ആസ്വദിക്കാം ഇൗ ന്യൂജനറേഷൻ ഗാനങ്ങളും

ഒാൾഡ് ഇൗസ് ഗോൾഡ് എന്നാണ് പൊതുവേ നാം പറയാറുള്ളത്. പാട്ടുകളുടെ കാര്യത്തിലും അത് അങ്ങനെ തന്നെയാണെന്നാണ് ഭൂരിപക്ഷം ആസ്വാദകരുടെയും പക്ഷം. എന്നാൽ പുതിയ പാട്ടുകളെ അങ്ങനെയങ്ങ് ഒഴിവാക്കേണ്ടതുണ്ടോ? പഴയ പാട്ടുകളുടെ ഭംഗി പുതിയ പാട്ടുകൾക്കില്ലെന്നു പറയുമ്പോഴും ചില ന്യൂ ജനറേഷൻ ഗാനങ്ങളെ കാണാതിരിക്കരുത്. 

എല്ലായ്പ്പോഴും എല്ലാ രീതികളിലും ഗാനങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ചിലത് കാലം കടന്നും നിലനിൽക്കുന്നുണ്ടെങ്കിൽ അവയിൽ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുള്ളതു കൊണ്ടുതന്നെയാണ്. വരികളും സംഗീതവും ആലാപനവും ഒരേ പോലെ മനോഹരമാവുക എന്നത് അത്ര എളുപ്പമല്ലല്ലോ. അവയിൽ ദൈവത്തിന്റെ വിരലുകൾ സ്പർശിക്കുക തന്നെ വേണം. ഒരുപക്ഷേ അത്രത്തോളം ഹിറ്റാകാത്ത സിനിമകളിൽ പോലുമുള്ള ചില പാട്ടുകൾ കാലാതിവർത്തിയായി നിലനിന്നിട്ടുള്ളതും ഈ കാരണം കൊണ്ടായിരിക്കാം. അടുത്തിടെ ഇറങ്ങിയ ചില സിനിമകളിലുമുണ്ട് ഇത്തരം മികച്ച ഒരു പിടി ഗാനങ്ങൾ. 

"മെല്ലെ മനസിനുള്ളിൽ

മഴ വന്നു തഴുകിയ പോലെ

വേനൽ എരിഞ്ഞനോവിൽ 

ചേരും സാന്ത്വനമേ..."

പേരിൽ തന്നെയുണ്ട് ആ പാട്ടിന്റെയും സിനിമയുടെ ഭംഗി. "മെല്ലെ". ചിലർ നമ്മെ വന്നു തൊടുന്നതു മെല്ലെയാണ്. ഒരു പൂവ് വന്നു തൊടുന്നത്ര മൃദുവായി. ജീവിതം അത്രമേൽ കാറ്റും കോളുമുയർത്തി വല്ലാത്തൊരു അവസ്ഥയിൽ നിൽക്കുമ്പോൾ കൈപിടിക്കാൻ ഒരാൾ ഉണ്ടാവുക എന്നത് എത്രമാത്രം ആശ്വാസകരമാണ്! മെല്ലെ വന്നു തൊട്ട ഒരു കാറ്റ് പോലെ അവന്റെ വിരലുകൾ അവളുടെ ഹൃദയത്തിൽ എപ്പോഴും ഇങ്ങനെ തൊട്ടും തൊടാതെയുമിരിക്കും. ഡൊണാൾഡ് മാത്യുവിന്റെ വരികൾക്ക് വിജയ് ജേക്കബ് ആണ് സംഗീതം. ശ്വേതാ മോഹൻ, ഡൊണാൾഡ് മാത്യു എന്നിവരാണ് പാടിയിരിക്കുന്നത്.

"കായലിറമ്പിലെ ചാഞ്ഞ കൊമ്പില് കാത്തിരിക്കണ പൊന്മാനേ

നിന്റെ തുള്ളത്തി മീനിനെ കണ്ണെടുക്കാതെ നീ നോക്കിയിരിക്കണതെന്താണ്..."

