ഹൃദയത്തിൽ സൂക്ഷിക്കാൻ ഇൗ പാട്ടുകൾ

നമ്മുടെ പാട്ടിഷ്ടങ്ങളിലേക്ക് എന്നും എക്കാലവും പുതിയ ഈണക്കൂട്ടുകൾ ചേർത്തുകൊണ്ടേയിരിക്കും സിനിമ. അതിൽ ചിലത് എന്നും ഹൃദയത്തോടു ചേർത്തു നിർത്തപ്പെടും. ചിന്തകളിൽ അവ ഈണങ്ങളാകും. പുഞ്ചിരികളിലേക്ക് മൂളിപ്പാട്ടുകളിലേക്ക് ചെറിയ ഇടവേളകളിലെ വലിയ സന്തോഷങ്ങളിലേക്ക് അവയങ്ങനെ മാറി മാറി വന്നുപോകും. അത്തരത്തിലുള്ള കുേറ പുതിയ പാട്ടുകൾ അടുത്തിടെ ഇറങ്ങിയ സിനിമികളിലുമുണ്ട്.

റോഷമോൻ റോഷമോൻ

മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ മനസ്സിനെ അപ്പൂപ്പൻ താടി പോലെ പറത്തിവിട്ട് പ്രിയമുള്ളവന്റെ കൈകോര്‍ത്തു പിടിച്ച് നൃത്തമാടാൻ നമുക്ക് കൊതിയല്ലേ. സ്വപ്നങ്ങളിലെത്രയോ പ്രാവശ്യം ആ രംഗമങ്ങനെ വന്നുപോയിരിക്കുന്നു. റോഷമോൻ എന്ന പാട്ട് കാണുമ്പോൾ ഒരു ഉൻമാദിയെ പോലെ പാട്ടിന്റെയും സൗഹൃദത്തിന്റെയും വലയത്തിൽ ഹരം പിടിച്ച് നൃത്തമാടിയിട്ടില്ലേ നമ്മള്‍; മനസുകൊണ്ടെങ്കിലും... ? റോഷമോൻ എല്ലാം മറന്നുള്ള സന്തോഷത്തിന്റെ ഈണമാണ് പങ്കുവച്ചത്. 

കണ്ണിലെ പൊയ്കയില്...

പ്രണയത്തിനിടയിലെ ചില നോട്ടങ്ങളുണ്ട്...കാണാതെ കണ്ടുള്ള, കണ്ടില്ലെന്നു നടിച്ചുള്ള ചില കള്ളച്ചിരികൾ. വിടർന്ന കണ്ണിൽ സന്തോഷത്തിന്റെ മഴവില്ലുള്ള ചിരികൾ. ആ ചിരികളുടെ ചേലായിരുന്നു 'കണ്ണിലെ പൊയ്കയില്' എന്ന പാട്ടിന്. ബിജിബാലിന്റെ ഈണത്തിലുള്ള ഈ പാട്ട് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലേതായിരുന്നു. റഫീഖ് അഹമ്മദ് – ബിജിബാൽ കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു മനോഹരമായ സൃഷ്ടികളിലൊന്നായിരുന്നു ഈ പാട്ട്. 

കോയിക്കോട് പാട്ട്!

ഹാർമോണിയത്തിൽ വിരൽ ചേർത്ത് വച്ച് ബാബുക്ക പാടി നടന്ന നാടാണ് കോഴിക്കോട്. പട്ടങ്ങൾ പാറിനടക്കുന്ന കടൽത്തീരമുള്ള, നല്ല സൗഹൃദക്കൂട്ടങ്ങളുള്ള, പഞ്ചാര മിഠായികളെ കൈക്കുടന്ന നിറയെ നൽകുന്ന ഈ നാടിനെ കുറിച്ച് സിനിമയിൽ പിന്നെയുമൊരു പാട്ടു വന്നു. കോയിക്കോട് പാട്ട്. ഗൂഢാലോചന എന്ന ചിത്രത്തിലെ ഈ ഗാനം കുപ്പിവളയുടെ ചിരിയുള്ള സ്വരത്തിൽ പാടിയത് അഭയ ഹിരൺമയിയാണ്. ഈ ഗായികയുടെ‌ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നു കൂടിയാണിത്. ഗോപി സുന്ദറിന്റേതാണ് ഈണം. ഹരിനാരായണന്റെ വരികളുടെ മൊഞ്ചിനൊപ്പം അഭയയുടെ സ്വരം കൂടി ചേർന്നപ്പോൾ നെഞ്ചിനുള്ളിലേക്കാണ് ഈ പാട്ടൊരു കാറ്റു പോലെ കടന്നു വന്നത്. 

