അഞ്ചു കോടിയും കടന്ന് ജിമ്മിക്കി കമ്മൽ!

ജിമ്മിക്കി കമ്മൽ എന്ന പാട്ട് ഇതുവരെ യുട്യൂബിൽ കണ്ടവരുടെ എണ്ണം അഞ്ചു കോടി പിന്നിട്ടു. യുട്യൂബിൽ ഏറ്റവുമധികം പ്രാവശ്യം പ്രേക്ഷകർ കണ്ട മലയാള ചലച്ചിത്ര ഗാനവും ഇതുതന്നെയാണ്. ഷാന്‍ റഹ്മാൻ ഈണമിട്ട പാട്ട് വൻ ഹിറ്റ് ആയിരുന്നു. ലാൽ ജോസും മോഹൻലാലും ആദ്യമായി ഒന്നിച്ച  വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ പാട്ട്, സിനിമയേക്കാൾ ഹിറ്റ് ആയി എന്നു പറയുന്നതിലും തെറ്റില്ല. അത്രമാത്രം ജനപ്രീതിയാണ് ഈ പാട്ട് നേടിയെടുത്തത്. 

അനിൽ പനച്ചൂരാണ് ഗാനരചന നിർവ്വഹിച്ചത്. വിനീത് ശ്രീനിവാസനും സംഘവും പാടിയ പാട്ടാണ് ജിമ്മിക്കി കമ്മൽ. അപ്പാനി ശരതും സംഘവും ചടുലമായ നൃത്തച്ചുവടുകളുമായി കോളജ് ക്യാംപസിൽ ആടിപ്പാടുന്നതാണ് പാട്ടിന്റെ ദൃശ്യങ്ങളിലുള്ളത്. പാട്ടും ഡാൻസും ഒരുപോലെ പ്രേക്ഷകർ ഏറ്റെടുത്തു. ഈ പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്ന നിരവധി വിഡിയോകളാണ് പുറത്തിറങ്ങിയത്. അവയിൽ മിക്കതും ഏറെ പ്രേക്ഷക ശ്രദ്ധ നേടി. ജിമ്മിക്കി കമ്മൽ ഡാൻസ് കളിച്ച ഹിറ്റ് ആയ ഷെറിൽ.ജി.കടവൻ, അന്നാ മാത്യു എന്നിവർക്ക്  തമിഴ് താരം സൂര്യയുടെ ചിത്രത്തിൽ ഡാന്‍സ് ചെയ്യാനുളള അവസരവും കിട്ടി.