മാസ്റ്റർ പീസ് ഓഡിയോ ലോഞ്ചിൽ കയ്യടി നേടി സന്തോഷ് പണ്ഡിറ്റ്!!

കോളജ് ക്യാംപസിൽ ചുറ്റിത്തിരിയുന്ന കഥയുമായി ഒരു സിനിമ വരുമ്പോൾത്തന്നെ എല്ലാവരും ഒന്നു സന്തോഷിക്കും. അതിൽ പ്രഫസറായിട്ടാണ് മമ്മൂക്കയുടെ വരവെന്നു കേൾക്കുമ്പോൾ സന്തോഷം പിന്നെയും ഇരട്ടിക്കും. അതീവ സുന്ദരനായ മമ്മൂക്ക ഇത്തവണ ഒന്നുകൂടെ സുന്ദരനും ഊർജസ്വലനുമായിരിക്കുന്നു. ട്രെയിലറും പാട്ടുമെല്ലാം യൂട്യൂബിൽ ഹിറ്റായിരിക്കുന്നു. ‘മാസ്റ്റർ പീസ്’ എന്ന സിനിമയുടെ ഓരോ വിവരങ്ങൾക്കും വേണ്ടി കാത്തിരിക്കുകയാണ് ചലച്ചിത്രപ്രേമികൾ. ആ അന്വേഷണത്തിനു മറ്റൊരു കാരണം കൂടിയുണ്ട്. 

ഛായാഗ്രഹണം ഒഴികെ ബാക്കിയെല്ലാം ചെയ്ത് സിനിമയെടുക്കുന്ന സന്തോഷ് പണ്ഡിറ്റ്  ഇതു രണ്ടാംതവണയാണ് മറ്റൊരാളുടെ സിനിമയിൽ അഭിനയിക്കുന്നത്. ‘ഒരു സിനിമാക്കാരനി’ലാണ് ആദ്യം ചെറിയൊരു വേഷം ചെയ്തത്. എന്താണു ‘മാസ്റ്റര്‍പീസിലെ’ വേഷം എന്നതിൽ മറ്റെല്ലാ കഥാപാത്രങ്ങളെയും പോലെ പണ്ഡിറ്റിന്റെ കാര്യവും രഹസ്യം. എങ്കിലും ശ്രദ്ധേയ കഥാപാത്രമാകുമെന്നത് ഉറപ്പ്. ട്രെയിലറിലും പാട്ടിലുമെല്ലാമുണ്ട് അദ്ദേഹത്തിന്റെ സാന്നിധ്യം. ‘മാസ്റ്റർ പീസി’ന്റെ ഓഡിയോ ലോഞ്ചിലും ശ്രദ്ധേയനായിരുന്നു സന്തോഷ് പണ്ഡിറ്റ്.

അതിഥിയായി എത്തിയ സംവിധായകൻ ജോഷിയുടെ കാൽതൊട്ട് വണങ്ങിയാണ് ഓഡിയോ ലോഞ്ചിന്റെ സദസ്സിലേക്ക് സന്തോഷ് പണ്ഡിറ്റ് പ്രവേശിച്ചത്. ഒരു വലിയ കയ്യടി കൊടുത്താൽ മാത്രമേ വേദിയിലെത്തൂ എന്നായിരുന്നു അവതാരിക വേദിയിലേക്കുള്ള സന്തോഷ് പണ്ഡിറ്റിന്റെ കടന്നുവരവിന് നൽകിയ മുഖവുര തന്നെ. ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായതിന്റെ ‘ത്രിൽ’ പങ്കുവച്ച് വേദിയിൽ സന്തോഷ് പണ്ഡിറ്റ് സംസാരിച്ചപ്പോഴും സദസ്സ് ഹർഷാരവത്തോടെ വരവേറ്റു.

ജോലി രാജിവച്ച്, വീടു വിറ്റ് സിനിമയെടുത്ത് മലയാള സിനിമയുടെ ഭാഗമായ തനിക്ക് ഇതുപോലൊരു വലിയ ചിത്രത്തിന്റെ ഭാഗമാകുക എന്നതു വലിയ ആഗ്രഹമായിരുന്നുവെന്നു സന്തോഷ് പണ്ഡിറ്റ് പറ‍ഞ്ഞു. ഇങ്ങനെയൊരു അവസരത്തിനായി 2037 വരെ കാത്തിരിക്കാനും ഒരു മടിയുമില്ലായിരുന്നു. അതുവരെ തന്റെ സ്വന്തം ചിത്രങ്ങളുമായി ക്ഷമയോടെ കാത്തിരിക്കുമായിരുന്നു. സ്വന്തം ചിത്രങ്ങളുടെ സെറ്റിലേക്ക് പലപ്പോഴും ഭക്ഷണ സാധനങ്ങൾ കൊണ്ടുപോയി പാകം ചെയ്തു കഴിച്ചിട്ടുണ്ട്. ഒരു ചിത്രത്തിന്റെ അഭിനേതാവ് മാത്രമാകുമ്പോള്‍ അതു ചെറിയ ജോലി മാത്രമാണ്. സിനിമയിലെത്തിയ ഇക്കാലയളവിനിടയിൽ ആശ്വാസത്തോടെ സെറ്റിലെത്തിയതും ഇപ്പോഴാണ്– സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ.

ദീപക് േദവ് ആണ് ചിത്രത്തിനു സംഗീതമൊരുക്കുന്നത്. അജയ് വാസുദേവ് സംവിധാനം നിർവ്വഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് മുഹമ്മദ് വടകരയാണ്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രമാണ് ’മാസ്റ്റർ പീസ്’.