അകലെയായ് എവിടെയോ...

പ്രണയത്തിന്റെ നനുത്ത സ്വരമാണ് ഹരിചരണിന്. കാറ്റു പോലെ ആർദ്രമാണ് ആൻ ആമീ എന്ന പാട്ടുകാരിയുടെ സ്വരവും. ഇവർ രണ്ടാളും ഒന്നിച്ചു പാടിയൊരു പാട്ടുണ്ട്. ചെമ്പരത്തിപ്പൂ എന്ന ചിത്രത്തിൽ. അകലെയായ് എവിടെയോ എന്ന ഗാനം. പ്രണയ മഴയുടെ പലഭാവങ്ങളെ മധുരതരമായ ആ നിമിഷങ്ങളെ പാടിയ പാട്ട്. ജിനിൽ ജോസിന്റെ വരികൾക്ക് രാകേഷ് എ.ആർ. ആണു ഈണമിട്ടത്. 

കണ്ടിട്ടും കണ്ടിട്ടും...

കാലത്തിനു പോലും പകരം തരാൻ കഴിയാത്ത സ്വരഭംഗിയാണ് യേശുദാസ്. ആ സ്വരത്തിലെ ഏറ്റവും മനോഹരമായ പുതിയ  ഗാനമാണ് കണ്ടിട്ടും കണ്ടിട്ടും പോരാതെ എന്ന ഗാനം. വില്ലനിലെ ഈ പാട്ട് പിന്നെയും പിന്നെയും കേട്ടിരിക്കുന്നതിനു പിന്നിലും കാരണം മറ്റൊന്നല്ല...സ്നേഹമുള്ള വരികളെ ഹൃദയത്തോടു ചേർത്തുവച്ച് സ്വരം പകർന്ന് ഗായകൻ പാടുമ്പോൾ കേട്ടിരുന്നു പോകും ആരും. 

അരികിൽ ഇനി ഞാൻ

ചില ഈണങ്ങൾ കണ്ണുനിറയ്ക്കും. നമ്മെ ഏകാന്തമായൊരിടത്തേയ്ക്കു കൈപിടിക്കും. മനസിനുള്ളിൽ കുേറ നാളായി നിദ്രയിലാണ്ട നൊമ്പരങ്ങളെല്ലാം ആ ഈണത്തിനൊപ്പം മനസിലങ്ങു വന്നുചേരും. ആദം ജോണിലെ ഈ പാട്ട് ഒരച്ഛന്റെ നൊമ്പരമാണ്. മകളെ തേടിയുള്ള യാത്ര. അവളെവിടെയാണെന്ന് അറിയില്ല. എങ്ങനെ കണ്ടെത്തുമെന്ന് ഒരു തീർച്ചയുമില്ല. ഒരിക്കൽ അവളെ ഉപേക്ഷിച്ചതിന്റെ നൊമ്പരവും കുറ്റബോധവും മനസിലങ്ങ് ആഴ്ന്നിറങ്ങുകയാണ്. മെഴുകുതിരി പോലെ ഉരുകിയൊലിക്കുകയാണ്. ഈ പാട്ടും അതുപോലെയാണ്. ഒരു മെഴുതിരി പോലെ മനസിനെ ഉരുക്കി കളയുന്ന പാട്ട്. പൃഥ്വിരാജ് എന്ന നടൻ ഗായകനായ പാട്ട്. സന്തോഷ് വർമയുടെ വരികൾക്ക് ദീപക് ദേവ് ആണ് ഈണമിട്ടത്. സന്തോഷ് വർമയുടേതാണു വരികള്‍.

