുരുഷോത്തമനും ചേർന്നുള്ള തവിലുമാണ് പാട്ടിന്റെ പ്രധാന ആകര്‍ഷണം. 

ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് മെർസൽ. മൂന്നു നായികമാരുള്ള ചിത്രത്തിൽ വിജയ് മൂന്നു വേറിട്ട ലുക്കുകളിലാണെത്തുന്നത്. 

Read More and Watch More: Trending Songs, Top Music, Celebrity Hits