സൂര്യയുടെ ലുക്കും കമൽഹാസനും: സൊടക്കിനൊപ്പം താളം പിടിച്ച്...

ടീസർ തന്നെ ഇങ്ങനെ...അപ്പോൾ പാട്ട് എന്തായിരിക്കും. സൂര്യയുടെ താനാ സേർന്ത കൂട്ടം എന്ന ചിത്രത്തിലെ സൊടക്ക് എന്ന പാട്ടിനെ കുറിച്ച് ഇപ്പോൾ ഇങ്ങനെയാണു പറയേണ്ടത്. യുട്യൂബിൽ പ്രേക്ഷകരുടെ എണ്ണത്തിൽ കുതിക്കുക മാത്രമല്ല, വിഡിയോയിലെ കാഴ്ചകളും താളവും ഹരംപിടിപ്പിക്കുകയാണ്. സൊടക്കിനൊപ്പം താളംപിടിച്ച് ദീപാവലി ആഘോഷിക്കുകയാണ് തെന്നിന്ത്യ. 

സൂര്യയുടെ ലുക്ക് തന്നെയാണ് പാട്ടിന്റെ താളത്തിനപ്പുറം ഏറ്റവും പ്രിയം നേടിയ കാര്യം. എന്താ ഭംഗിയെന്ന് പറയാതെ വയ്യ. അതിനൊപ്പം താരം പാട്ടിനായി നൃത്തം പഠിക്കുന്ന ദൃശ്യങ്ങളും ഷൂട്ടിങ് വിശേഷങ്ങളുമുണ്ട്. ജിമ്മിക്കി കമ്മല്‍ ഡാൻസ് കളിച്ച് ശ്രദ്ധേയരായ ഷെറിലും അന്നയും ക്യൂട്ട് ഡാൻസുമായി പങ്കുചേരുന്നു. ഇവർ മാത്രമല്ല, കുറേ സാധാരണക്കാരും സൊടക്ക് എന്ന താളത്തിനൊപ്പമുണ്ട്. സൂര്യയ്ക്ക് ഡാൻസ് പഠിപ്പിച്ച് നൽകുന്നയാളുടെ ആക്ഷനും രസകരമാണ്. വിഡിയോയിൽ പലയിടത്തും നടൻ കമൽഹാസന്റെ ഫ്ലക്സ്ബോർഡും വന്നുപോകുന്നുവെന്നതാണ് വിഡിയോയെ പ്രിയങ്കരമാക്കിയ മറ്റൊരു കാര്യം. 

പാട്ടിന് സംഗീത സംവിധാനം നിർവ്വഹിച്ച അനിരുദ്ധ് രവിചന്ദറിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള സോങ് ടീസർ പുറത്തിറക്കിയത്. മാരിയിലെ പക്കാ ലോക്കൽ പാട്ടിനു ശേഷം നാട‍ൻ താളത്തെ കൂട്ടപിടിച്ച് അനിരുദ്ധ് തീർത്ത പുതിയ ഗാനവും അതുപോലെ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറുകയാണ്.