ആരോ ട്രോളിയതെന്നു കരുതി: ഓസ്കറിന്റെ ഭാഗമായതിനെ കുറിച്ച് ഗോപി സുന്ദർ

ങേ പുലിമുരുകൻ ഓസ്കറിലോ...ഏയ് ട്രോൾ വല്ലതും ആയിരിക്കും...രാവിലെ ഇങ്ങനെയൊരു വാർത്ത കേട്ടപ്പോൾ മിക്കവരും ആദ്യം മനസിൽ വിചാരിച്ചിരിക്കുക ഇങ്ങനെയായിരിക്കും. ഇതുതന്നെയാണ് സംഗീത സംവിധായകൻ ഗോപി സുന്ദറിനും തോന്നിയത്. 

ദൈവമേ എന്നു വിളിച്ചു പോയി...സത്യത്തിൽ അതാണ് ആദ്യം പറഞ്ഞത്. വിശ്വസിക്കാനായില്ല. കുറേ നേരം ആകെ ഷോക്ക് ആയി നിന്നു പോയി. അഞ്ച് പത്ത് മിനിറ്റ് എടുത്തു നോർമൽ ആകാൻ. കോമഡിയായിട്ടാണ് ആദ്യം തോന്നിയത്. ആരോ ട്രോളിയത് എന്നാണ് ഞാൻ കരുതിയത്. ഗോപി സുന്ദർ പറയുന്നു. ഓസ്കറിലെ നാമനിർദ്ദേശ പട്ടികയിൽ ഇടംനേടാനുള്ള മത്സരത്തിൽ പുലിമുരുകനും ഭാഗമായ വിവരം, ഓസ്കർ അക്കാദമി ഔദ്യോഗികമായി ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസിനെ വിവരം അറിയിച്ച് അവർ എനിക്ക് ആ സന്ദേശം തരുകയായിരുന്നു. വിശ്വസിക്കാനേ ആയില്ല. എനിക്കും ഈ ഓസ്കറൊക്കെ ടിവിയിൽ കണ്ടുള്ള പരിചയമേയുള്ളൂ. അന്തംവിട്ട് നോക്കിയിരുന്നിട്ടുണ്ട്. അത്രയും വലിയൊരു പുരസ്കാരത്തിന്റെ ചെറിയൊരു ഭാഗമാകുകയെന്നു പറയുമ്പോൾ ആകെ ഷോക്ക് ആകില്ലേ. എന്റെ അതേ അവസ്ഥ തന്നെയായിരുന്നു സംവിധായകൻ വൈശാഖിനും. 

ഇതൊരു വലിയ അംഗീകാരമാണ് എന്നെ സംബന്ധിച്ച്. വലിയ സന്തോഷമുള്ള കാര്യം. എന്താ പറയേണ്ടത് എന്നറിയില്ല. എല്ലാവരോടും സ്നേഹം മാത്രം. പ്രേക്ഷകരും എന്റെ മാതാപിതാക്കളും സുഹൃത്തുക്കളും ഗുരുനാഥൻ ഔസേപ്പച്ചൻ സാറും...എല്ലാവരേയും ഓർക്കുകയാണ് ഇപ്പോൾ. അവരുടെ സ്നേഹവും പിന്തുണയുമാണ് എല്ലാ ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങൾക്കും പിന്നിൽ. ഗോപി സുന്ദർ പറഞ്ഞു.

പാട്ടുകളുടെ പേരിൽ ഒരുപാട് വിമര്‍ശനങ്ങൾക്കും വിധേയമാകുന്നൊരാളിനെ തേടിയാണ് ഈ നേട്ടമെത്തിയത് എന്നോർമിപ്പിച്ചപ്പോൾ ഗോപി സുന്ദറിന് പറയാനുണ്ടായിരുന്നതും ഇതായിരുന്നു...

ഒരു പാട്ട് പുറത്തിറങ്ങുമ്പോൾ കുറേ പേർക്ക് അത് ഇഷ്ടമാകും. കുറേ പേർ വിമർശിക്കും. രക്ഷികർക്ക് ശിക്ഷിക്കാനും അവകാശമുണ്ട് എന്നല്ലേ. ഞാനും അതാണ് വിശ്വസിക്കുന്നത്. വിമർശനങ്ങളും ഇഷ്ടങ്ങളുമാണ് നമ്മെ വളർത്തുന്നത്. ഇനിയും അത് തുടരും. നല്ല പാട്ടുകൾ ചെയ്യണമെന്ന ആഗ്രഹത്തോടെ ഞാനും ഒപ്പമുണ്ടാകും. 

മോഹൻലാലിന്റെ ചിത്രം അതിൽ ദാസേട്ടനും ചിത്ര ചേച്ചിയും ചേർന്നു പാട്ടു പാടി. വാണിയമ്മയും ഒരു ഗാനം പാടി. ഈ രണ്ടു പാട്ടുകളുമാണ് നാമനിർദ്ദേശ പട്ടികയിൽ ഇടംനേടാനുള്ള മത്സരത്തിന്റെ ഭാഗമായത്. ഇവർ ഒന്നുചേർന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞുവെന്നതാണ് വലിയ സന്തോഷവും അനുഗ്രഹവും. ഗോപി സുന്ദർ പറഞ്ഞു. ഒറിജിനൽ സോങ്, ഒറിജിനല്‍ സ്കോർ എന്നീ വിഭാഗങ്ങളിലേക്കുള്ള ഓസ്കർ നോമിനേഷനിൽ ഇടംനേടാനുള്ള മത്സരത്തിലേക്കാണ് പുലിമുരുകൻ പാട്ടുകള്‍ യോഗ്യത നേടിയത്.