മിഴിനീരു പെയ്യുന്ന...

‘പാതി’യിലെ ഈ പാട്ട് ഒരിക്കലും അവസാനിക്കാത്ത ദുംഖങ്ങളുടെ ഈണമാണ്. ജീവിതത്തിൽ ഒറ്റയ്ക്കായി പോയവരുടെ നൊമ്പരം. ഇരുട്ടിലേക്കാഴ്ന്നു പോയ മനുഷ്യരുടെ പാട്ട്. രമേശ് നാരായണന്റെ സംഗീതത്തിൽ ഹിന്ദുസ്ഥാനി ഗായിക കൂടിയായ മകൾ മധുവന്തി പാടിയ പാട്ട്. മിഴിനീരു പെയ്യുന്ന ഈ പാട്ട് അത്രമേൽ ഭാവാർദ്രമായാണ് മധുവന്തി പാടിയത്. ലക്ഷ്മണൻ കാഞ്ഞിരങ്ങാടിന്റേതാണു വരികൾ. 

കായലിറമ്പില്...

മനസ്സിലെവിടെയാണ് അവളുള്ളതെന്നു ചോദിച്ചാല്‍ രസകരമായ ഉത്തരങ്ങളാകും ഓരോ ആൺ ചിന്തയിലും വിരിയുക. ജീവിക്കുന്ന സാഹചര്യങ്ങളോടു ചേർന്നു നിൽക്കും ആ ഉത്തരങ്ങൾ. കായലരികത്ത് താമസിക്കുന്ന മനസിൽ അവള്‍ക്ക് ആ ചന്തമായിരിക്കും. അവൾ മീനിനെ പോലെയാണെന്നും മനസിലെ കായലിറമ്പിലിട്ട് വളർത്താൻ കൊതിയാണെന്നും പാടിയ ഈ പാട്ട് ഏറ്റവും പുതിയ പ്രണയഗാനങ്ങളിൽ മികച്ചു നിൽക്കുന്നു. ബിജിബാലിന്റേതാണു സംഗീതം. ബിജിബാലും ആൻ ആമിയും ചേർന്നാണു പാടിയത്. സന്തോഷ് വർമയുേടതായിരുന്നു വരികൾ.

സീതാകല്യാണം

സോളോയിലെ തന്നെ മറ്റൊരു ഗാനമാണ് സീതാകല്യാണം. കർണാടിക് സംഗീതവും റോക്കും ഒത്തുചേർന്ന പാട്ട്. രേണുക അരുണിന്റെയും സംഗീത സംവിധായകൻ കൂടിയായ സൂരജ്.എസ്.കുറുപ്പിന്റെയും സ്വരത്തിലുള്ള പാട്ട്. പ്രണയം മാത്രമുള്ള പാട്ട്. ഏറ്റവും പ്രിയമുള്ളയാളിന്റെ കൈചേർത്തുപിടിച്ച് അകലങ്ങളിലേക്കൊരു യാത്ര പോകാൻ തോന്നും കേട്ടിരുന്നാൽ. ആ യാത്രയ്ക്കൊടുവിലൊരിടത്തു വച്ച് ചേമന്തി പൂക്കളാൽ അലങ്കരിച്ച മണ്പത്തിൽ കൽവിളക്കിലെരിയുന്ന തിരിനാളത്തെ സാക്ഷിയാക്കി അവന്റെ നല്ലപാതിയായെങ്കിൽ എന്ന സ്വപ്നം കണ്ടിരുന്നു പോകും കേൾക്കുമ്പോൾ... 

പുതിയ ഈണങ്ങൾക്കു മനസിൽ തങ്ങിനിൽക്കാനുതകുന്ന ചേലില്ലെന്നു വിമർശനം നിലനിൽക്കുമ്പോഴും ഈ പാട്ടുകൾ അതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുകയാണ്.