നോട്ടു നിരോധനത്തെ കുറിച്ച് പാടി എ.ആർ.റഹ്മാനും!

പുതിയ പാട്ടുമായി എ.ആർ.റഹ്മാൻ എത്തുകയാണ്. രാജ്യം നേരിടുന്ന വർഗീയ ഭീഷണികളെ കുറിച്ചുള്ള കടുത്ത പ്രസ്താവനയ്ക്കു ശേഷം സാമൂഹിക പ്രസക്തിയുള്ള മറ്റൊന്നിനെ കുറിച്ച് റഹ്മാൻ വീണ്ടും സംസാരിക്കുകയാണ്. ‘ദ് ഫ്ലെയിങ് ലോട്ടസ്’ എന്നു പേരിട്ട സംഗീത ആൽബത്തിൽ പറയുന്നത് നോട്ടു നിരോധനത്തെ കുറിച്ചാണ്. നോട്ടു നിരോധനം വിമർശന വിധേയമാകുന്ന കാലത്താണ് റഹ്മാന്റെ സംഗീത ശിൽപം എത്തുന്നത്. 

രാജ്യം ഭരിക്കുന്ന പാർട്ടിയായ ബിജെപിയുടെ ചിഹ്നമായ താമരയുടെ ഇംഗ്ലിഷ് പദമായ ലോട്ടസ് കൂടി ഉൾപ്പെടുത്തി നാമകരണം ചെയ്ത് ഒരു സംഗീത ആൽബം എ.ആർ.റഹ്മാൻ പുറത്തിറക്കുമ്പോൾ അത് ഏവരും ഉറ്റു നോക്കുകയാണ്. എന്നാൽ  ‘ദ് ഫ്ലെയിങ് ലോട്ടസ്’ നോട്ടു നിരോധനത്തിന് വിധികൽപിക്കുന്ന വിധത്തിലല്ലെന്നാണ് റഹ്മാൻ പറയുന്നത്. യുഎസിലെ സിംഫണി ഓർ‌ക്കസ്ട്രയായ സീറ്റിൽ സിംഫണിയുമായി ചേർന്നാണ് സംഗീതമൊരുക്കിയത്. യൂണിവേഴ്സൽ മ്യൂസിക് ഇന്ത്യ പുറത്തിറക്കിയ സംഗീത ആൽബത്തിന്റെ കോപ്പികൾ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർക്കു റഹ്മാന്‍ അയച്ചു കൊടുക്കുന്നുണ്ട്.തന്റെ പ്രശസ്ത ഗാനം ഊർവശീ ഊർവശീ പാട്ടിന് അടുത്തിടെ ഇറക്കിയ മറ്റൊരു പതിപ്പിൽ റഹ്മാൻ നോട്ടു നിരോധനത്തേയും അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയ ഡൊണാൾഡ് ട്രംപിനേയും കുറിച്ചും പാടിയിരുന്നു. വൻ ജനപ്രീതി നേടിയിരുന്നു ഈ വേർഷന്‍.

രാജ്യത്ത് കള്ളപ്പണം ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടി എന്നു പറഞ്ഞു കൊണ്ട് കഴിഞ്ഞ വർഷം നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി 500,1000 രൂപ നോട്ടുകൾ നിരോധിച്ചത്. അന്നു മുതൽക്കേ ഈ നീക്കത്തിന് വലിയ വിമർശനങ്ങളാണ് സാധാരണക്കാർക്കിടയിൽ നിന്നും സാമ്പത്തിക വിദഗ്ധർക്കിടയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓസ്കറും ഗ്രാമിയും ബാഫ്തയും ഉൾപ്പെടെയുള്ള ലോകോത്തര പുരസ്കാരങ്ങൾ നേടിയൊരു സംഗീതജ്ഞൻ ഈ വിഷയത്തെ കുറിച്ചൊരു ഗാനം പുറത്തിറക്കുമ്പോൾ അത്രയും കൗതുകത്തോടെയാണ് ഇന്ത്യ അതു കേൾക്കുന്നതും.