സൂര്യയുടെ സൊടക്ക് പാട്ട് എത്തി, കാതുകീഴടക്കും ചടുലതാളം

തമിഴിന്റെ നാടൻ താളങ്ങളുടെ മാസ്മരികതയുമായി സൊടക്ക് പാട്ട് എത്തി. താനാ സേർന്ത കൂട്ടം എന്ന സൂര്യ ചിത്രത്തിലെ ഈ പാട്ടിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. ഗാനത്തിന്റെ ഫുൾ വേർഷൻ പുറത്തിറങ്ങി. യുട്യൂബിൽ പാട്ട് വൈകുന്നേരം ആറിന് എത്തും. 

ആന്റണി ദാസന്റെ സ്വരത്തിലുള്ള പാട്ടാണിത്. മണി അമുധാവനും വിഗ്നേഷ് ശിവനും ചേർന്നാണ് പാട്ട് എഴുതിയത്. ഊര്‍ജസ്വലമായ താളവും അതീവ രസകരമായ വരികളുമുളള പാട്ട്. ഇടയ്ക്ക് ഒരു ഡയലോഗും വന്നുപോകുന്നു. ആന്റണി ദാസന്റെ ആഴമുള്ള സ്വരത്തിന്റെ ഭംഗി മുഴുവനുമറിയിക്കുന്നു ഈ ഗാനം. ആന്റണി ദാസന്റെ കരിയറിലെ മികച്ച ഗാനങ്ങളിലൊന്നാകും ഇതെന്നതിൽ തർക്കമില്ല.

പാട്ടിന്റെ ഒരു മിനുട്ട് ദൈര്‍ഘ്യം മാത്രമുള്ള ടീസറിന് വൻ ശ്രദ്ധയാണു ലഭിച്ചത്. സൂര്യയുടെ ഡാൻസും ഡാൻസ് പഠിക്കുന്ന രംഗങ്ങളുമൊക്കെയുള്ള ആ ടീസർ 40 ലക്ഷത്തോളം പ്രാവശ്യമാണ് ആളുകള്‍ ഇതുവരെ യുട്യൂബ് വഴി കണ്ടത്. ഈ പാട്ടും അതിനൊപ്പമുള്ള സൂര്യയുടെ ഡാൻസും ഡയലോഗും തെന്നിന്ത്യ കീഴടക്കിയേക്കും. അത്രമേൽ താളാത്മകമാണ് ഈ പാട്ട്.