കൗമാരത്തിലെ പ്രണയത്തിനു എപ്പോഴും എന്തൊരു നിറമാണ്! നോക്കിയും നോക്കാതെയും എത്ര വർഷമായി പിന്നാലെ കൂടിയ പ്രണയമാണ്. കുട്ടിക്കാലം മുതൽ അവളുടെ പിന്നാലെ മാത്രമേ നടന്നിട്ടുള്ളൂ, അവളോടു മാത്രമേ ഇഷ്ടം തോന്നിയിട്ടുള്ളൂ, ആ പ്രണയത്തിന്റെ സാക്ഷി കായലാണ്. ചൂണ്ടയുടെ അറ്റത്തെ കൊളുത്തിൽ മീൻ കുരുങ്ങി ശ്വാസം മുട്ടുമ്പോൾ അവളുടെ ചുണ്ടുകളെ സ്വന്തമാക്കി ശ്വാസം മുട്ടിച്ചാലെന്തെന്ന് എപ്പോഴൊക്കെയോ അവനോർത്തിരുന്നു. മുന്നിൽ വന്നപ്പോൾ അവന്റെ ഉള്ളിൽ കടലിരമ്പി. 

പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രം പേര് കൊണ്ട് വ്യത്യസ്തത പുലർത്തുന്നുണ്ട്. പേരു പോലെ തന്നെയാണ് ചിത്രത്തിലെ പാട്ടുകളും. തനി നാടൻ ശീലുള്ള പാട്ടുകൾ.

സന്തോഷ് വർമയുടെ വരികൾക്ക് ബിജിബാലിന്റെ സംഗീതം. ബിജിബാൽ, ആൻ ആമി എന്നിവരാണ് പാടിയിരിക്കുന്നത്. പുതിയതായി ഇറങ്ങിയ പാട്ടുകളിൽ ഗ്രാമീണ ഭംഗി തുളുമ്പുന്ന വളരെ വ്യത്യസ്തമായ ഗാനമാണ് ഇതെന്നും അവകാശപ്പെടാം. കാഴ്ചയിലും കേൾവിയിലും ഗ്രാമീണ പ്രണയം അനുഭവിപ്പിക്കുകയും ചെയ്യുന്നുണ്ട്.

" മുന്തിരി ചാറും മുഹബ്ബത്തും ചേർത്തൊരു മുന്തിയ പാട്ടു തരാം

കിസ്സും ഇശലും കൂട്ടിയിണക്കി അസ്സൽ പാട്ടു തരാം.." 

ചിപ്പി കടലിന്റെ കഥയാണ്. ശംഖിന്റെയും തിരമാലയുടെയും കടൽ പാട്ടിന്റെയും കഥ. തലശ്ശേരിയിലെ ഒരു പറ്റം സ്‌കൂൾ കുട്ടികൾ അവർ ജീവിക്കുന്ന കടൽത്തീരത്തെ ജീവിതങ്ങളെ വച്ച് ഒരു ചെറു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നതാണ് പ്രദീപ് ചൊക്ലിയുടെ "ചിപ്പി" എന്ന സിനിമയുടെ കഥ. കടൽ കവർന്നെടുത്ത ജീവിതങ്ങളെക്കാൾ നോവ് അതിനെ അതിജീവിക്കുന്നവർക്കാണ്. പക്ഷേ അവിടെയും ജീവിതം സംഗീതാർദ്രമാക്കാൻ ഏതു തരം പാട്ടു വേണമെന്ന് അവർ പരസ്പരം ചോദിക്കുന്നു. മുക്കുവന്റെ പാട്ടിനു പല താളങ്ങളുണ്ട്, എല്ലാം ചെന്നു നിൽക്കുന്നത് അവന്റെ വിശന്ന വയറിനു മുകളിലുമാണ്. 

