കല്യാണ പാട്ടുപാടി ജാസി ഗിഫ്റ്റ്: മാസ് ലുക്കിൽ മമ്മൂട്ടിയും!

കല്യാണമെന്നാലേ മനസിലൊരു പൂക്കാലമാണ്. പ്രത്യേകിച്ച് കല്യാണത്തലേന്ന്. അതുകൊണ്ടു തന്നെ സിനിമകളിലെ കല്യാണ പാട്ടുകളോടും ഡാൻസുകളോടും നമുക്കൊരു പ്രത്യേക ഇഷ്ടമാണ്. അങ്ങനെയൊരു കല്യാണപ്പാട്ടാണ് മാസ്റ്റർ പീസ് എന്ന മമ്മൂട്ടി ചിത്രത്തിലുമുള്ളത്. മൊ‍ഞ്ചുള്ളൊരു മൈലാഞ്ചി കല്യാണപ്പാട്ട്. ജാസി ഗിഫ്റ്റിന്റെ ആലാപനവും മമ്മൂക്കയുടെ കടന്നുവരവും മണിക്കുട്ടനും അഞ്ജലിയും ചേർന്നു നയിക്കുന്ന നൃത്തവും ചേർന്ന പാട്ടിന് മാസ് ലുക്ക് ആണ്. ആഘോഷങ്ങളിൽ ഒപ്പം കൂട്ടാവുന്ന മികച്ച ഗാനം.

റഫീഖ് അഹമ്മദാണ് പാട്ട് എഴുതിയത്. പാടിയത് ജാസി ഗിഫ്റ്റും. പാട്ടിലെ ഡാൻസും ആ കല്യാണ വീട്ടിലേക്ക് നിഗൂഢ ഭാവത്തോടെ കടന്നുവന്നു മടങ്ങുന്ന മമ്മൂക്കയുടെയുമാണ് ഏറെ ആകർഷണീയം. ഇന്നലെ പുറത്തിറങ്ങിയ ഗാനത്തിന് ഇതിനോടകം രണ്ടര ലക്ഷം പ്രേക്ഷകരെ നേടാനായി. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ക്രിസ്മസിന് റിലീസിനൊരുങ്ങുന്ന ചിത്രം നിർ‌മ്മിച്ചത് സി.എച്ച്.മുഹമ്മദാണ്.