വൈഷ്ണവ് ഇനി പിന്നണി ഗായകൻ

റിയാലിറ്റി ഷോയിലെ പ്രകടനത്തിലൂടെ ഇന്ത്യയുടെ തന്നെ പ്രിയങ്കരനായി മാറിയ മലയാളി ഗായകൻ വൈഷ്ണവ് സിനിമയിലെത്തി. ഒരു മലയാളം ചിത്രത്തിലൂടെയാണ് വൈഷ്ണവ് പിന്നണി ഗായകനായി അരങ്ങേറുന്നത്. അങ്കരാജ്യത്തെ ജിമ്മൻമാർ എന്ന ചിത്രത്തിലാണ് വൈഷ്ണവിന്റെ പാട്ടുള്ളത്. ഗാനത്തിന്റെ റെക്കോഡിങ് പൂർത്തിയായി. വൈഷ്ണവും ചിത്രത്തിന്റെ സംവിധായകൻ പ്രവീൺ നാരായണനും ഫെയ്സ്ബുക് വഴിയാണ് ഇക്കാര്യം അറിയിച്ചത്. ഗിരീഷ് സൂര്യനാരായണനാണ് സംഗീതം. 

വൈഷ്ണവ് പിന്നണി ഗായകനാകുന്നുവെന്നും പക്ഷേ അത് മലയാളത്തിലായിരിക്കില്ല എന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.  ഒരു ഹിന്ദി റിയാലിറ്റി ഷോയിലെത്തിയതോടെയാണ് വൈഷ്ണവ് ഏറെ ശ്രദ്ധ നേടിയത്. ഷോയിൽ അതിഥികളായി ഷാരുഖ് ഖാൻ ഉൾപ്പെടെയുള്ളവർ എത്തിയപ്പോഴുള്ള വൈഷ്ണവിന്റെ പാട്ടും പ്രകടനവും വൈറലായിരുന്നു. പിന്നീട് എ.ആർ.റഹ്മാനോടൊപ്പം വേദി പങ്കിടുകയും ചെയ്തു വൈഷ്ണവ്. പതിനഞ്ചുകാരനായ ഈ ഗായകൻ കൊടുങ്ങല്ലൂർ സ്വദേശിയാണ്.