രമേശ് കാവിലിന്റെ വരികൾ സച്ചിൻ ബാലുവിന്റെ സംഗീതത്തിൽ പി. ജയചന്ദ്രനാണ് ആലപിച്ചിരിക്കുന്നത്. പക്ഷേ ചിത്രത്തിൽ ഈ പാട്ട് പാടിയ ഇന്ദ്രൻസിന്റെ ആകാരത്തോടോ ശബ്ദത്തോടോ ഗാനം ഇണങ്ങിച്ചേരാത്തത് പോലെ തോന്നിപ്പോകും. അതൊരുപക്ഷേ ജയചന്ദ്രനെയും ഇന്ദ്രൻസിനെയും നമുക്ക് അറിയുന്നതു കൊണ്ടുമാകാം. പക്ഷേ നിസ്സഹായതയുടെ വലിയൊരു തേങ്ങൽ ഇന്ദ്രൻസിന്റെ കഥാപാത്രത്തിന്റെ മുഖത്തുണ്ട്. ആ ഭാവത്തിന് ആ സംഗീതം അനുയോജ്യമാകുകയും ചെയ്യുന്നുണ്ട്. വടക്കൻ കേരളത്തിന്റെ തനതായ ഇശൽ പാട്ടിന്റെ കോരിത്തരിപ്പുള്ള പാട്ടാണ് ഈ ഗാനം. ഹാർമോണിയവും തബലയും ഡോലക്കും ഒന്നുചേരുമ്പോൾ അതീവ രുചിയുള്ള ഒരു സുലൈമാനി കുടിച്ച പോലെ തോന്നും. പ്രത്യേകിച്ച് കേരളത്തിന്റെ വടക്കൻ ദിക്കുകാർക്ക്. ഇത്തരം ഗാനങ്ങൾ അവരുടെ പിടയ്ക്കുന്ന ഹൃദയം പോലെയാണ്. 

കേരളത്തിലെ ഏറ്റവും മനോഹരമായ ജില്ല ഏതെന്ന ചോദ്യത്തിന്, ഒരിക്കലെങ്കിലും പോയവർ കോഴിക്കോട് എന്നേ പറയൂ. സ്വാദൂറും ഭക്ഷണത്തിനും ചങ്കു പറിച്ച് കൊടുക്കുന്ന മനുഷ്യർക്കും പേരു കേട്ട ഇടമാണ് കോഴിക്കോട്. അപ്പോൾ അതേ പ്രത്യേകതകൾ വച്ച് ഒരു പാട്ടിറങ്ങിയാലോ.. ഗൂഢാലോചന എന്ന പുതിയ ചിത്രത്തിൽ അങ്ങനെയൊരു പാട്ടുണ്ട്

"ഖൽബിൽ തേനൊഴുകണ കോയിക്കോട്

കടലമ്മ മുത്തണ കര കോയിക്കോട്"

മലയാള സിനിമയിലെ ന്യൂജനറേഷൻ താരങ്ങളെല്ലാം അണി നിരന്ന സിനിമയാണ് ഗൂഢാലോചന. ബി. കെ. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്. അഭയ ഹിരണ്മയി പാടിയിരിക്കുന്നു. ആലാപന ശൈലിയും വളരെ വ്യത്യസ്തമാണ്. ഓരോ വരിയിലും ഹരിനാരായണൻ കോഴിക്കോടിനെ പകർത്തി വച്ചിരിക്കുന്നു. അലുവയുടെ മനസ്സുള്ള കോഴിക്കോടിനെ കാണാൻ വന്നോളീ എന്നു പറഞ്ഞാണ് പാട്ടു കേൾവിക്കാരെ ക്ഷണിക്കുന്നത്. മിഠായിത്തെരുവിന്റെ സൽക്കാര സ്നേഹവും പാട്ടിലുണ്ട്. ബാബുക്കയുടെ പാട്ടും കല്ലായിപ്പുഴയുടെ ഗന്ധവും മനുഷ്യന്റെ സ്നേഹവും എല്ലാം കോഴിക്കോടിനെ മുത്താക്കുന്നു. പാട്ടു കേട്ടൊടുവിൽ ഒന്ന് കോഴിക്കോട് പോകാൻ തോന്നും.

‌"നാല് കൊമ്പുള്ള കുഞ്ഞാന 

നാട് ചുറ്റണ പൊന്നാന"

പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗത്തിലെ ഇൗ ഗാനം വിനീത് ശ്രീനിവാസനാണ് ‌ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം നൽകിയിരിക്കുന്നു. കാർട്ടൂൺ രംഗങ്ങൾ ‌ഉൾപ്പെടുത്തിയാണ് ഈ ഗാനം പുറത്തിറക്കിയിരിക്കുന്നതെന്നതിനാൽ കുട്ടികൾക്കു പോലും താൽപര്യം തോന്നും. ഒരു ചെറിയ മനുഷ്യന്റെ വലിയ സ്വപ്നത്തിന്റെ കഥയായിരുന്നു പു​ണ്യാളൻ അഗർബത്തീസ്.