ഉദാഹരണം സുജാതയിൽ അരിസ്റ്റോ സുരേഷ് ഈണമിട്ട കിടിലൻ നാടൻ പാട്ട്

പച്ചയായ ജീവിത യാഥാർഥ്യങ്ങളോട് ചേർന്നു നിൽക്കുന്ന, ഊർജം പകരുന്ന താളമാണ് നാടൻ പാട്ടിന്. ഉദാഹരണം സുജാത എന്ന മഞ്ജു വാര്യർ ചിത്രത്തിലുമുണ്ട് അങ്ങനെയൊരു പാട്ട്. മുത്തേ പൊന്നേ എന്ന പാട്ടു പാടിയ അരിസ്റ്റോ സുരേഷ്(സുരേഷ് തമ്പാനൂർ) ഈണമിട്ട പാട്ടാണിത്. ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. 

സിത്താരയും ദിവ്യ എസ് മേനോനും സയനോരയും ചേർന്നാണ് ഈ പാട്ടു പാടിയത്. വരികൾ സന്തോഷ് വർമയുടേതാണ്. 

തിരുവനന്തപുരത്തെ സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ ജീവിതത്തിലെ തിരക്കുകളും ആഘോഷങ്ങളും ആവിഷ്കരിക്കുന്ന പാട്ടാണിത്. ജീവിതത്തിലെ വെല്ലുവിളികളിൽ തളരാതെ മുന്നേറണമെന്ന് പറയുന്ന ഗാനം. മഞ്ജു വാര്യറുടെ ഭാവപ്രകടനവും അതിനൊപ്പം ഈ പാട്ടു കൂടിയാകുമ്പോൾ ആദ്യ കാഴ്ചയിൽ തന്നെ ഹൃദയത്തോടു ചേരും ഈ ഗാനം. 

മാർട്ടിൻ പ്രക്കാട്ടും നവീൻ ഭാസ്കറും ചേർന്നു തിരക്കഥയെഴുതി ഫാന്റം പ്രവീൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മധു നീലകണ്ഠന്റേതാണു കാമറ.