പടകാളിക്കു ശേഷം വീണ്ടും കിടിലൻ വിഡിയോയുമായി ഓർഫിയോ

ഒരു പാട്ടിന്റെ ഇൻസ്ട്രുമെന്റൽ വേർഷൻ  എത്രമാത്രം രസകരമായി കേൾവിക്കാരിലേക്ക് എത്തിക്കാം എന്നതിന് ഏറ്റവും മികച്ചൊരു ഉദാഹരണമാണ് ഓർഫിയോ എന്ന ബാൻഡ് കാണിച്ചു തന്നത്. യേശുദാസും എം.ജി.ശ്രീകുമാറും ചേർന്നു പാടിയ എ.ആർ.റഹ്മാൻ ഗാനം പടകാളിയെ അസാധ്യ ഭംഗിയോടെ അവതരിപ്പിച്ച ഈ സംഗീത സംഘം പുതിയൊരു ഗാനവുമായി എത്തിയിരിക്കുകയാണ്. ഇത്തവണ ഇളയരാജ ഗാനമാണ്. ദളപതിയിലെ രാക്കമ്മാ കയ്യെ തട്ട്...എന്ന് ഗാനമാണ് ഇത്തവണ ഇവർ വായിച്ചത്. 

പടകാളി പാട്ടിന്റെ താളം നമ്മിലേക്കു പകര്‍ന്ന, ആവേശത്തെ അതേപടി അവതരിപ്പിച്ച ഓർഫിയോ ഇത്തവണയും അതുപോലെ തന്നെ. തനി നാടൻ താളത്തിന്റെ രസച്ചരടും സങ്കീർണതയും നല്ല പെർഫക്ഷനോടെ വയലിനിലും ഗിത്താറിലുമൊക്കെയായി ഇവർ പാടിത്തരുന്നു.  വിദേശ സംഗീതജ്ഞ മരിയ ഗ്രിഗറെവ, കാരൾ ജോർജ്, ഫ്രാൻസിസ് സേവ്യർ, ഹെറാൾഡ് ആന്റണി, ബെൻഹർ തോമസ്, ബിനോയ് ജോസഫ്, റോബിൻ തോമസ് എന്നിവരാണ് എസ്.പി.ബാലസുബ്രഹ്മണ്യവും സ്വർണലതയും പാടിയ പാട്ടിനെ അവതരിപ്പിച്ചത്. 

എസ്പിബിയും സ്വർണലതയും ആലാപന ശേഷികൊണ്ട് അത്ഭുതപ്പെടുത്തിയ പാട്ട് ഗായകന്റേയോ ഗായികയുടേയോ സ്വരമില്ലാതെ അവതരിപ്പിക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്ത ഓർഫിയോയ്ക്കൊരു കയ്യടി നൽകേണ്ടതുണ്ട്. പ്ലഗ്'ആന്‍'പ്ലേ ആണ് ഈ വിഡിയോ പുറത്തിറക്കിയത്.