എ.ആർ റഹ്മാനെ അതിശയിപ്പിച്ച് വൈഷ്ണവ്: ഗംഭീര ആലാപനത്തിന്റെ വിഡിയോ കാണാം

ഇന്ത്യ ഇന്ന് ഏറ്റവുമധികം കേൾക്കുന്ന സ്വരങ്ങളിലൊന്ന് കൊടുങ്ങല്ലൂരുകാരൻ വൈഷ്ണവിന്റെയാണ്. ആലാപന വൈഭവംകൊണ്ട്  ചെന്നെത്തുന്ന ഓരോ വേദിയും അവിസ്മരണീയമാക്കിയ വൈഷ്ണവ് തന്റെ സ്വപ്ന സാഫല്യത്തിന്റെ സന്തോഷത്തിലാണ് ഇപ്പോൾ. താന്‍ ദൈവമായി കാണുന്ന ആളിന്റെ മുന്നിൽ നിന്ന് പാടാൻ, അതും ഗംഭീരമായി പാടാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഈ പതിനഞ്ചുകാരൻ. എ.ആർ.റഹ്മാനാണ് ആ ദൈവം. മാന്ത്രിക ഈണങ്ങൾ കൊണ്ട് എ.ആര്‍.റഹ്മാനു മുന്നിൽ അതിമനോഹരമായാണ് വൈഷ്ണവ് പാടിയത്. വൈഷ്ണവിന്റെ മറ്റെല്ലാ വിഡിയോകളും പോലെ ഇതും വൈറലായി. വിജയ് ചിത്രം മെർസലിന്റെ ഓഡിയോ ലോഞ്ചിങ് വേദിയാണ് വൈഷ്ണവിന് ഈ സമ്മാനമൊരുക്കിയത്. 

റഹ്മാൻ സംഗീതത്തിലെ ഏറ്റവും മനോഹരമായ പ്രണയഗാനം ഉയിരേയും റഹ്മാന്റെ ശ്രദ്ധേയമായ പരീക്ഷണ ഗാനങ്ങളിലൊന്നായ ആരോമലേയുമാണ് വൈഷ്ണവ് ആലപിച്ചത്. റഹ്മാനെ മാത്രമല്ല വിജയ്‍യേയും സംവിധായകൻ ആറ്റ്‍ലീയേയും ഏറെ ആകർഷിച്ചു വൈഷ്ണവിന്റെ പാട്ട്. എപ്പോഴത്തേയും പോലെ ഇത്തവണയും തനി മലയാളി ശൈലിയിൽ മുണ്ടുടുത്താണ് വൈഷ്ണവ് എത്തിയത്. 

കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യയെ ഒന്നാകെ അതിശയിപ്പിക്കുകയാണ് ഈ പ്രതിഭ. റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ വൈഷ്ണവിന്റെ എല്ലാ പ്രകടനങ്ങളും ഷാരുഖ് ഖാൻ അടക്കമുള്ളവരെ സാക്ഷിയാക്കിയായിരുന്നു. ഇപ്പോഴിതാ സാക്ഷാൽ എ.ആർ.റഹ്മാനും.